പത്തനംതിട്ട: കരകൗശല മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പിഎം വിശ്വകര്‍മ യോജന. ഭാരതത്തിന്റെ തനത് കരകൗശല സംസ്കാരവും പാരമ്പര്യവും നിലനിര്‍ത്താന്‍, അസംഘടിത കരകൗശല തൊഴിലാളികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയാണ് പ്രധാനമന്ത്രി വിശ്വകര്‍മ്മ കൗശല്‍ അഥവാ പിഎം വിശ്വകര്‍മ്മ യോജനയിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി 2023 ആഗസ്തിലെ വിശ്വകര്‍മ ദിനത്തിലാണ് പദ്ധതി രാജ്യത്തിന്സമര്പ്പിച്ചത്. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കോമണ്‍ സര്‍വീസ് സെന്റര്‍ (സിഎസ്സി) മുഖാന്തരമാണ് അപേക്ഷിക്കേണ്ടത്. പരമ്പരാഗതമായി കരകൗശല ജോലി ചെയ്യുന്ന 18 വിഭാഗങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മരപ്പണി, ബോട്ട് നിര്‍മാണം, സ്വര്‍ണപ്പണി, കലം നിര്‍മാണം, കൊത്തുപണി, പാദരക്ഷ നിര്‍മാണം, മേസ്തിരിപ്പണി, നെയ്ത്ത്, പരമ്പരാഗത കളിപ്പാട്ട നിര്‍മാണം, തയ്യല്‍, ചുറ്റിക അടക്കമുള്ള പണിയായുധ നിര്‍മാണം, വല നിര്‍മാണം, കൊട്ട, വട്ടി, മുറം, പനമ്പ് നിര്‍മാണം, അലക്ക്, ബാര്‍ബര്‍, മാല നിര്‍മാണം, താഴ് നിര്‍മാണം തുടങ്ങിയവയാണ് ഈ 18 വിഭാഗങ്ങള്‍.
പതിനെട്ടു വയസ് തികഞ്ഞവര്‍ക്ക് പദ്ധതിയില്‍ ചേരാം. എംഎസ്എംഇ- ബാങ്ക്- വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ജില്ലാ നിര്‍വഹണ സമിതിയാണ് അപേക്ഷ പരിഗണിക്കുക. രജിസ്ട്രേഷന് പൂര്‍ത്തിയായവര്‍ക്ക് അംഗത്വ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും ലഭിക്കും. തൊഴില്‍ മേഖലയിലെ നൈപുണ്യ വിലയിരുത്തലിനു ശേഷം ബന്ധപ്പെട്ട പണിയായുധങ്ങള്‍ വാങ്ങാന്‍ 15,000 രൂപ സൗജന്യമായി ലഭിക്കും. തുടര്‍ന്ന് അടിസ്ഥാന പരിശീലന ക്ലാസില്‍ പങ്കെടുക്കുമ്പോള്‍ പ്രതിദിനം 500 രൂപ വീതം കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം കിട്ടും.
പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് തെരഞ്ഞെടുത്ത തൊഴില്‍ മേഖല തുടങ്ങുവാനോ വിപുലീകരിക്കാനോ ഒരു ലക്ഷം രൂപ ആദ്യ ഗഡുവായും അത് യഥാസമയം തിരിച്ചടയ്ക്കുമ്പോള്‍ രണ്ടാം ഗഡുവായി രണ്ട് ലക്ഷം രൂപയും ഈടില്ലാതെ വായ്പ ലഭിക്കും. അഞ്ച് ശതമാനമാണ് പലിശ. ഡിജിറ്റല്‍, യുപിഐ ആപ്ലിക്കേഷന്‍ മുഖാന്തിരമാണ് തിരിച്ചടവെങ്കില്‍ മാസാമാസം ഇന്‍സെന്റീവും ലഭിക്കും.
കരകൗശല വിദഗ്ധര്‍ക്ക് പിന്തുണ നല്കി പരമ്പരാഗത ഭാരതീയ കരകൗശല നിര്‍മിതികളുടെ വൈവിധ്യമാര്‍ന്ന പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തൊഴില്‍ മേഖല മെച്ചപ്പെടുത്തി മൂല്യവര്‍ധിത ശൃംഖലയിലേക്ക് സമന്വയിപ്പിക്കാനും സ്വയംപര്യാപ്തയിലേക്ക് ഇവരെ എത്തിക്കാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പരമ്പരാഗത മേഖലയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 13,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി വകയിരുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: