ബിജെപിയുടെ സമര പ്രഖ്യാപനം അഴിമതിക്കും ഭരണത്തിലെ പിടിപ്പുകേടിനുമെതിരെയായിരുന്നു. ബോഫോഴ്സ് കേസിനാസ്പദമായ സംഭവം പുറത്തുവന്നു. ‘മിസ്റ്റര്‍ ക്ലീന്‍’ ആയിരുന്ന രാജീവ് ഗാന്ധിയുടെ ഭരണത്തിലെ മാലിന്യങ്ങള്‍ ഓരോന്നായി പുറംലോകമറിഞ്ഞു.
രാജീവിനെ ഉറ്റ മിത്രങ്ങള്‍ കൈവടിഞ്ഞു. ബോഫോഴ്സ് അഴിമതി, ശ്രീലങ്കയില്‍ അന്താരാഷ്ട്ര നയങ്ങള്‍ക്ക് വിരുദ്ധമായി ഇടപെട്ടത്, ഷാബാനോ കേസില്‍ തകിടംമറിഞ്ഞ നിലപാടില്‍ സുപ്രീംകോടതി വിധിക്കെതിരെ നിയമം നിര്‍മിച്ചത്, ഇഷ്ടക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയത്, ഭരണം അമ്മയെപ്പോലെ ഏകാധിപത്യത്തിലെത്തുന്നതിന് മുമ്പ് സ്വേച്ഛാപരമാക്കിയത് തുടങ്ങി കുറ്റപത്രം സുദീര്‍ഘമായിരുന്നു.
ബോഫോഴ്സ് കേസ് ഗൗരവമായതോടെ ധനമന്ത്രിയായിരുന്ന വി.പി. സിങ് രാജിവെച്ചു. വിദേശനയങ്ങളിലുള്‍പ്പെടെ സഹായിയായിരുന്ന അരുണ്‍സിങ് പാര്‍ട്ടി വിട്ടു. ഷാബാനു കേസിലെ ഭരണഘടനാ ലംഘനത്തിന്റെ പേരില്‍ ഉറ്റസുഹൃത്തുകൂടിയായിരുന്ന ആരിഫ് മുഹമ്മദ് ഖാന് രാജിവച്ചു. രാജീവിന്റെ കോളജ്മേറ്റായിരുന്ന അമിതാഭ് ബച്ചന് പോലും രാജീവിനോട് അകലം പാലിച്ചു. ഈ കനത്ത പ്രതിസന്ധിഘട്ടത്തിലാണ് ദേശീയ രാഷ്ട്രീയത്തില്‍ മുന്നണി രാഷ്ട്രീയത്തിന്റെ മറ്റൊരു പരീക്ഷണം നടന്നത്.
1988 ആഗസ്തില്‍ ഏഴ് പാര്‍ട്ടികള്‍ ചേര്‍ന്ന് ദേശീയ മുന്നണി (നാഷണല്‍ ഫ്രണ്ട്, എന്‍എഫ്) രൂപീകരിച്ചു. അത് കോണ്‍ഗ്രസിന് എതിരെയായിരുന്നു. പക്ഷേ ബിജെപി ചേര്‍ന്നിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇല്ലായിരുന്നു. രാജീവിനെതിരെ രാജിവച്ചിറങ്ങിയ വി.പി.സിങ്ങിനായിരുന്നു നേതൃത്വം. എന്നാല്‍ തലമുതിര്‍ന്ന നേതാവ് എന്‍.ടി. രാമറാവുവിനെയാണ് മുന്നണിയുടെ അധ്യക്ഷനാക്കിയത്. വി.പി.സിങ് കണ്‍വീനറും. വി.പി. സിങ്ങിന്റെ വിശാല പദ്ധതി പക്ഷേ, മറ്റൊന്നായിരുന്നു. അത് തികച്ചും വ്യക്തിപരമായി സൂക്ഷിച്ച് നടപ്പാക്കാന്‍ അദ്ദേഹം അധ്വാനിച്ചു. അങ്ങനെ വി.പി. സിങ്, ജനതാദള്‍ എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി. 1988ല്‍ത്തന്നെ അതില്‍ വി.പി. സിങ്ങിന്റെ ജനമോര്‍ച്ച, ചന്ദ്രശേഖറിന്റെ ജനതാപാര്‍ട്ടി, ചരണ്‍സിങ്ങിന്റെ ലോക്ദളില്‍നിന്ന് തെറ്റിപ്പിരിഞ്ഞ ദേവീലാല്‍ പക്ഷവും അജിത് സിങ് പക്ഷവും ചേര്‍ന്ന് ലയിച്ചാണ് ജനതാദള്‍ ഉണ്ടായത്. അങ്ങനെ ദേശീയമുന്നണി, അതില്‍ ജനതാദള്‍ എന്ന ‘മുന്നണി’ എന്നിങ്ങനെ പുതിയ മുന്നണി രാഷ്ട്രീയ ശക്തിയായി ഉണ്ടായി.
തൊട്ടുപിന്നാലെ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി മുംബൈയില്‍ ചേര്‍ന്നു. 1989 ജൂണിലായിരുന്നു ആ നിര്‍ണായക യോഗം. മറ്റൊരു മുന്നണി രാഷ്ട്രീയ പ്രക്രിയയുടെ ഉശിരന്‍ ലോഞ്ചായിരുന്നു അത്. 1986ല്‍ ഹിമാചല്‍ പ്രദേശില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി സമാന ദര്‍ശനവും ആദര്‍ശവുമുള്ള മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. ശിവസേനയെ സഖ്യകക്ഷിയാക്കുന്നതിന് അംഗീകാരവും കൊടുത്തു. അങ്ങനെയാണ് ശിവസേനയുടെ ആസ്ഥാനമായ മഹാരാഷ്ട്രയില്‍, മുംബൈയില്‍ 1989 ജൂണില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹകസമിതിയെ അഭിസംബോധന ചെയ്യാന്‍ സാക്ഷാല്‍ ബാല്‍ താക്കറെ എത്തിയത്. ഒരു പുതിയ രാഷ്ട്രീയ ദേശീയ മുന്നണിക്ക് അത് തുടക്കം കുറിച്ചു. ഭാരതത്തിലെ എട്ടാമത്തെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി- ശിവസേന സഖ്യം മുംബൈയില്‍ മത്സരിച്ചു.
അതിനിടെ ജനതാദളിനും ദേശീയ മുന്നണിക്കും സംഭവിച്ച പരിണാമങ്ങളും വികാസവുംകൂടി പറയണം. ജനതാപാര്‍ട്ടിപ്പരീക്ഷണത്തിന്റെ ആവര്‍ത്തനമായിരുന്നു അത്. പഠിച്ചില്ല അനുഭവങ്ങളില്‍നിന്നുപോലും എന്ന് വരുന്നത് എത്ര ദയനീയമാണ്!
ജനതാപാര്‍ട്ടിയില്‍ ജനസംഘം ഉണ്ടായിരുന്നത് മധുലിമയെയെപ്പോലെ ചിലര്‍ക്ക് രസിച്ചിരുന്നില്ലല്ലോ. ഇവിടെ മധുലിമയെയുടെ സ്ഥാനത്ത് വി.പി. സിങ്ങായിരുന്നു. ബിജെപി വര്‍ഗീയ കക്ഷിയാണെന്നും അതിനാല്‍ അവരുമായി ഒരു സഖ്യത്തിനും തയ്യാറല്ല എന്നും സിങ് പ്രസ്താവിച്ചു. കോണ്‍ഗ്രസിന്റെ ഭരണം നീക്കാന്‍ ബിജെപിയെ ഒഴിവാക്കിയൊരു രാഷ്ട്രീയ മുന്നണിയോ പരിശ്രമമോ തീര്‍ത്തും അസാധ്യമാണെന്നറിയാത്തതല്ല സിങ്ങിന്. പക്ഷേ, സ്വയം പ്രധാനമന്ത്രിയെന്ന സങ്കല്‍പ്പത്തില്‍ അവരോധിതനായിക്കഴിഞ്ഞിരുന്നു വി.പി. സിങ്. അപ്പോള്‍ ബിജെപിയെപ്പോലൊരു പാര്‍ട്ടിയെ ഒപ്പം ചേര്‍ത്താല്‍ വാജ്പേയി, അദ്വാനി തുടങ്ങിയ ശക്തരെ ഒഴിവാക്കി പ്രധാനമന്ത്രി സ്ഥാനത്തെത്തുക എളുപ്പമായിരിക്കില്ല എന്ന ശങ്കയായിരുന്നു സിങ്ങിന്റെ നീക്കത്തിനു പിന്നില്‍. എന്നാല്‍ ജനതാദളിലെത്തന്നെ ചിലര്‍ ബിജെപിയുമായി ഒരു സഖ്യസാധ്യത ശ്രമിക്കാതിരുന്നില്ല. ബിജെപി അതിന് അന്ന് തയാറുമായിരുന്നു. കാരണം കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയായിരുന്നു ബിജെപി ലക്ഷ്യം. ആ ലക്ഷ്യം പൊതുലക്ഷ്യമാക്കണമായിരുന്നു. കോണ്‍ഗ്രസ് ഇതര പ്രതിപക്ഷകക്ഷികള്‍, കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെ അന്ന് ഒന്നിക്കണമായിരുന്നു. പക്ഷേ വി.പി. സിങ്ങിന്റെ എതിര്‍പ്പ് സഖ്യത്തിന് താല്‍പ്പര്യം കാണിച്ച ജനതാദള്‍ നേതാക്കളെയും പിന്തിരിപ്പിച്ചു. ജനതാദള്‍ ആ പരിശ്രമത്തില്‍ നിന്ന് പിന്മാറി. ആ ചര്‍ച്ചകള്‍ പ്രതീക്ഷകളായിരിക്കെ, അത് അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ ബിജെപിയുടെ ഒരു യോഗത്തില്‍, അന്ന് പാര്‍ട്ടി അധ്യക്ഷനായിരുന്ന എല്‍.കെ. അദ്വാനി നടത്തിയ പ്രസംഗം രാഷ്ട്രീയത്തിലെ സാധ്യതകളുടെയല്ല, സംഭവിക്കാന്‍ പോകുന്നതിന്റെ പ്രവചനമായിരുന്നു. പ്രസംഗത്തിനൊടുവില്‍ വീരസവര്‍ക്കറുടെ വാക്കുകള്‍ അദ്വാനി ഉദ്ധരിച്ചു. ”അവര്‍ വന്നാല്‍ അവര്‍ക്കൊപ്പം, അവരില്ലെങ്കില്‍ നമ്മള് ഒറ്റയ്ക്ക്, അവര്‍ എതിര്‍ക്കാന്‍ വന്നാല്‍ അവരെ തട്ടിയകറ്റിക്കൊണ്ട്”, ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രഖ്യാപിച്ചു. ചരിത്രപരമായ വിജയത്തിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പിലെ ആദ്യ കുതിപ്പായിരുന്നു അത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: