കാഞ്ഞങ്ങാട്: അമ്പലത്തറ, ഗുരുപുരത്തെ വാടക വീട്ടില്‍ നിന്നു 6.96 കോടിയുടെ 2000 രൂപ കള്ളനോട്ടുകള്‍ പിടികൂടിയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും.
പ്രതികളായ പെരിയ സിഎച്ച് ഹൗസില്‍ അബ്ദുല്‍ റസാഖ് (51), മൗവ്വല്‍, പരയങ്ങാനം വീട്ടില്‍ സുലൈമാന്‍ (51) എന്നിവര്‍ക്ക് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) എയ്ഞ്ചല്‍ റോസ് ജോസ് കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
അബ്ദുള്‍ റസാഖിന്റെ വാടക വീട്ടില്‍ നിന്ന് ഈ മാസം 20ന് ആണ് 2000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്. 28 മണിക്കൂറെടുത്ത് 20 പോലീസുകാര്‍ ചേര്‍ന്നാണ് നോട്ടുകള്‍ എണ്ണിത്തീര്‍ത്തത്. കള്ളനോട്ടുകള്‍ പിടികൂടിയതോടെ ഒളിവില്‍ പോയ അബ്ദുള്‍ റസാഖിനെയും സുലൈമാനെയും വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ വച്ചാണ് അറസ്റ്റു ചെയ്തത്. നോട്ട് തട്ടിപ്പ് വഴി പണം സമ്പാദിക്കുന്നതിനാണ് കള്ളനോട്ടുകള്‍ ഉപയോഗിച്ചതെന്നാണ് പോലീസിന് നല്കിയ മൊഴി.
എവിടെയാണ് നോട്ടുകള്‍ അച്ചടിച്ചത്, ആരാണ് ഇതിന് പിന്നില്‍ എന്നൊക്കെ കണ്ടത്തേണ്ടതുണ്ട്. പ്രതിയായ സുലൈമാന്‍ വേണ്ടി പരയങ്ങാനത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ബഹുനില വീട്, സമീപത്തായി നിര്‍മിച്ച് നല്കിയ ക്ലബ്ബ് കെട്ടിടം, കളിസ്ഥലത്തിന് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ചതൊക്കെ അന്വേഷണത്തിലാണ്. അതേസമയം സുലൈമാന്‍ ജാമ്യം ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഒരു സംഘം ആളുകള്‍ കഴിഞ്ഞദിവസം രാത്രി പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ഇവര്‍ ആരൊക്കെയാണെന്നും കള്ളനോട്ട് കേസിലെ പ്രതികളുമായി ഇവര്‍ക്ക് എന്തു ബന്ധമാണുള്ളതെന്നതിനെക്കുറിച്ചും അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: