ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി മുദ്രാവാക്യം വിളിക്കുന്നവരെ തല്ലണമെന്ന് കര്‍ണാടക സാംസ്കാരിക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് തംഗദഗി. കൊപ്പാല്‍ ജില്ലയില്‍ കോണ്‍ഗ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും മോദി, മോദി എന്നു വിളിക്കുന്ന വിദ്യാര്‍ത്ഥികളെയും യുവാക്കളേയും തല്ലണം, അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായതോടെ തരംതാണ നിലയിലേക്കു പോകുകയാണ് കോണ്‍ഗ്രസെന്ന് ബിജെപി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി വിമര്‍ശിച്ചു. കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ കണ്‍വീനര്‍ അമിത് മാളവ്യയും രംഗത്തെത്തി.
രാജ്യത്തെ യുവജനങ്ങള്‍ രാഹുലിനെ തള്ളി കളഞ്ഞതിലുള്ള അമര്‍ഷമാണ് കര്‍ണാടക സാംസ്കാരിക മന്ത്രിയിലൂടെ പുറത്തുവരുന്നതെന്ന് അമിത് മാളവ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ നയിക്കണമെന്നാണ് യുവാക്കള്‍ ആഗ്രഹിക്കുന്നത്. അതില്‍ കോണ്‍ഗ്രസ് കലി തുള്ളുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ യുവത്വം രാഹുല്‍ ഗാന്ധിയെ ആവര്‍ത്തിച്ച് തള്ളിക്കളഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി മോദി തന്നെ രാജ്യത്തെ നയിക്കണമെന്നാണ് അവരുടെ ആവശ്യം. അതുകൊണ്ട് കോണ്‍ഗ്രസ് അവരെ ആക്രമിക്കുമോ? ഇത് ലജ്ജാകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളെ തോല്പിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയും നിലനിന്നിട്ടില്ലെന്ന് കര്‍ണാടക മന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.
സംഭവത്തില്‍ ശിവരാജിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പെരുമാറ്റച്ചട്ട ലംഘനമാണു മന്ത്രി നടത്തിയതെന്നും പ്രചാരണത്തില്‍നിന്ന് മന്ത്രിയെ തടയണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: