തിരുവല്ല: വിശ്വാസഭൂമിയില്‍ ആചാര സംരക്ഷണത്തിന് ഇറങ്ങിയ ആയിരങ്ങളെ അധിക്ഷേപിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്ക് വോട്ട് നേടാന്‍ ശബരിമലയെയും കൂട്ടുപിടിക്കുന്നു. ആയിരങ്ങള്‍ പങ്കെടുത്ത നാമജപയാത്രയെ തെറിവിളി യാത്രയെന്നാണ് ഐസക്ക് അന്ന് വിശേഷിപ്പിച്ചത്. കോടതി വിധിയുടെ പേരില്‍ വിശ്വാസ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ മുന്നിട്ടിറങ്ങിയ അതേ ഐസക്കാണ് വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാന്‍ വികസനത്തിന്റെ പേപ്പര്‍ പദ്ധതികളുമായി രംഗത്ത് വരുന്നത്.
വിജയിച്ചാല്‍ ശബരിമല സമഗ്ര തീര്‍ത്ഥാടന പദ്ധതി നടപ്പാക്കുമെന്നാണ് ഐസക്ക് തെരഞ്ഞെടുപ്പ് സമ്മേളനങ്ങളില്‍ പറയുന്നത്. കേദാര്‍നാഥിനേക്കാള്‍ മികച്ച ടൂറിസം സര്‍ക്യൂട്ടാക്കി ശബരിമലയെ മാറ്റുമെന്നാണ് ആദ്യപ്രഖ്യാപനം.
ശബരിമല തീര്‍ഥാടനത്തെ പത്തനംതിട്ട ജില്ലയുടെ വികസനത്തിലെ മുഖ്യകണ്ണിയാക്കാന്‍ കഴിയണം എന്ന് പറയുമ്പോഴും കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് പോലും മതിയായ പശ്ചാത്തല സൗകര്യം പോലും ഒരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പമ്പാനദിയുടെ പേരില്‍ വോട്ട് നേടി ജയിച്ച ജനപ്രതിനിധികള്‍ അടക്കം ഉണ്ടായിട്ടും പിന്നീട് ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. പമ്പാ നദിയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടു പമ്പാ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്നാണ് ഐസക്കിന്റെ മറ്റൊരു പ്രഖ്യാപനം.
മുന്‍ ബജറ്റുകളില്‍ എല്‍ഡിഎഫ് അടക്കം തുക വകയിരുത്തിയിരുന്നെങ്കിലും നടപടികള്‍ പാതിവഴിക്ക് ഉപേക്ഷിച്ചു. ശബരിമല വിമാനത്താവളം, ശബരി റെയില്‍വേ, എംസി റോഡിന് സമാന്തരമായി ഗ്രീന്‍ഫീല്‍ഡ് ഹൈവേ എന്നീ മൂന്ന് പദ്ധതികളും ഇത്തവണയും പതിവ് പോലെ പ്രഖ്യാപന പെരുമഴയില്‍ നിറയുന്നു.
അങ്കമാലി-എരുമേലി ശബരി പാതയുടെ പകുതി ചെലവ് കേരളം ഏറ്റെടുക്കുമെന്ന് ഐസക്കും പരിവാരങ്ങളും പാടിനടക്കുന്നു. എന്നാല്‍ നാളിതുവരെ സ്ഥലം ഏറ്റെടുപ്പ് അടക്കം പിന്നോട്ടടിച്ച ഇടത് സര്‍ക്കാരാണ് ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നത്. പമ്പ ഹില്‍ ടോപ്പില്‍ നിന്നു ഗണപതി കോവിലിലേക്ക് പാലം നിര്‍മിക്കുമെന്ന് ഐസക്ക് കൊട്ടിഘോഷിക്കുമ്പോഴും ഈ ഉത്സവകാലത്തും പമ്പയില്‍ അടിസ്ഥാന സൗകര്യം പോലും കൊണ്ടുവരാന്‍ ഐസക്കിന്റെ സര്‍ക്കാരിന് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: