മോസ്കോ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തോക്കുകളുമേന്തി റഷ്യയുടെ തലസ്ഥാനമായ മോക്സോവിലെ ഒരു ഓപ്പറ നാടകം അരങ്ങേറുന്ന ഹാളിലേക്ക് ഇരച്ചുകയറി കണ്ണില്‍ക്കണ്ടവരെയെല്ലാം വെടിവെയ്‌ക്കുകയായിരുന്നു. 6000 പേരോളം ഓപ്പറ കാണാന്‍ ഹാളില്‍ തിക്കിത്തിരക്കി നിന്നിരുന്നു. ഇതില്‍ 115 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഒട്ടേറെപ്പേര്‍ ജീവനുമായി മല്ലടിക്കുന്നു.
ഇവിടെ പ്രസക്തമായ ചോദ്യം ഇതാണ്. എന്തിനാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടന റഷ്യയെ ആക്രമിച്ചു? പണ്ട് സിറിയയിലെ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസാദിനെ അമേരിക്ക ഉള്‍പ്പെടെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അതില്‍ രക്ഷകനായി ഇടപെട്ടത് വ്ളാഡിമിര്‍ പുടിനാണ്. അന്ന് ബാഷര്‍ അല്‍ അസാദിനെതിരെ യുദ്ധം ചെയ്ത ഇസ്ലാമിക് സ്റ്റേറ്റിനെ തവിടുപൊടിയാക്കുകയായിരുന്നു റഷ്യയുടെ പട്ടാളം. ഇതിന് പ്രതികാരമായാണ് അഞ്ചാമതും റഷ്യയുടെ പ്രസിഡന്‍റായി വ്ളാഡിമിര്‍ പുടിന്‍ അധികാരമേറ്റ ഉടന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ എന്ന സംഘടന മോസ്കോയില്‍ ആക്രമണം അഴിച്ചുവിട്ടത്.
അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ പ്രവര്‍ത്തിക്കുന്നത്. താലിബാന്‍ സേനയ്‌ക്ക് എതിരാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍. താലിബാനാകട്ടെ റഷ്യയുടെ അടുത്ത കൂട്ടാളിയുമാണ്. ഇതിന് മുന്‍പും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ റഷ്യയെ ആക്രമിച്ചിട്ടുണ്ട്. 2022ല്‍ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ നടത്തിയ ബോംബാക്രമണത്തില്‍ രണ്ട് റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സേന പിന്‍വാങ്ങിയതോടെ താലിബാനുമായി പോരാടി വളരുകയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍. അവര്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാന് പുറത്ത് ആക്രമണവും തുടങ്ങിയിരിക്കുന്നു. അതില്‍ ഒന്നാണ് മോസ്കോയില്‍ കണ്ടത്. ആക്രമണകാരികളില്‍ രണ്ട് പേരെ പിന്തുടര്‍ന്ന് പിടികൂടിയതായി റഷ്യന്‍ സേന അറിയിച്ചു. ആകെ 11 പേരെ പിടികൂടിയിട്ടുണ്ട്.
അസംതൃപ്തരായ പാകിസ്ഥാനിലെ താലിബാന്‍കാര്‍ 2015ല്‍ രൂപീകരിച്ചതാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ (ഐഎസ്ഐഎസ്-കെ എന്ന് ചുരുക്കപ്പേര്). അഫ്ഗാന്‍ സേനയ്‌ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു ഇവരുടെ പതിവ്. 2018ല്‍ ലോകത്തിലെ നാല് ഭീകരസംഘടനകളില്‍ ഒന്നായാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ അറിയപ്പെട്ടിരുന്നത്. അക്കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാന്‍ ആന്‍റ് സിറിയ എന്ന പ്രധാന ഭീകരസംഘടനയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന് സാമ്പത്തിക സഹായം ലഭിച്ചിരുന്നു. പക്ഷെ അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യത്തില്‍ നിന്നും അഫ് ഗാന്‍ സേനയില്‍ നിന്നും അഫ്ഗാനിലെ താലിബാനില്‍ നിന്നും ആക്രമണത്തിന് വിധേയമാവുക വഴി ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്റെ ശക്തി ക്ഷയിച്ചുവരികയായിരുന്നു. അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്റെ പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാന്‍ വിട്ടതോടെ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ ശക്തിപ്രാപിച്ചിരിക്കുകയാണ്. റഷ്യയുടെ തലസ്ഥാനമായ മോസ്കോയില്‍ കയറിച്ചെന്ന് ആക്രമണം നടത്തി രക്ഷപ്പെട്ടുപോരാന്‍ കഴിഞ്ഞുവെന്നത് ഇവരുടെ കരുത്തിനെയാണ് സൂചിപ്പിക്കുന്നത്. 2024 ജനവരിയില്‍ ഇറാനില്‍ ഇറാന്‍ സേനയുടെ മുഖ്യസൈനികകമാന്‍ഡറായ സുലൈമാനി കൊല്ലപ്പെട്ടതിന്റെ ഓര്‍മ്മയ്‌ക്ക് നടത്തിയ പദയാത്രയ്‌ക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 84 പേരാണ് കൊല്ലപ്പെട്ടത്. ഇറാന്‍ ഭരണകൂടത്തെ ഞെട്ടിച്ച ആക്രമണമായിരുന്നു ഇത്.
ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന് ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ അമേരിക്കപോലുള്ള രാജ്യങ്ങളുടെ രഹസ്യസഹായം ഇതിന് ലഭിച്ചിട്ടുണ്ടോ എന്നറിയില്ല. കാരണം ഈ രണ്ട് ആക്രമണങ്ങളും – ഇറാനെതിരെയും റഷ്യയ്‌ക്കെതിരെയും- അമേരിക്കയുടെ എതിര്‍രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണമായിരുന്നു. എന്തായാലും അപകടകരമാം വിധം ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ വളര്‍ന്നിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: