ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മൂന്നാഴ്ച മാത്രം അവശേഷിക്കേ രാജ്യത്തെ തെരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ തെളിയുന്നു. നാനൂറിലധികം സീറ്റുകളുറപ്പിച്ച് തുടര്‍ച്ചയായ മൂന്നാമൂഴത്തിലേക്ക് അതിവേഗത്തില്‍ മുന്നേറുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ രാജ്യത്തെ 140 കോടി ജനങ്ങളും നെഞ്ചേറ്റുമ്പോള്‍ ഈ മുന്നേറ്റം സ്വാഭാവികം മാത്രമാണ്. എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ കക്ഷി രാഷ്‌ട്രീയ, ജാതി-മത വ്യത്യാസമില്ലാതെ പ്രധാനമന്ത്രി മോദിയുടെ നേതൃപാടവത്തെ അംഗീകരിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തുണ്ടായ വികസന കുതിപ്പും ആഗോളതലത്തില്‍ ലഭിച്ച അംഗീകാരങ്ങളും ഏവരിലും മോദിയുടെ നേതൃത്വത്തേപ്പറ്റി മതിപ്പുണ്ടാക്കിക്കഴിഞ്ഞു. 2014ലും 2019ലും മോദിയെ എതിര്‍ത്തുനിന്നവര്‍ വരെ ഇന്ന് മോദി ഫാനായി മാറിക്കഴിഞ്ഞു. രാഷ്‌ട്രീയമായി ബിജെപിക്ക് പലപ്പോഴും വിജയങ്ങള്‍ നേടാന്‍ സാധിക്കാത്ത സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും വരെ മോദി ഗ്യാരന്റിയുടെ അലകളെത്തിക്കഴിഞ്ഞു. മോദിക്ക് വോട്ട് നല്‍കാന്‍ തെക്കേന്ത്യയിലും ജനം തയ്യാറാണെന്ന് വ്യക്തമാക്കുന്ന വിവിധ സര്‍വ്വേ ഫലങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇത്തവണ കേരളത്തിലും മോദി മാജിക് ദൃശ്യമാകുമെന്ന് ഉറപ്പിക്കാന്‍ സംസ്ഥാനത്തെ രാഷ്‌ട്രീയ അന്തരീക്ഷം നിരീക്ഷിച്ചാല്‍ മതിയാകും. നമുക്ക് ഇങ്ങനെയൊക്കെ മതിയോ എന്ന ചോദ്യം മലയാളികളില്‍ നിന്നുയരുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചകളിലും മറ്റും ഇതു വ്യക്തവുമാണ്. സങ്കുചിത മത-രാഷ്‌ട്രീയ ചിന്തകളില്‍ നിന്ന് പലരും പുറത്തുവന്നു കഴിഞ്ഞു. അന്ധമായി ബിജെപിയെ എതിര്‍ക്കുന്നത് സ്വയം അപഹാസ്യരാകുന്നതിന് തുല്യമാണെന്ന് തിരിച്ചറിയുന്നവര്‍ രാജ്യത്തുണ്ടായ മാറ്റത്തെ അടുത്തു നിന്ന് കാണാന്‍ തയ്യാറാവുന്നു.
കേന്ദ്രത്തില്‍ ബിജെപിയുടെ ഭരണത്തുടര്‍ച്ച എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ കക്ഷി രാഷ്‌ട്രീയ ഭേദമന്യേ മലയാളി വോട്ടര്‍മാര്‍ തയ്യാറായി എന്നതാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനെ വേറിട്ടു നിര്‍ത്തുന്നത്. 2019ല്‍ മലയാള മാധ്യമങ്ങള്‍ രാഹുല്‍ഗാന്ധിക്ക് വേണ്ടി സൃഷ്ടിച്ചുവിട്ട നുണകളുടെ കൊട്ടാരം ഇന്നില്ല. വയനാട്ടില്‍ നിന്ന് വിജയിച്ച് രാഹുല്‍ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തുന്ന സ്വപ്നം മലയാള മാധ്യമങ്ങള്‍ വോട്ടര്‍മാര്‍ക്ക് പകര്‍ന്നപ്പോള്‍ കോണ്‍ഗ്രസിന് ഏറ്റവുമധികം എംപിമാരെ സമ്മാനിച്ച സംസ്ഥാനമായി കേരളം മാറി. പ്രിയങ്കാഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും സോണിയാഗാന്ധിയേയും കാണാന്‍ ലക്ഷക്കണക്കിന് പേര്‍ വടക്കേന്ത്യയിലെ തെരഞ്ഞെടുപ്പ് റാലികളില്‍ തടിച്ചുകൂടുന്നുവെന്നും കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നും മലയാള മാധ്യമങ്ങള്‍ ഉറപ്പിച്ച് പറഞ്ഞപ്പോള്‍ വിശ്വസിച്ചു പോയ വോട്ടര്‍മാര്‍ക്ക് ഇപ്പോള്‍ അത്തരം അബദ്ധ വിശ്വാസങ്ങളില്ല. അമേഠിയില്‍ പരാജയമുറപ്പിച്ച രാഹുല്‍ഗാന്ധി എംപിയാവാന്‍ വേണ്ടി സുരക്ഷിത മണ്ഡലമെന്ന നിലയിലാണ് വയനാട്ടിലേക്ക് എത്തിയതെന്നും ദക്ഷിണേന്ത്യയില്‍ നിന്ന് വിജയിച്ച് പ്രധാനമന്ത്രി ആവുകയല്ലായിരുന്നു രാഹുലിന്റെ പദ്ധതിയെന്നും മലയാളിക്കിന്നറിയാം. സ്വന്തം മണ്ഡലത്തെ അവഗണിച്ചതാണ് അമേഠിയിലെ രാഹുലിന്റെ പരാജയത്തിന് കാരണമായതെന്ന് ചുരുങ്ങിയ പക്ഷം വയനാട്ടുകാര്‍ക്കെങ്കിലും ഇത്തവണ മനസ്സിലാവും. വയനാടിന്റെ ജനകീയ വിഷയങ്ങളില്‍ നിന്നും വിട്ടുനിന്ന രാഹുല്‍ഗാന്ധി രണ്ടാമൂഴം തേടി വീണ്ടും മണ്ഡലത്തിലേക്കെത്തുമ്പോള്‍ തെറ്റു തിരുത്താനുള്ള അവസരമാണ് വയനാട്ടുകാര്‍ക്ക് ലഭിക്കുന്നത്.
2019ലെ കള്ളപ്രചാരണം ആവര്‍ത്തിക്കാന്‍ മലയാള മാധ്യമങ്ങള്‍ ഇത്തവണ തയ്യാറാവുന്നില്ല എന്നതും ശ്രദ്ധേയമാണ്. മോദിയുടെ മൂന്നാമൂഴം ഉറപ്പാണെന്ന് മലയാള മാധ്യമങ്ങളും വിധിയെഴുതിക്കഴിഞ്ഞു. പ്രതിപക്ഷത്തിരുന്ന് ബഹളമുണ്ടാക്കിയും കൂക്കിവിളിച്ചും കടലാസുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചും അഞ്ചുവര്‍ഷം കളഞ്ഞ മലയാളി എംപിമാരെ തന്നെ വീണ്ടും ദല്‍ഹിയിലേക്ക് വിജയിപ്പിച്ചു വിടണമോ എന്ന ചോദ്യം ഓരോ മലയാളിയും സ്വയം ചോദിക്കുന്ന സമയമാണിത്. പ്രതിവര്‍ഷം ലഭിക്കുന്ന അഞ്ചുകോടി രൂപയുടെ എംപിലാഡ് ഫണ്ട് മാത്രമുള്ള എംപിമാര്‍ ഓരോ ലോക്സഭാ മണ്ഡലത്തിലും തങ്ങള്‍ നടത്തിയെന്നവകാശപ്പെടുന്ന ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികളുടെ ഫ്ളക്സ് ബോര്‍ഡുകളുമായി രംഗത്തെത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളാണ് ഇവയൊക്കെയെന്ന് മലയാളി വോട്ടര്‍മാര്‍ തിരിച്ചറിയുന്നുണ്ട്. കോടികളുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി തുടര്‍ച്ചയായി കേരളത്തിലേക്കെത്തുന്ന പ്രധാനമന്ത്രിക്ക് സംസ്ഥാനത്തോടുള്ള ഇഷ്ടം വ്യക്തമാണ്.
വിവിധ മാധ്യമ ഗ്രൂപ്പുകളും പി. ആര്‍ ഏജന്‍സികളും പോള്‍ ഏജന്‍സികളും നടത്തിയ അഭിപ്രായ സര്‍വ്വേകളിലെല്ലാം ബിജെപിക്ക് അനുകൂലമായ വലിയ തരംഗമാണ് രാജ്യത്തെന്ന് വിധിയെഴുതുന്നു. പ്രതിപക്ഷ സഖ്യമായ ഇന്‍ഡി മുന്നണി കൂടുതല്‍ ദയനീയമായ അവസ്ഥയിലേക്ക് പോകുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എഐഎഡിഎംകെ, ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ അവസ്ഥ പരിതാപകരമാകുമെന്നും അഭിപ്രായ സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. 543 അംഗ ലോക്സഭയില്‍ 411 സീറ്റുകള്‍ വരെ എന്‍ഡിഎയ്‌ക്ക് ലഭിക്കുമെന്നാണ് ന്യൂസ് 18 നടത്തിയ അഭിപ്രായ സര്‍വ്വേയുടെ ഫലം. ബിജെപി 350 സീറ്റുകള്‍ക്ക് മുകളിലേക്ക് പോകുമെന്നും സര്‍വ്വേ പറയുന്നു. 518 ലോക്സഭാ മണ്ഡലങ്ങളിലെ ഒരു ലക്ഷത്തിലധികം വോട്ടര്‍മാരില്‍ നിന്നെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവരുടെ സര്‍വ്വേ ഫലം. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് 49 സീറ്റുകളിലൊതുങ്ങും. ഇന്ത്യ ടിവി-സിഎന്‍എക്സ് സര്‍വ്വേയില്‍ ബിജെപിക്ക് 335 സീറ്റുകളും കോണ്‍ഗ്രസിന് 37 സീറ്റുകളുമാണ് പ്രവചിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിലെ ബിജെപിയുടെ വലിയ മുന്നേറ്റം പ്രവചിക്കുന്ന എബിപിന്യൂസ്-സി വോട്ടര്‍ സര്‍വ്വേ യുപിയില്‍ 80ല്‍ 74 സീറ്റുകള്‍ ബിജെപിക്കെന്ന് പറയുന്നു. ലോക്സഭയില്‍ അമ്പതു സീറ്റുകള്‍ പോലും കോണ്‍ഗ്രസിന് ലഭിക്കില്ലെന്ന് വ്യക്തമായ സ്ഥിതിയില്‍ ഇന്‍ഡി മുന്നണിയുടെ പ്രസക്തിയും വോട്ടെടുപ്പിന് മുമ്പ് തന്നെ ഇല്ലാതായിക്കഴിഞ്ഞു. അഴിമതിക്കാരനായ അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസ് നേതൃത്വം രാഷ്‌ട്രീയ സഖ്യത്തിന് വേണ്ടി കേജ്‌രിവാളിനെ പിന്തുണച്ച് രംഗത്തെത്തുകയാണ്. നിലപാടില്ലായ്മയും അഴിമതിയും കോണ്‍ഗ്രസിനെ ജനങ്ങളില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെടുത്തുന്നു. കേരളത്തിലടക്കം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി ലഭിക്കാനുള്ള കാരണവും ഇതുതന്നെ.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമെങ്കില്‍ അതിലേറെ ദയനീയമാണ് സിപിഎമ്മിന്റെ സ്ഥിതി. ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുമെന്ന ഭയം സിപിഎം നേതാക്കള്‍ക്കെല്ലാമുണ്ട്. അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് പകരം ഈനാംപേച്ചി ചിഹ്നത്തില്‍ വോട്ട് ചെയ്യേണ്ടിവരുമെന്ന കേരളത്തിലെ സിപിഎം നേതാവിന്റെ ഭയം അതിലേറെ ഗൗരവത്തില്‍ സിപിഎം ദേശീയ നേതാക്കളിലുണ്ട്. ലോക്സഭയില്‍ സിപിഎമ്മിന് ആകെയുള്ള മൂന്ന് എംപിമാരാണ്. കേരളത്തില്‍ നിന്ന് ഒരാളും തമിഴ്നാട്ടില്‍ ഡിഎംകെയുടെ ദയയില്‍ വിജയിച്ച രണ്ട് പേരും. ദേശീയ പാര്‍ട്ടി സ്ഥാനം നിലനിര്‍ത്താന്‍ മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി 11 എംപിമാരെ വിജയിപ്പിച്ചെടുക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ നാലു സംസ്ഥാനങ്ങളില്‍ ആറുശതമാനം വോട്ടോടെ സംസ്ഥാന പാര്‍ട്ടി സ്ഥാനം വേണം. നിലവില്‍ കേരളത്തിലും ബംഗാളിലും ത്രിപുരയിലും സംസ്ഥാന പാര്‍ട്ടി സ്ഥാനമുണ്ട്. ബംഗാളിലും ത്രിപുരയിലും ആ സ്ഥാനം ഏതു നിമിഷവും നഷ്ടമാകാം. പരമാവധി പേരെ ലോക്സഭയിലേക്ക് വിജയിപ്പിക്കാന്‍ ലക്ഷ്യമിടുന്ന സിപിഎം പൊന്നാനിയിലെയും ഇടുക്കിയിലെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നം നല്‍കുന്ന തമാശയും ഇത്തവണ കാണാനായി. നിലനില്‍പ്പിന് വേണ്ടിയുള്ള അവസാന പോരാട്ടത്തിനിറങ്ങുന്ന സിപിഎം ജാതി-മത കാര്‍ഡുകള്‍ അടക്കം യാതൊരു നാണവുമില്ലാതെ കേരളത്തില്‍ ഉപയോഗിക്കുന്നുണ്ട്. രണ്ടുകൂട്ടരുടേയും പതിവില്ലാത്ത വിധമുള്ള വെപ്രാളം മലയാളി വോട്ടര്‍മാര്‍ നേരില്‍ കാണുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ഇടത്-വലതു മുന്നണികള്‍ക്കപ്പുറം സംസ്ഥാനത്തിന്റെ വികസന മുരടിപ്പ് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ കൂടിയേ തീരൂ എന്ന് സംസ്ഥാനത്തെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. സ്വന്തമായി യാതൊരുവിധ വരുമാന മാര്‍ഗ്ഗങ്ങളുമില്ലാതെ, കടമെടുത്ത് മുടിയുന്ന സംസ്ഥാനമായി എത്രകാലം കേരളത്തിന് നിലനില്‍ക്കാനാവും എന്ന് ഓരോരുത്തരും സ്വയം ചോദിക്കുന്നു. ഖജനാവില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പളം മുടങ്ങിയ മാര്‍ച്ച് ആദ്യവാരം കേരളം അനുഭവിച്ച ഭയനകമായ നിശബ്ദത ഓരോ വോട്ടര്‍മാരുടേയും മനസ്സിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: