ന്യൂദല്‍ഹി: ഇന്ത്യന്‍ രൂപയുടെ വിലയിടിയുന്നു എന്ന ആശങ്ക ചിലര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ഇത് താല്‍ക്കാലികം മാത്രമാണെന്ന് വിദഗ്ധര്‍. വിപണിയില്‍ ഡോളര്‍ ശക്തിപ്പെട്ടതോടെ ഇന്ത്യന്‍ രൂപ ഡോളറിന് 83.31 രൂപ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 83.52 വരെ ഡോളറിനെതിരെ രൂപ താഴ്ന്നിരുന്നു. ഡോളര്‍ അസാധാരണമാം വിധം ശക്തിപ്പെടുന്നതും അസംസ്കൃത എണ്ണവിലയും പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍ ഇതില്‍ ആശങ്കപ്പെടാനില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. കാരണം റിസര്‍വ്വ് ബാങ്കിന്റെ പക്കല്‍ കനത്ത വിദേശനാണ്യ ശേഖരം ഉള്ളതിനാല്‍ ഏത് സമയത്തും ഇന്ത്യന്‍ രൂപയില്‍ ആശങ്കാജനകമായ തോതില്‍ മൂല്യശോഷണം സംഭവിച്ചാല്‍ ആര്‍ബിഐയ്‌ക്ക് അതിനെ തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്ന് കരുതുന്നു. മാത്രമല്ല, ഇന്ത്യയുടെ സര്‍ക്കാര്‍ ബോണ്ടുകള്‍ വിദേശ ബോണ്ടുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പോകുന്നതോടെ വന്‍തോതില്‍ വിദേശനാണ്യ ഇന്ത്യയിലേക്ക് ഒഴുകിവരാന്‍ പോവുകയാണ്. ഇതും ഇന്ത്യന്‍ രൂപയെ വരും നാളുകളില്‍ ശക്തിപ്പെടുത്തും.
യൂറോയും പൗണ്ടും ദുര്‍ബലമായതും ഡോളറിനെ ശക്തിപ്പെടുത്തി
കഴിഞ്ഞ മാസങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ കറന്‍സിയായ യൂറോയും ബ്രിട്ടനിലെ പൗണ്ടും ദുര്‍ബലമായതും ഡോളറിനെ ശക്തിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം സ്വിസ് നാഷണല്‍ ബാങ്ക് (എസ് എന്‍ബി) പലിശ നിരക്ക് 25 പോയിന്‍റ് കുറച്ചത് യുറോയെ കൂടുതല്‍ ദുര‍്ബലമാക്കി. ഇതോടെ 2024 ജൂണില്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും പലിശ നിരക്ക് കുറയ്‌ക്കുമെന്ന സ്ഥിതി സംജാതമായിരിക്കുകയാണ്. അതേ സമയം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയത് പൗണ്ടിനെയും ദുര്‍ബലമാക്കി. മികച്ച സാമ്പത്തിക സൂചികകളാണ് യുഎസ് ഡോളറിനെ ശക്തിപ്പെടുത്തുന്നതില്‍ ഒരു ഘടകം.
ഡോളര്‍ യൂറോയ്‌ക്കെതിരെയും ശക്തിപ്പെടുന്നു
യുഎസ് ഡോളര്‍ യൂറോയ്‌ക്കെതിരെ ശക്തിപ്പെടുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. യൂറോയെ അപേക്ഷിച്ച് കഴിഞ്ഞ മാസങ്ങളില്‍ ഡോളറിന്റെ മൂല്യം 2.68 ശതമാനം ഉയര്‍ന്നത് യൂറോപ്യന്‍ രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നു. ലോകത്തിലെ നിക്ഷേപവും പണമിടപാടും കൂടുതലായി ഡോളറിലേക്ക് മാറുന്നതാണ് ഡോളര്‍ അസാധാരണമായ രീതിയില്‍ ശക്തിപ്പെടാന്‍ കാരണമെന്നും പറയുന്നു. 2024തുടക്കം മുതലെ ഡോളര്‍ സുസ്ഥിരവും ശക്തവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: