അഞ്ചര നൂറ്റാണ്ടുനീണ്ട കാത്തിരിപ്പിനുശേഷം തിരിച്ചെത്തിയ ബാലകരാമനെ കാണാന്‍ അയോധ്യയിലേക്ക് രാമക്തരുടെ അണമുറിയാത്ത പ്രവാഹം തുടരുകയാണ്. പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും ആ ഒഴുക്കിന് ഒരു കുറവും വന്നിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന രാമഭക്തരാല്‍ ഓരോ ദിവസവും നിറയുകയാണ് അയോധ്യ. എല്ലാവര്ക്കും ഒരു നിമിഷമൊന്ന് ബാലകരാമന്റെ കോമളരൂപം ദര്‍ശിക്കണം. അതിനായി എത്ര വേണമെങ്കിലും കാത്തിരിക്കാന്‍ അവര്‍ തയ്യാറാണ്. രാവിലെ ക്ഷേത്രനടതുറന്ന് രാത്രി അടയ്ക്കുന്നതുവരെ ആ പ്രവാഹം തുടരുകയാണ്. ചെറിയ അരുവികള്‍ ചേര്‍ന്ന് പുഴയായി സമുദ്രത്തില്‍ ചേരുന്നപോലെ അയോധ്യയൊരു കടലായി മാറുകയാണ്, രാമക്തരുടെ കടല്‍, രാമമന്ത്രമല്ലാതെ മറ്റൊന്നും അവിടെ കേള്‍ക്കാനില്ല.
ഓരോ മണ്‍തരിയിലും ഓരോ ജലകണികകളിലും രാമമന്ത്രം മുഴങ്ങിയിരുന്ന മണ്ണില്‍നിന്ന് ഇന്ന് ഓരോ ചുണ്ടുകളില്‍ നിന്നും രാമനാമം മുഴങ്ങുന്നു. പലരുടെയും കണ്ണുകളില്‍ നിന്ന് സന്തോഷാശ്രുക്കള്‍ പൊഴിയുന്നു. രാംലല്ലയെ കണ്ട സന്തോഷം അവര്‍ക്ക് മറച്ചുവയ്ക്കാനാവുന്നില്ല. രാമന്റെ മണ്ണില്‍ രാമക്ഷേത്രമെന്നത് ആഗ്രഹവും സ്വപ്നവും മാത്രമായിരുന്ന നിരവധി തലമുറകള്‍ കടന്നുപോയിട്ടുണ്ട്. ജീവിതത്തിന്റെ അവസാന ഘട്ടത്തിലെങ്കിലും അങ്ങനെയൊന്ന് കേള്‍ക്കണേയെന്ന് പ്രാര്‍ത്ഥിച്ചവര്‍. ഒരിക്കലെങ്കിലും ആ പവിത്രമായ മണ്ണിലെത്താന്‍ കഴിയണമെന്ന് പ്രാര്‍ത്ഥിച്ചവര്‍. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ മാതൃക മനസ്സിലും വീടിന്റെ ഭീത്തിയിലും സൂക്ഷിച്ചവര്‍. ഉറക്കമില്ലാത്ത രാത്രികളില്‍ അവരുടെയെല്ലാം മനസ്സില്‍ ഭഗവാന് ശ്രീരാമ ചന്ദ്രനായിരുന്നു, രാമക്ഷേത്രമായിരുന്നു. രാമജന്മഭൂമിയില്‍ ശ്രീരാമ ക്ഷേത്രമെന്നത് യാഥാര്‍ത്ഥ്യമായിരിക്കെ ആ മണ്ണിലെത്തുമ്പോള്‍ കണ്ണും മനസ്സും നിറയുകയെന്നത് സ്വാഭാവികം മാത്രം.
അയോധ്യ നഗരിയിലേക്ക് സ്വാഗതം ചെയ്യുന്ന പ്രവേശന കവാടം മുതല്‍ ലതാ മങ്കേഷ്കര്‍ ചൗക്ക് വരെ നീളുന്ന ദൂരത്തെല്ലാം രാമകഥ ചിത്രങ്ങളായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ലതാമങ്കേഷ്കര്‍ ചൗക്ക് മുതല്‍ ക്ഷേത്രം വരെയുള്ള ദൂരം രാമഭക്തര്‍ക്ക് നല്‍കുന്നത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭൂതിയാണ്. റോഡിനിരുവശവും രാമമന്ത്രങ്ങളും കീര്‍ത്തനങ്ങളും പാടിക്കൊണ്ടു നടന്നുപോകുന്ന രാമഭക്തര്‍. ചിലര്‍ ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി, ചിലര്‍ ദര്‍ശനം കഴിഞ്ഞ് തിരിച്ച് നടക്കുന്നു. കാറ്റിലൂടെയെത്തുന്ന ചന്ദനത്തിരി ഉള്‍പ്പെടെയുള്ളവയുടെ സുഗന്ധം മറ്റൊരുഭാഗത്ത്.
കൊത്തുപണികളാല്‍ അതിമനോഹരമാക്കിയ ക്ഷേത്രം കാഴ്ചയുടെ മറ്റൊരു ലോകത്തേക്കാണ് രാമഭക്തരെ കൊണ്ടെത്തിക്കുന്നത്. ക്ഷേത്രംകാണും മുന്‍പുതന്നെ ശ്രീകോവിലിന് മുകളില്‍ പാറിക്കളിക്കുന്ന കാവിക്കൊടി കണ്ണില്‍ പതിയും. സുരക്ഷാപരിശോധനകള്‍ കടന്ന് ക്ഷേത്രത്തിലേക്കുള്ള ഓരോ പടികള്‍ കയറുംമ്പോഴും രാമമന്ത്രം മാത്രമാണ് മനസ്സിലും ചുണ്ടിലും. സര്‍വ്വാഭരണ വിഭൂഷിതനായ ആ കോമളബാലന്റെ പുഞ്ചിരി തൂകിയുള്ള നില്‍പ്പ് കാണുമ്പോള്‍, ആ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ അറിയാതെതന്നെ ജയ് ശ്രീരാം, ജയ് സിയാരാം വിളികള്‍ ഉയരുന്നു. ക്ഷേത്രപടിക്കെട്ടുകള്‍ കടന്ന് പുറത്തിറങ്ങിയാലും ശ്രീകോവിലിനുള്ളിലെ ആ ബാലകരൂപം തന്നെയാകും മനസ്സില്‍. ഒരിക്കല്‍കൂടി കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന ചിന്തയും, ഇനിയൊരിക്കലാകാം എന്ന് മനസ്സിനെ സമാധാനപ്പെടുത്തി തിരിച്ചുനടക്കുകയാണ് ഭൂരിപക്ഷം പേരും. ദര്‍ശനത്തിനായി കാത്തിരിക്കുന്നവരുടെ നീണ്ടനിരയാണ് അപ്പോഴേക്കും മനസ്സില്‍ ഓടിയെത്തുന്നത്.
അയോധ്യയിലെത്തുന്ന ഓരോ രാമഭക്തരുടെയും മനസ്സില്‍ അയോധ്യയൊരു സുവര്‍ണ ചിത്രമായി മാറുന്നു. ഒരിക്കലും മായ്ച്ചുകളയാന്‍ സാധിക്കാത്ത ഒരു ചിത്രം. അതില്‍ എല്ലാമുണ്ട്. മുന്‍പ് അയോധ്യയില്‍ എത്തിയവര്‍ക്ക് സങ്കല്പ്പിക്കാന് പോലും കഴിയാത്ത മാറ്റങ്ങളാണ് ഇപ്പോള്‍ അവിടെ സംഭവിക്കുന്നത്. ക്ഷേത്രം മാത്രമല്ല, അതുമായി ബന്ധപ്പെട്ട് വലിയ വികസനമാണ് പ്രദേശത്ത് സംഭവിക്കുന്നത്. ഇതെല്ലാം പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന കേന്ദ്രമായി അയോധ്യ മാറുമെന്നുറപ്പാണ്. വരുന്നവരെയെല്ലാം കൈനീട്ടി സ്വീകരിക്കാന്‍ എന്തെല്ലാം ചെയ്യാനൊക്കുമോ, അതെല്ലാം ചെയ്യുന്നുണ്ട്. രാമരാജധാനി അതിന്റെ പ്രൗഢി വീണ്ടെടുക്കുകയാണ്.
പുണ്യനദിയായ സരയു അയോധ്യയെ പുണര്‍ന്ന് ഒഴുകുകയാണ്, എല്ലാത്തിനും സാക്ഷിയായി. സരയൂവില്‍ സ്നാനം ചെയ്താല്‍ പാപങ്ങള്‍ തീരുമെന്നാണ് വിശ്വാസം. സരയുവില്‍ സ്നാനം ചെയ്യുന്നതിനുമുന്പ് ഹനുമാന് സ്വാമിയുടെ അനുഗ്രഹവും ആജ്ഞയും വാങ്ങണമെന്നും വിശ്വാസമുണ്ട്. ഗംഗാ ആരതിപോലെ എല്ലാദിവസവും സരയൂ തീരത്തും ആരതിയുണ്ട്. സൂര്യാസ്തമയ സമയത്ത് നടക്കുന്ന ആരതിയുടെ രൂപത്തിനും ഭാവത്തിലുമെല്ലാം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ശ്രീരാമന് ജന്മസ്ഥലത്ത് തിരിച്ചെത്തിയശേഷമുള്ള മാറ്റമാണത്.
അയോധ്യയില്‍ രാമജന്മഭൂമിയോട് ചുറ്റപ്പെട്ട് നിരവധി ക്ഷേത്രങ്ങളുണ്ട്. മിക്കക്ഷേത്രങ്ങളിലും ശ്രീരാമനും സീതാദേവിയും ഹനുമാനുമാണ് പ്രധാനപ്രതിഷ്ഠ. രാമക്ഷേത്തിന് സമീപത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ഹനുമാന് ഗഡി (ഹനുമാന് ഗര്‍ഹി). അയോധ്യയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്താണ് ഈ ക്ഷേത്രം. ചുറ്റും കോട്ടപോലെ കെട്ടിയ ഈ ക്ഷേത്രത്തിലിരുന്ന് ഹനുമാന് സ്വാമി അയോധ്യയെ സംരക്ഷിക്കുന്നു. ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ഹനുമാന് സ്വാമിക്ക് ശ്രവിക്കാനായി ഇവിടെ 24 മണിക്കൂറും സീതാരാമമന്ത്രം മുഴങ്ങിക്കൊണ്ടേയിരിക്കും. ശ്രീരാമക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്നതിനുമുന്‍പ് ഹനുമാന് സ്വാമിയെ ദര്‍ശിക്കണമെന്നാണ് വിശ്വാസം. 76 പടികള്‍ കയറിവേണം ക്ഷേത്രസമുച്ചയത്തിലെത്താന്‍. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കുശേഷം ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.
അയോധ്യയിലെത്തുന്ന ഭക്തര്‍ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങള്‍കൂടി അയോധ്യയുടെ പരിസര പ്രദേശങ്ങളിലുണ്ട്. അതിലൊന്നാണ് വില്ല്വഹരി ഗട്ടിലെ ദശരഥമഹാരാജാവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രം. ക്ഷേത്രത്തിന് മുന്നിലായി ദശരഥ രാജാവിന്റെ സമാധി സ്ഥലവുമുണ്ട്. ഇവിടെ ശ്രീരാമ ലക്ഷ്മണന്മാരുടെയും ഭരതശത്രുഘ്നന്മാരുടെയും വസിഷ്ഠ മുനിയുടെയും പാദമുദ്രകള്‍ കാണാം. സൂര്യകുണ്ഡിലെ സൂര്യക്ഷേത്രവും മറ്റൊരു ശ്രദ്ധാകേന്ദ്രമാണ്. വലിയ കുളമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ക്ഷേത്രക്കുളവും പരിസരവും നവീകരിച്ച് മനോഹരമാക്കിയിട്ടുണ്ട്. ശ്രീരാമദേവന് ഇവിടെയെത്തി സൂര്യദേവനെ ഉപാസിച്ചിരുന്നു. നന്ദിഗ്രാം ഭരത്കുണ്ഡിലെ ഭരതക്ഷേത്രവും മറ്റൊരു പ്രധാനപ്പെട്ട ക്ഷേത്രമാണ്.
അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതോടെ വര്‍ഷങ്ങളായി വരണ്ടുകിടന്ന മണ്ണിലേക്ക് മഴ പെയ്യുമ്പോഴുണ്ടാകുന്ന കുളിര്‍മയാണ് ജനകോടികള്‍ ഏറ്റുവാങ്ങിയത്. എല്ലാവര്ക്കും ക്ഷേമവും തുല്യനീതിയും ഉറപ്പാക്കുന്ന രാമരാജ്യമെന്ന സങ്കല്പ്പത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പ്. ഭാരതം ലോകത്തെ നയിക്കാന്‍ ഒരുങ്ങുമ്പോള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ശ്രീരാമസന്ദേശം തന്നെയാണ് കരുത്താവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: