ചെന്നൈ: സനാതന ധര്‍മ്മത്തെ ഇത്രയധികം ആരാധിച്ചിരുന്ന എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം സനാതനത്തെ തള്ളിപ്പറയുന്ന ടി.എം.കൃഷ്ണ എന്ന സംഗീതജ്ഞന് തന്നെ നല്‍കണോ എന്ന് സോഹോ കമ്പനിയുടെ സിഇഒയും സംഗീതാസ്വാദകനുമായ ശ്രീധര്‍ വെമ്പു. ടി.എം. കൃഷ്ണയ്ക്ക് മദ്രാസ് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ദിവസം ചിത്രവീണ വാദകന്‍ രവികിരണ്‍ തന്റെ സംഗീത കലാനിധി പുരസ്കാരം തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പുരസ്കാരം കൃഷ്ണയ്ക്ക് നല്കുന്ന ഡിസംബര്‍ 25ന്റെ ചടങ്ങില്‍ പരിപാടി അവതരിപ്പിക്കില്ലെന്ന് കര്‍ണ്ണാടക സംഗീതക്കച്ചേരിയില്‍ വിദുഷിമാരായ രഞ്ജിനി-ഗായത്രി സഹോദരിമാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ട്രിച്ചൂര് ബ്രദേഴ്സും ടി.എം. കൃഷ്ണയ്ക്ക് സംഗീതകലാനിധി പുരസ്കാരം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. പൊതുവേ ശുദ്ധസംഗീതത്തിന് വേണ്ടി നിലകൊള്ളുന്ന മ്യൂസിക് അക്കാദമി സംഗീത കലാനിധി പുരസ്കാരം ഇടത് രാഷ്ട്രീയം പറയുന്ന, സനാതനമൂല്യങ്ങളെ കഠിനമായി വിമര്‍ശിക്കുന്ന ഒരു സംഗീതകാരന് നല്‍കിയത് കര്‍ണ്ണാടകസംഗീതരംഗത്തെ ഭൂരിഭാഗം സംഗീതജ്ഞരും മനസ്സാല്‍ എതിര്‍ക്കുന്നവരാണ്.
ഇതിന് പ്രധാനകാരണം ടി.എം. കൃഷ്ണ എന്ന സംഗീതജ്ഞന്റെ അരാജകത്വം നിറഞ്ഞ നിലപാടുകളാണ്. സനാതനധര്‍മ്മം അനാവശ്യമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചിട്ടുള്ള സംഗീതജ്ഞനാണ് ടി.എം. കൃഷ്ണ. മദ്രാസ് മ്യൂസിക് അക്കാദമിയുടെ ഇപ്പോഴത്തെ അധ്യക്ഷന്‍ ഹിന്ദു ദിനപത്രത്തിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായ എന്‍. മുരളിയാണ്. പൊതുവേ ഇടത് രാഷ്ട്രീയചായ് വ് പുലര്‍ത്തുന്ന ഹിന്ദു ദിനപത്രം മോദി വിരുദ്ധ, ബിജെപി വിരുദ്ധ ദിനപത്രമാണ്. എന്‍.മുരളിയാണ് കഴിഞ്ഞ ദിവസം ടി.എം. കൃഷ്ണയ്ക്ക് സംഗീതകലാനിധി പുരസ്കാരം പ്രഖ്യാപിച്ചത് എന്നതിന് പിന്നിലും രാഷ്ട്രീയമുണ്ടെന്ന് വിശ്വസിക്കുന്നു.
ടി.എം. കൃഷ്ണയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും എംപി കനിമൊഴിയും ടി.എം. കൃഷ്ണയെ പിന്തുണച്ച് രംഗത്ത് വന്നതോടെ പ്രശ്നം കൂറെക്കൂടി രൂക്ഷമായിരിക്കുകയാണ്. കാരണം പൊതുവേ ഡിഎംകെ പോലുള്ള ദ്രാവിഡ പാര്‍ട്ടികള്‍ക്ക് വലിയ സ്വാധീനമോ അടുപ്പമോ ഇല്ലാത്ത മേഖലയാണ് കര്‍ണ്ണാടകസംഗീതലോകം. ആ മേഖലയിലെ പല കലാകാരന്മാര്ക്കും ദ്രാവിഡ പാര്‍ട്ടികളില്‍ നിന്നും കയ്പേറിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതോടെ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ രഞ്ജിനി-ഗായത്രി സഹോദരിമാരെ പിന്തുണച്ച് രംഗത്തെത്തിയതോടെ വിവാദം വലിയ രാഷ്ട്രീയ മാനങ്ങളിലേക്ക് വളരുകയാണ്. നരേന്ദ്രമോദിയെ ഉന്മൂലനം ചെയ്യണം എന്ന് വരെ പ്രഖ്യാപിച്ചിട്ടുള്ള അത്രയ്ക്കധികം ഇടത് രാഷ്ട്രീയ ചേരിയില്‍ നില്ക്കുന്ന സംഗീതജ്ഞന് കൂടിയാണ് ടി.എം. കൃഷ്ണ. ശുദ്ധമായ കര്‍ണ്ണാടക സംഗീതത്തെ രാഷ്ട്രീയം കലര്‍ത്തി കലുഷിതമാക്കാനുള്ള ടി.എം. കൃഷ്ണയുടെ ശ്രമത്തെ പലപ്പോഴും ശുദ്ധസംഗീതത്തെ ഇഷ്ടപ്പെടുന്ന കര്‍ണ്ണാടകസംഗീതരംഗത്തെ കലാകാരന്മാര് എന്നും എതിര്‍ത്തുപോന്നിരുന്നു.
രാഷ്ട്രീയം മൂത്ത് ഭരണഘടനയുടെ ആമുഖം പോലും കച്ചേരി രൂപത്തില്‍ ഈയിടെ പിണറായി വിജയന്റെ നാടായ ധര്‍മ്മടത്ത് ടി.എം. കൃഷ്ണ അവതരിപ്പിച്ചു എന്നത് എത്രമാത്രം ഇദ്ദേഹം ഇടത് രാഷ്ട്രീയത്തിന്റെ വക്താവാണെന്നതിന്റെ സൂചനയാണ്. “”ഒമ്പത് പതിറ്റാണ്ടായി ആത്മീയ ഉണര്‍വ്വിന്റെ പ്രതീകമായിരുന്നു മ്യൂസിക് അക്കാദമി. അത് കര്‍ണ്ണാടകസംഗീതത്തിന്റെ ക്ഷേത്രം കൂടിയാണ്. ഈ സംഘടനയുടെ പരിശുദ്ധിക്ക് കോട്ടം തട്ടുന്ന വിഭാഗീയ ശക്തികളുടെ പിടിയില്‍പ്പെട്ട് മ്യൂസിക് അക്കാദമി ഒരു തകര്‍ന്നുപോയേക്കുമോ എന്ന ഭീഷണിയിലാണ്.” – ടി.എം. കൃഷ്ണയ്ക്ക് അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധിച്ച് കെ. അണ്ണാമലൈ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കര്‍ണ്ണാടക വായ്പാട്ട് വിദഗ്ധനും വേദിക് വിജ്ഞാനിയുമായ ദുഷ്യന്ത് ശ്രീധര്‍, ഹരികഥാ വിദുഷിയും കര്‍ണ്ണാടക വായ്പാട്ട് വിദ ഗ്ധ വിശാഖ ഹരി എന്നിവരും മദ്രാസ് മ്യൂസിക് അക്കാദമി നടത്തുന്ന സംഗീതക്കച്ചേരി ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു. “കൃഷ്ണയ്ക്ക് കൊടുത്ത കമ്മിറ്റിയുടെ തീരുമാനത്തെ ഞാന്‍ തള്ളുന്നില്ല. അവാര്‍ഡ വേദാന്തദേശികര്‍, കാഞ്ചി കാമകോടി, അയോധ്യ, രാമന് ഇതിനെയെല്ലാം അപഹസിച്ചിട്ടുണ്ട് ടി.എം. കൃഷ്ണ. എന്റെ ഗുരുക്കന്മാരെ ഞാന്‍ അപഹസിക്കുന്നതിന് തുല്ല്യമായിരിക്കും. ഞാന്‍ അക്കാദമിയെ കാണുന്നത് ക്ഷേത്രത്തെപ്പോലെയാണ്. അക്കാദമിക്ക് ധാര്‍മ്മിക ബോധമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. “- കര്‍ണ്ണാടക വായ്പാട്ട് വിദഗ്ധനും വേദിക് വിജ്ഞാനിയുമായ ദുഷ്യന്ത് ശ്രീധര്‍ പ്രതികരിക്കുന്നു.
“അരിയക്കുടി, ശെമ്മാങ്കുടി, പാലക്കാട് മണി അയ്യര്‍ എന്നിവര്‍ക്ക് കൊടുത്ത സംഗീത കലാനിധി പട്ടം ടി.എം. കൃഷ്ണയ്ക്ക് കൊടുക്കുന്നത് ശരിയാണോ? ഇവര്‍ ഇന്ന് ജീവിച്ചിരിക്കുകയാണെങ്കില്‍ ടി.എം. കൃഷ്ണയ്ക്ക് അവാര്‍ഡ് നല്‍കുന്നതിനെ അനുകൂലിക്കുമായിരുന്നോ?” -കര്‍ണ്ണാടക വായ്പാട്ട് വിദഗ്ധ വിശാഖ ഹരി പറയുന്നു.
കര്‍ണ്ണാടക സംഗീതത്തെ നശിപ്പിച്ച വ്യക്തിയാണ് ടി.എം. കൃഷ്ണ. ത്രിമൂര്‍ത്തികളായ ത്യാഗരാജന്, ശ്യാമശാസ്ത്രി, എന്നിവരുടെ പാതയിലല്ല കൃഷ്ണയുടെ സഞ്ചാരം. ധാര്‍മ്മിക ലംഘനങ്ങള്‍, സനാതന ധര്‍മ്മത്തിനെതിരായ വിടുവായിത്തങ്ങള്‍, സംഗീതത്തിന്റെ ആത്മീയതയെ അപഹസിക്കല്‍, സ്ത്രീത്വത്തെ ഹനിക്കല്‍ തുടങ്ങി ഒട്ടേറെ ആരോപണങ്ങളാണ് രഞ്ജിനി -ഗായത്രി സഹോദരിമാര്‍ ഉന്നയിച്ചിരിക്കുന്നത്.
ഡിസംബര്‍ 25നാണ് പുരസ്കാരദാനച്ചടങ്ങ്. ഈ വിവാദം ഇനി എന്തൊക്കെ പുതിയ പ്രതിസന്ധികളിലേക്കാണ് കര്‍ണ്ണാടക സംഗീതലോകത്തെ എത്തിക്കുക എന്ന് കണ്ടറിയേണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: