ലഡാക്ക്: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച ലേയില്‍ സൈനികര്‍ക്കൊപ്പം നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ചു. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്സ് ലെഫ്റ്റനന്റ് ജനറല്‍ റാഷിം ബാലി കമാന്‍ഡിംഗ് ജനറല്‍ ഓഫീസര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.
ആഘോഷത്തിനായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിന്‍ പ്രദേശം സന്ദര്‍ശിക്കാനാണ് പ്രതിരോധ മന്ത്രി ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും നിലവിലുള്ള കടുത്ത കാലാവസ്ഥ കാരണം അവിടെ എത്താന്‍ സാധിച്ചില്ല. ഇതേതുടര്‍ന്ന് സിയാച്ചിനില്‍ വിന്യസിച്ചിരിക്കുന്ന കമാന്‍ഡിംഗ് ഓഫീസറുമായി ഫോണില്‍ സംസാരിച്ച അദ്ദേഹം എത്രയും വേഗം അവരെ സന്ദര്‍ശിക്കുമെന്നും ഉറപ്പ് നല്കി.
ദല്‍ഹി നമ്മുടെ ദേശീയ തലസ്ഥാനമാണെങ്കില്‍, ലഡാക്ക് ധീരതയുടെയും വീര്യത്തിന്റെയും തലസ്ഥാനമാണ്. ഹോളി ആഘോഷിക്കാന്‍ നിങ്ങളെല്ലാവരും സന്ദര്‍ശിക്കുന്നത് ഇത് എനിക്ക് ഏറ്റവും സന്തോഷകരമായ നിമിഷമാക്കി മാറ്റുന്നു. സിയാച്ചിന്‍ ഒരു സാധാരണ ഭൂമിയല്ല, അത് ഇന്ത്യയുടെ പരമാധികാരത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും അചഞ്ചലമായ പ്രതീകമാണ്. ഇത് നമ്മുടെ ദേശീയ നിശ്ചയദാര്‍ഢ്യത്തെ പ്രതിനിധീകരിക്കുന്നുവെന്നും ജവാന്മാരോടും മറ്റ് മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥരോടും സംസാരിക്കവെ അദേഹം പറഞ്ഞു.
Delighted to celebrate Holi with the soldiers of Indian Armed Forces in Leh, Ladakh. pic.twitter.com/lgff7UXxhA
— Rajnath Singh (मोदी का परिवार) (@rajnathsingh) March 24, 2024
ഞാന്‍ ഇത് മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്, വീണ്ടും പറയും: നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും നിങ്ങളുടെ മാതാപിതാക്കളെയും നിങ്ങളുടെ കുടുംബത്തെയും പരിപാലിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. അതിന് ഞങ്ങള്‍ എപ്പോഴും തയ്യാറാണ്. ഞാന്‍ നിങ്ങളോട് ഇവിടെ പറയേണ്ടതില്ല. നിങ്ങളുടെ ശരീരവും മനസ്സും സമര്‍പ്പിച്ചുകൊണ്ട് നിങ്ങള്‍ ഈ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അതേ ശുഷ്കാന്തിയോടെ, ഞങ്ങളുടെ സര്‍ക്കാരും നമ്മുടെ സായുധ സേനയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
കാര്‍ഗിലിന്റെ മഞ്ഞുമൂടിയ കൊടുമുടികള്‍ മുതല്‍ രാജസ്ഥാനിലെ ചുട്ടുപൊള്ളുന്ന മരുഭൂമികളും സമതലങ്ങളും വരെ, ആഴക്കടലില്‍ വിന്യസിച്ചിരിക്കുന്ന അന്തര്‍വാഹിനിയിലും, സൈന്യം സദാ ജാഗ്രതയോടെയും എല്ലാ ബാഹ്യ ഭീഷണികള്‍ക്കെതിരെയും ഉണര്‍ന്നിരിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: