കാസര്‍കോട്: എന്‍ഡിഎക്കെതിരെ ദേശീയ തലത്തില്‍ രൂപം കൊണ്ട ഇന്‍ഡി സംഖ്യം അതിന്റെ മുഖംമൂടി പിച്ചിച്ചീന്തി അഴിമതി സംഖ്യമായി അധപ്പതിച്ചിരിക്കുന്നുവെന്ന് ബിജെപി ദേശിയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. കാസര്‍കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിന് അനുകൂലമായി സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്ന പ്രതിഷേധവും പ്രതിരോധവും ഇതിന് ഉദാഹരണമാണ്. കേജ്രിവാളിന്റെ അറസ്റ്റിനെതിരായി സമരം നടന്നത് ദല്‍ഹിയിലും കേരളത്തിലുമാണ്. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് സിപിഎമ്മും കോണ്‍ഗ്രസുമാണ്. കേരളത്തില്‍ കേജ്രിവാളിനെതിരായ അറസ്റ്റില്‍ സിപിഎം നടത്തുന്ന പ്രതിരോധവും പ്രക്ഷോഭവും ഒരു റിഹേഴ്സല്‍ സമരമാണ്.
കേജ്രിവാളിന് സംഭവിച്ചത് പോലെ മുഖ്യമന്ത്രി പിണറായി വിജയനും സംഭവിക്കുമെന്ന് മുന്‍കൂട്ടി കണ്ട് നടത്തുന്ന മുന്‍കൂര്‍ സമരമാണിത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുകയാണ്. അതുകൊണ്ട് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി നേരത്തെ നടത്തുന്ന പ്രതിരോധമാണ് ഇപ്പോള്‍ നടത്തുന്ന സമരം. അഴിമതിക്കേസില്‍ കേരള മുഖ്യമന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടാല്‍ കോണ്‍ഗ്രസ് എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കണം. അഴിമതിക്ക് അനുകൂലമായി കേജ്രിവാളിന് വേണ്ടി നടത്തുന്ന അതേ സമരമായിരിക്കുമോ നടത്താന്‍ പോകുന്നത്.
കേരളത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിന് മുഖ്യമന്ത്രിക്കെതിരെയുള്ള അഴിമതി ആരോപണവും മകളുടെ മാസപ്പടി വിവാദവും തെരെഞ്ഞെടുപ്പ് വിഷയമല്ല. യുഡിഎഫിന്റെ തെരെഞ്ഞെടുപ്പ് വിഷയം മറ്റൊന്നാണ്. കെ റൈസില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും മൗനം പാലിക്കുകയാണ്. ഇതില്‍ കോണ്‍ഗ്രസ് എന്ത് കൊണ്ടാണ് നിലപാട് വ്യക്തമാക്കാത്തത്. സാധാരണക്കാരനെ സഹായിക്കാന്‍ ആന്ധ്രയില്‍ നിന്ന് കടം വാങ്ങി അരിവിതരണം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കെ റൈസ് ആന്ധ്രയിലെ തെലങ്കാനയില്‍ നിന്നാണ് വാങ്ങിയതെന്ന പച്ചക്കള്ളമാണ് പ്രചരിപ്പിച്ചതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, സംസ്ഥാന സമിതി അംഗം എം. നാരായണഭട്ട്, ജില്ലാ ജന. സെക്രട്ടറി വിജയ്കുമാര്‍റൈ, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: