കേരളത്തിലെ അതിഥി തൊഴിലാളികളുടെ നൊമ്പരപ്പെടുത്തുന്ന കഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ഈ കാലഗതിയില്‍, മറ്റൊരു സംസ്ഥാത്ത് കുടുങ്ങിപ്പോയൊരു മലയാളി കുടുംബത്തിന്റെ അതിജീവനവും കലാജീവിതവും ഏവര്‍ക്കും പ്രചോദനകരമാണ്. ജീവിതവ്യഗ്രതകള്‍ക്കിടയില്‍ ഖേദപൂര്‍വ്വം വിസ്മരിക്കേണ്ടിവന്ന ജന്മനായുള്ള ചില അഭിരുചികളെ വീണ്ടുമൊന്നു താലോലിക്കുകയുമാണ് ഒരു കലാകാരന്.
പത്തു വര്‍ഷം മുമ്പെ ഹോട്ടല്‍ മാനേജര്‍ ജോലി സ്വീകരിച്ചു കുടുംബസമേതം പൂനയിലേയ്ക്കു വണ്ടി കയറുമ്പോള്‍ കൂടെ കൊണ്ടുപോയ പെയ്ന്റിങ് സാമഗ്രികളുടെ പെട്ടി ഒരു വര്‍ഷം മുന്നെയാണ് കെ.കെ ചേന്നംകുളത്ത് എന്ന അപരനാമം സ്വീകരിച്ചിട്ടുള്ള കല്യാണ്‍ കുമാര്‍ (കെകെ) ആദ്യമായി തുറന്നു നോക്കിയത്! ഇതിനകം പല കളര്‍ ട്യൂബുകളും, പോസ്റ്റര്‍ കളറുകളും, ഓയില്‍ പെയ്ന്റുകളും ഉപയോഗിക്കാന്‍ കഴിയാത്തവിധം ഉണങ്ങിപ്പോയതു നേരില്‍ക്കണ്ടപ്പോള്‍ അയാളുടെ ഉള്ള് തേങ്ങി. അസ്തിത്വം നിലനിര്‍ത്താന്‍ തന്നെ ഏറെ ക്ലേശങ്ങള്‍ അനുഭവിക്കുന്നവരുടെ ജീവിതത്തില്‍ സുകുമാര കലകള്‍ക്കെവിടെ സ്ഥാനം?
നിത്യേനെ 18 മണിക്കൂര്‍വച്ചു ആഴ്ചയില്‍ ഏഴു ദിവസം ജോലിയുള്ള കെകെ മാസത്തിലൊരിക്കലാണ് 30 കിമീ ദൂരെ താമസിക്കുന്ന പത്നിയേയും മക്കളേയും ഒരു നോക്കു കാണുന്നത്. അതിനുള്ള സമയം കണ്ടെത്തുന്നതു പോലും സഹപ്രവര്‍ത്തകരുമായി പല പുനഃക്രമീകരണങ്ങള് നടത്തുന്നതിനൊടുവിലുമാണ്.
പൂണെ പട്ടണത്തില്‍നിന്നു 40 കിമീ അകലെ, ഔറംഗബാദ് ഹൈവേയോടു ചേര്‍ന്നുകിടക്കുന്ന മഹാരാഷ്ട്രാ ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് സോണിലുള്ള ഹോട്ടലിലെ തനിക്കനുവദിച്ച കൊച്ചു മുറിയില്‍നിന്ന്, കുടുംബം കഴിയുന്ന മുംബൈ ഹൈവേയിലെ രഞ്ജന്‍ ഗാവിലെ വസതിയിലേയ്ക്കു മാസത്തിലൊരിക്കല്‍ സന്ദര്‍ശിക്കാനായി കെകെ എടുക്കേണ്ട തയ്യാറെടുപ്പുകള്‍ വേറെയുമുണ്ട്.
ഹ്രസ്വമായ അവധികളില്‍ വസതിയിലെത്തുമ്പോള്‍ കെകെ തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കേരികേച്ചര്‍ രചനയില്‍ മുഴുകും. ‘ഏറെ മോഹിച്ചു നാട്ടില്‍ പോകാന്‍ ബുക്കുചെയ്ത ട്രെയിന്‍ ടിക്കറ്റുകള്‍ പല കുറി കേന്സല് ചെയ്യേണ്ടിവന്നിട്ടുണ്ട്. വേദന കടിച്ചമര്‍ത്തി, കേരളത്തില്‍ എത്തിയാല്‍ നേരില്‍ കാണാന്‍ കൊതിച്ചിരുന്ന ചങ്ങാതിമാരുടെ പടങ്ങള്‍ ഇരുന്നു വരയ്ക്കും,’ കെകെയുടെ ശബ്ദത്തില്‍ ശോകം നിഴലിച്ചിരുന്നു.
മഹാത്മാഗാന്ധിയും, ജി. അരവിന്ദനും, യേശുദാസും മുതല്‍ എ. അയ്യപ്പനും, ഇ. ശ്രീധരനും, കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വരെയുള്ള പരിചിത മുഖങ്ങള്‍ക്ക് കെകെ രൂപകല്പന ചെയ്ത കാരികേച്ചറുകള്‍ നിരൂപക വൃത്തങ്ങളിലും സമൂഹമാധ്യമങ്ങളിലും കൂലങ്കഷമായ ചര്‍ച്ചകള്‍ക്കു വിധേയമായവയാണ്.
ബോട്ടില്‍ ആര്‍ട്ടിലൂടെ ബുദ്ധനെ ദൃശ്യവല്കരിച്ചു സെന്‍സേഷനായിമാറിയ വികാസ് പുല്ലൂണിയും, പിന്നണി ഗായകരെപ്പോലെ പാടുന്ന വിമോജും, പ്രസിദ്ധരെ അനുകരിക്കുന്ന വസന്തനും, വീടിനടുത്ത കവലയിലെ പുളിഞ്ചോട്ടില്‍ പതിവായി കാണാറുള്ള അലി ഭായിയും കെകെയുടെ അയല്‍വാസികളായ ചങ്ങാതിമാര്‍. ഇവരെയെല്ലാം മറാഠി മണ്ണിലിരിയ്ക്കുന്ന കെകെയുടെ കേരികേച്ചറല്‍ സ്കെച്ച് പെന്നിന്റെ തുമ്പത്തെത്തിച്ചത് പറിച്ചെറിയാന്‍ കഴിയാത്ത ഗതകാലസുഖസ്മരണകളാണ്!
കഴിഞ്ഞ ഒരു വര്‍ഷത്തിനകം കെകെ വീട്ടിലിരുന്ന് വരച്ചുതീര്‍ത്തത് ‘ചിരിവര’ എന്നു നാമകരണം ചെയ്തിരിക്കുന്ന അഞ്ഞൂറോളം കേരികേച്ചറുകളാണ്. എല്ലാം ഗൃഹാതുരത്വമുണര്‍ത്തുന്ന ചിന്തകളുടെ ചിത്രാത്മകമായ ഭാഷ്യം!
‘നാട്ടിലെ കൂട്ടുകാരെ വരയിലെത്തിയ്ക്കുന്ന ദിവസങ്ങള്‍ വളരെ പ്രിയങ്കരമായി തോന്നാറുണ്ട്,’ ഫോണിലൂടെ കേട്ട ശബ്ദത്തില്‍ പോലും കെകെയുടെ ഉത്സാഹവും ആഹ്ലാദവും ദര്‍ശിക്കാനായി!
‘തുടര്‍ച്ചയായി പാലെറ്റും, ബ്രഷും തൊടാന്‍ കഴിയാത്തുകൊണ്ടുമാകാം വരയ്ക്കുന്ന നാളുകളില്‍ ഇത്രയും സന്തോഷം. മാത്രവുമല്ല, പതിവായി സാക്ഷാല്‍കാരങ്ങള്‍ ഇല്ലാത്തതിനാല്‍ വരയില്‍ കൈവഴക്കം നഷ്ടപ്പെട്ടില്ലെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഓരോ ചിത്രവും,’ ചിത്രകാരന് ഹൃദ്യമായി പറയുന്നു.
ലളിതമായ പെന്‍സില്‍ വര്‍ക്ക് മുതല്‍ കത്തികൊണ്ട് ഓയില്‍ പെയ്ന്റ് തേച്ചുപിടിപ്പിച്ചു രചിക്കുന്ന (ജമഹലേേല ഗിശളല ഛശഹ ജമശിശേിഴ) മനോഹരമായ ക്ലാസ്സിക് ദൃശ്യങ്ങള്‍വരെ കെകെയുടെ കൈകള്‍ക്കു വഴങ്ങുമെങ്കിലും, ഈ കലാകാരന് തിരഞ്ഞെടുക്കുന്നതു പ്രധാനമായും ‘ചിരിവര’കളാണ്.
ആഡംബരമുള്ളതായി തോന്നില്ലെങ്കിലും, കാരികേച്ചര്‍ എന്ന കലാശാഖയിലൂടെ തത്ത്വശാസ്ത്രവും, സാഹിത്യവും, ഗുണദോഷ നിരൂപണവും, സര്‍ഗശക്തിയുള്ള വിമര്‍ശനവുമെല്ലാം സാധാരണക്കാരന് പെട്ടെന്ന് ഗ്രഹിക്കുവാന്‍ കഴിയുന്ന രൂപത്തില്‍ അവതരിപ്പിക്കുവാന്‍ കഴിയുമെന്ന് കെകെ വ്യക്തമാക്കുന്നു.
‘പൂണെയില്‍ എത്തിയതു മുതല്‍ മനസ്സില്‍ കെട്ടിക്കിടക്കുന്നതെല്ലാം ഓരോന്നോരോന്നായി വരച്ചുതീര്ക്കുകയാണ്. വല്ലാത്തൊരു ആവേശമാണ് ‘ചിരിവര’യില്‍! ഒരു മണിക്കൂറുകൊണ്ട് ഞാനൊരു കാരിക്കേച്ചര്‍ വരയ്ക്കും. ചില ദിവസങ്ങളില്‍ മൂന്നു വര്‍ക്കുകള്‍വരെ ചെയ്തിട്ടുണ്ട്,’ കെകെ പങ്കുവെച്ചു.
ഫൈന്‍ ആര്‍ട്സ് കോളേജില്‍ ചിത്രരചന കോഴ്സിന് ഒന്നാം റാങ്കില്‍ കെകെയ്ക്ക് അഡ്മിഷന് ലഭിച്ചിട്ടും, അതിനു പോകാതെ ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കാന്‍ പോകേണ്ടിവന്നത് അതിജീവനം വരപ്പുകൊണ്ടു കഴിയില്ലെന്ന് മുതിര്‍ന്നവര്‍ അനുശാസിച്ചതുകൊണ്ടാണ്.
ഫൈന്‍ ആര്‍ട്സ് കോഴ്സിനുള്ള ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ വിധി കര്‍ത്താവായെത്തിയ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, വരച്ചു പഠിച്ചുവെച്ചിരിക്കുന്ന നദിയുടെ തീരത്തെ തെങ്ങും, പുക തുപ്പിയോടുന്ന തീവണ്ടിയുമൊന്നുമല്ലാതെ, ആദ്യമായി മനസ്സിലെത്തുന്നതൊന്നു വരയ്ക്കാന്‍ പരീക്ഷാര്‍ഥികളോട് ആവശ്യപ്പെട്ടപ്പോള്‍, കെകെ വരച്ചത് ഹാളില്‍ നിരീക്ഷകനായി ഇരുന്നിരുന്ന വരയുടെ രാജാവിനെത്തന്നെയായിരുന്നു!
ഇടതൂര്‍ന്നു തഴച്ചുവളര്‍ന്ന വെള്ളിത്താടിയാലും മുടിയാലും ‘സൗന്ദര്യം അല്പം കൂടുതല്‍ തോന്നിക്കുന്ന’ ‘കെകെയുടെ നമ്പൂതിരി’യെ കണ്ടു സ്തബ്ധനായ’ ആര്‍ട്ടിസ്റ്റ് നമ്പൂതിരി’, റേങ്ക് ലിസ്റ്റില്‍ അതു വരച്ചയാളെ ഒന്നാമനാക്കിയതില്‍ അതിനാല്‍ അത്ഭുതമുണ്ടോ? നമ്പൂതിരിയുടെ പെണ്ണുങ്ങള്‍ക്കു മാത്രമല്ല, ആണുങ്ങള്‍ക്കും ചന്തം ഇത്തിരി കൂടുതാലാണെന്നത് പൊതുവിജ്ഞാനം!
നമ്പൂതിരിയെ മാത്രമല്ല, രാജാ രവി വര്‍മ്മയേയും, ടാഗോറിനേയും, പികാസ്സൊയെയും, വാന്‍ ഗോഗിനേയും, ക്ലാഡ് മോണറ്റിനേയും, ഡാ വിന്‍ചിയേയും, മൈക്കേല്‍ ആഞ്ജലോയേയും, കെകെ നോക്കിക്കാണുന്നത് ആരാധനയോടെയാണ്. എന്നാല്‍, ഇവരാരുംതന്നെ കെകെയുടെ രചനകളെ സ്വാധീനിച്ചിട്ടില്ലായെന്നതാണ് ഈ ചെറുപ്പക്കാരനെ ഒരു വേറിട്ട കലാകാരനാക്കുന്നത്.
‘പ്രശസ്തരെയും, സെലിബ്രിറ്റികളെയും വരയ്ക്കാനും അവരുടെ പടങ്ങളെക്കൊണ്ട് ചുമര് അലങ്കരിക്കാനും ധാരാളം പേരുണ്ടല്ലൊ. അതുകൊണ്ടു ഞാന്‍ കൂടുതല്‍ ഇഷ്ട്ടപ്പെടുന്നത് സമൂഹത്തിലെ താഴെത്തട്ടില്‍ കിടക്കുന്നവര്‍ക്കുവേണ്ടി ചായം ചാലിക്കാനാണ്. മരപ്പണിക്കാരനെയും, കല്‍പ്പണിക്കാരനെയും, കോണ്‍ക്രീറ്റ് വാര്‍പ്പ് ജോലിക്കാരനെയും, പെയ്ന്റിങ് തൊഴിലാളിയെയുമെല്ലാം ഞാന്‍ ആവിഷ്കരിക്കുന്നുണ്ട്,’ കെകെ പറഞ്ഞു.
‘നമ്മെ ശരിയാക്കാന്‍ നാം തന്നെ ക്വട്ടേഷന്‍ കൊടുക്കുന്ന ഇടപാടാണ് ജനാധിപത്യം’ എന്നു പറഞ്ഞ കൊച്ചു കവിമിടുക്കന്‍ ദ്രുപദ് ഗൗതമും, മിമിക്രി കലാകാരന് വിനോദും, കാര്‍ട്ടൂണിസ്റ്റ് പ്രിന്‍സും, ഇവരെപ്പോലെയുള്ള മറ്റു പലരും ശരിയ്ക്കും അറിയപ്പെടേണ്ടവരാണെന്ന് കെകെ കരുതുന്നു.
‘ഇക്കാരണത്താല്‍ ഇങ്ങനെയുള്ളവരും എന്റെ വരയ്ക്ക് വിഷയങ്ങളായിട്ടുണ്ട്,’ കെകെ തന്റെ രീതികള്‍ വിവരിച്ചു. എന്നാല്‍, അടുത്തറിയുമ്പോഴോ കേട്ടറിയുമ്പോഴോ ഏതെങ്കിലുമൊരു മണ്ഡലത്തില്‍ പ്രാഗല്ഭ്യമോ പ്രത്യേകതയോ ഉള്ളവരാണെന്ന് കെകെയ്ക്കു തോന്നിയവര്‍ ആരായാലും അവരെല്ലാം അദ്ദേഹത്തിന്റെ രചനകളില്‍ കഥാപാത്രങ്ങളാകുന്നു. വിഷയം തിരഞ്ഞെടുക്കുന്നതില്‍ മറ്റൊരു മാനദണ്ഡവുമില്ലെന്നും കെകെ കൂട്ടിച്ചേര്‍ത്തു.
പൂണെയില്‍ പോകുന്നതിനു മുമ്പെ കേരളത്തിലെ കലാ-സാംസ്കാരിക-സാഹിത്യ മേഖലകളില്‍ അത്യന്തം സജീവമായിരുന്ന ഈ ചിത്രകാരന് മുഖപരിചയമുള്ളവര്‍ സംസ്ഥാനത്ത് എമ്പാടുമുണ്ട്. തുഞ്ചത്തെഴുത്തച്ഛന്‍ സ്മാരക ഗവണ്മെന്റ് കോളജിലെ അദ്ധ്യാപകനായിരുന്ന ഡോ. വിജു നായരങ്ങാടിയും, മലയാള ബാലസാഹിത്യകാരന്‍ രാമകൃഷ്ണന് കുമരനല്ലൂരും, കാഥികന് ജോസ് കല്ലടയും, കണ്ണൂരുകാരന് മാഷ് പത്മനാഭന് ബ്ലാത്തൂരും, പ്രസാധക പ്രസിദ്ധനായ പുനലൂരുകാരന് എന്‍.ബി സുരേഷും കെകെയുടെ ചിരിവരകള്‍ക്ക് മുഖഭാവം നല്‍കിയത് അതിനാല്‍ സ്വാഭാവികം.
ഒരു വ്യക്തിയില്‍ പ്രകടമായിക്കാണുന്നൊരു കാര്യത്തെ പെരുപ്പിച്ചു കാണിച്ച് നര്‍മ്മം ജനിപ്പിക്കുന്നതാണ് കാരികേച്ചറെങ്കില്‍, കെകെയുടെ വരകള്‍ ഒരു നിരൂപകന്റെ വസന്തമാണ്. കടുപ്പമുള്ള കവിതകളെഴുതി ശിഷ്യരെ നടുക്കുന്ന കണ്ണൂര്‍ ഹൈസ്കൂളിലെ നിസ ടീച്ചറുടെ കയ്യില്‍ ബാലരമയും ടോം & ജെറിയും കൊടുക്കുന്നതിനേക്കാള്‍ ശക്തിയേറിയ മറ്റൊരു ആക്ഷേപഹാസ്യമുണ്ടോ? പാലക്കാട്ടെ കോളേജ് അദ്ധ്യാപിക ജീജയുടെ കയ്യില്‍ ചൂരല്‍ കൊടുത്തതും, കൊടുങ്ങല്ലൂരിലെ യുവകവി ജിഷ കാര്‍ത്തികയുടെ കഴുത്തില്‍ ‘ഇന്നത്തെ കവിത’ എന്ന ഐഡി തൂക്കിയതും അനുവാചകരെ ചിന്തിപ്പിച്ചിരുന്നു ചിരിപ്പിക്കുന്ന കെകെയുടെ കരുത്തുള്ള രൂപവല്‍ക്കരണങ്ങളില്‍ ചിലതാണ്.
ഈയിടെയായി കണ്ടുവരുന്ന ഐപാഡും മറ്റും ഉപയോഗിച്ചുള്ള ഡിജിറ്റല്‍ കേരികേച്ചറിങ്ങില്‍ കലാകാരന് സ്ഥാനമില്ലെന്നും, കലാപരമായ സൃഷ്ടി നടത്തണമെങ്കില്‍ കടലാസും പെന്നും, യന്ത്രത്തിന്റെയല്ലാത്ത മനസ്സും തന്നെ വേണമെന്നും കെകെ വിശ്വസിക്കുന്നു.
‘നിരവധി കേരികേച്ചറുകള്‍ വരച്ചു പിന്നിട്ടപ്പോള്‍, ഒരു ചെയ്ഞ്ചിന് ഒരു നൈഫ് വര്‍ക്കു ട്രൈ ചെയ്തു. ഭാര്യ കൂടെയിരുന്ന് പാട്ടുകള്‍ പാടിത്തന്നതിനാല്‍, രണ്ടു ദിവസംകൊണ്ടത് തീര്‍ക്കാന്‍ സാധിച്ചു,’ കെകെ ആവേശംകൊണ്ടു.
ഭാര്യ സയന ഇഷ്ടഗാനങ്ങളുമായി കൂട്ടിരിക്കുന്നതാണത്രെ കെകെ സൃഷ്ടികളുടെ മാസ്മരികമായ ചാലകശക്തി! ഒരു ഗായക കുടുംബത്തിലെ അംഗമായ സയന നാടന്‍ പാട്ടുകളും സിനിമാഗാനങ്ങളും ആലപിച്ചു ഈയിടെ ഒരു യുറ്റിയൂബ് താരമായിമാറിയ കലാകാരിയാണ്.
‘അടുക്കള ജോലികഴിഞ്ഞ്, മകള്‍ താരയും മകന് മാധവും അനുവദിക്കുന്ന പക്ഷം, സയന കൂടെയിരുന്നു പാടും. ശ്രവിക്കാന്‍ അവളുടെ ശബ്ദമുണ്ടെങ്കില്‍, വര്‍ക്ക് നീങ്ങുന്നതറിയില്ല,’ ചിത്രകാരന് വെളിപ്പെടുത്തി.
കേരളക്കര പിടിക്കാനുള്ള തീവ്ര മോഹവുമായി അന്യസംസ്ഥാനത്തു കഴിയുന്ന ഈ മലയാളി കുടുംബത്തിന് നാടെത്തുംവരെ കഴിച്ചുകൂട്ടാനുള്ള അവലംബമാണ് ഇന്ന് ഈ കലാജീവിതം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: