ന്യൂദല്‍ഹി: രാഷ്‌ട്രത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി ഭാരതത്തിന്റെ നാവികസേന. പാകിസ്ഥാനികളേയും ഇറാനിളേയുമുള്‍പ്പെടെ 110 പേരുടെ ജീവനാണ് കടല്‍ക്കൊള്ളക്കാരില്‍ നിന്ന് നാവികസേന തിരിച്ചു പിടിച്ചത്.
‘ഓപ്പറേഷന്‍ സങ്കല്‍പ്’ ഉള്‍പ്പെടെയുള്ള അറബിക്കടലിലെ കടല്‍ക്കൊള്ള വിരുദ്ധ ദൗത്യങ്ങളിലൂടെ 45 ഭാരതീയരേയും 65 വിദേശ പൗരന്മാരെയും ഉള്‍പ്പെടെ 110 പേരെ രക്ഷിച്ചതായി നാവികസേന മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 27 പാകിസ്ഥാനികളും 30 ഇറാനികളും ഇതില്‍ ഉള്‍പ്പെടുന്നു.
കടല്‍ക്കൊള്ള, ഡ്രോണ്‍ ആക്രമണം എന്നിവ തടയാന്‍ അറബിക്കടലില്‍ 10 യുദ്ധക്കപ്പലുകളും മറ്റു നിരീക്ഷണ വിമാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് ആര്‍. ഹരികുമാര്‍ പറഞ്ഞു. യുദ്ധക്കപ്പലുകള്‍ക്കു പുറമേ പി-8 ഐ നിരീക്ഷണ വിമാനം, സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ എന്നിവയും നാവികസേന ഉപയോഗിക്കുന്നുണ്ട്. ആന്റി ഡ്രോണ്‍ ഓപ്പറേഷനുകള്‍ നടത്തുന്നതിനു ധാരാളം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, കടല്‍ക്കൊള്ളക്കാര്‍ക്കെതിരായ പ്രത്യേക പ്രവര്‍ത്തനത്തിനായി മറൈന്‍ കമാന്‍ഡോകളുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാവികസേന പിടികൂടിയ 35 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ കസ്റ്റംസ്, ഇമിഗ്രേഷന്‍ എന്നിവയുടെ നടപടിക്രമങ്ങള്‍ക്കു ശേഷം ഇന്നലെ രാവിലെ മുംബൈ പോലീസിനു കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികസേന വാര്‍ത്താസമ്മേളനം നടത്തിയത്. നിരീക്ഷണ വിവരങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് നാവികസേനയ്‌ക്ക് കടല്‍ക്കൊള്ളക്കാരുടെ കപ്പലിനെ ട്രാക്ക് ചെയ്യാനും തടയാനും സാധിച്ചത്. സൊമാലിയയില്‍ നിന്ന് ഏകദേശം 260 നോട്ടിക്കല്‍ മൈല്‍ കിഴക്കായാണ് കപ്പല്‍ തടഞ്ഞ് കൊള്ളക്കാരെ പിടികൂടിയതെന്നും നാവികസേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: