കൈയില്‍ കനകം കൊടുത്ത് കാക്കപ്പൊന്ന് വാങ്ങരുതെന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് ദല്‍ഹിയിലെ ആപ്പ് സര്‍ക്കാര്‍. ആകെ ആപ്പിലായിരിക്കുകയാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ ഏടാകൂടം. ലഫ്റ്റനന്റ് ഗവര്‍ണര്‍ കണ്ടുപിടിച്ചിട്ട് തന്നെ മൂന്നുവര്‍ഷം പിന്നിട്ടു. ഒരു മന്ത്രി അറസ്റ്റിലായിട്ട് തന്നെ വര്‍ഷം ഒന്നു പിന്നിട്ടു. എന്നിട്ടും തീര്‍ന്നില്ല ലഹരി. അതിപ്പോള്‍ വന്‍ മരത്തെ തന്നെ പിടിച്ചിരിക്കുന്നു. മദ്യനയം തന്നെ പ്രശ്‌നം. മരം കൂറ്റനാണെങ്കിലും കാറ്റത്തിളകാതിരിക്കുമോ? ഒന്‍പതാം തവണയാണ് പിടി വീഴുന്നത്. എട്ടുതവണയും പോടാ ഇഡി എന്ന നിലപാടെടുത്ത അരവിന്ദ് കെജ്‌രിവാളിന് ഒന്‍പതാം തവണ കാലിടറി. കൊത്തിക്കൊണ്ട് പറക്കാനും വയ്യ വച്ചുകൊണ്ടിരിക്കാനും വയ്യ എന്ന സ്ഥിതിയിലായി.
കേജ്‌രിവാളിന്റെ സിവില്‍ ലെയ്ന്‍സിലെ ഔദ്യോഗിക വസതിയില്‍ വ്യാഴാഴ്ച രാത്രി 7.05ന് ഇ ഡി സംഘമെത്തി. തുടര്‍ന്ന് ചോദ്യം ചെയ്യലും അറസ്റ്റും. മുഖ്യമന്ത്രിയായി കേജ്‌രിവാള്‍ തുടരുമെന്നും ജയിലില്‍നിന്നു ഭരിക്കുമെന്നും മന്ത്രി അതിഷി പ്രതികരിച്ചുവെങ്കിലും അതിന്റെ സാധ്യതയാണ് മുഖ്യം.
അറസ്റ്റില്‍നിന്നു സംരക്ഷണം അനുവദിക്കാനാവില്ലെന്നു ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കി മണിക്കൂറുകള്‍ക്കകമായിരുന്നു അറസ്റ്റ്. ഇ ഡി സംഘം വീട്ടിലെത്തിയതിനു പിന്നാലെ ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും രാത്രി അടിയന്തര ഹിയറിങ് അനുവദിക്കാതെ ഹര്‍ജി വെള്ളിയാഴ്ചത്തേക്കു മാറ്റി. ഇതിനിടെ, മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധവുമായി ഒത്തുചേര്‍ന്ന എഎപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിരുന്നു.
ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലും എഎപിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിനെ ഒക്ടോബറിലും ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയെയും കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തു.
സംസ്ഥാന പാര്‍ട്ടിയില്‍ നിന്ന് ദേശീയ പാര്‍ട്ടിയിലേക്കുള്ള അതിവേഗ വളര്‍ച്ച സ്വപ്‌നം കണ്ടിരിക്കുന്നതിനിടയിലാണ് കേജരിവാള്‍ അറസ്റ്റിലായത്. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി. അഴിമതിക്കെതിരെ ചൂലുമെടുത്ത് പൊരുതാനിറങ്ങിയവര്‍ അഴിമതിക്കേസില്‍ ഇ ഡിയുടെ പിടിയിലാകുന്നതിനേക്കാള്‍ വിരോധാഭാസം വേറെന്തുണ്ട്. ദല്‍ഹി മദ്യനയത്തില്‍ ക്രമക്കേടുകള്‍ നടന്നെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഇന്നു സര്‍ക്കാരിനെ താഴെയിറക്കാന്‍ കെല്‍പുള്ള കാര്‍മേഘമായി ദല്‍ഹിയുടെ ആകാശത്ത് മൂടിക്കെട്ടിയിരിക്കുന്നു.
ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയാണു മദ്യനയം പ്രഖ്യാപിക്കുന്നത്. സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുക, മദ്യ മാഫിയകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു മദ്യനയം അവതരിപ്പിക്കപ്പെട്ടത്. അതാകട്ടെ വിചിത്രവും അത്ഭുതാവഹവുമായി. മദ്യപാനത്തിനുള്ള നിയമപരമായ പ്രായം 25ല്‍നിന്ന് 21 വയസ്സായി കുറയ്‌ക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളായിരുന്നു നയത്തിലുണ്ടായിരുന്നത്. നഗരത്തെ 32 സോണുകളായി തിരിച്ചു. ഓരോ സോണിലും പരമാവധി 27 ഔട്ട്‌ലെറ്റുകള്‍ തുറക്കാം. ലേലം നടത്തി 849 ഔട്ട്‌ലെറ്റുകള്‍ സ്വകാര്യ കമ്പനികള്‍ക്കു നല്‍കി. ഇതോടെ സര്‍ക്കാരിനു മദ്യവില്‍പനയിലുള്ള നിയന്ത്രണം അവസാനിച്ചു.
ഗവര്‍ണര്‍ സിബിഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തു. സിബിഐ കേസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഇ ഡിയും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ദല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാര്‍, ഗവര്‍ണര്‍ വി.കെ.സക്‌സേനയ്‌ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ മദ്യക്കച്ചവടക്കാര്‍ക്കു സിസോദിയ അനര്‍ഹമായ ആനുകൂല്യങ്ങള്‍ അനുവദിച്ചതായി പരാമര്‍ശിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്. വഞ്ചന, കൈക്കൂലി കുറ്റങ്ങള്‍ ചുമത്തി സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസെടുത്തു. സിസോദിയ, വിരമിച്ച മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 9 വ്യവസായികള്‍, 2 കമ്പനികള്‍ എന്നിവരായിരുന്നു പ്രതികള്‍. 2022 ഓഗസ്റ്റ് 19ന് സിസോദിയയുടെയും എഎപി നേതാക്കളുടെയും വസതിയില്‍ ആദ്യ റെയ്ഡ് നടന്നു. ഓഗസ്റ്റ് അവസാന വാരത്തിലാണ് സിസോദിയയുടെ ബാങ്ക് ലോക്കറുകള്‍ സിബിഐ പരിശോധിക്കുന്നത്.
ഇതിനെ തുടര്‍ന്ന് റെയ്ഡുകളുടെ ഒരു പരമ്പരയും മലയാളിയായ വിജയ് നായരുള്‍പ്പടെയുള്ളവരുടെ അറസ്റ്റും നടന്നു. ഫെബ്രുവരിയില്‍ ചോദ്യം ചെയ്യാനായി സിസോദിയയെ വിളിച്ചുവരുത്തിയ ഇ ഡി അന്നുതന്നെ അദ്ദേഹത്തിന്റെ അറസ്റ്റും രേഖപ്പെടുത്തി. അയാള്‍ ഇപ്പോഴും ജയിലിലാണ്. ഇടനിലക്കാരനും വ്യാപാരിയുമായ ദിനേഷ് അറോറയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു സഞ്ജയ് എംപി അറസ്റ്റിലായത്. തെരഞ്ഞെടുപ്പ് ഫണ്ടിനായി റെസ്‌റ്റോറന്റ് ഉടമകളോട് പണം ആവശ്യപ്പെടാന്‍ സഞ്ജയ് പറഞ്ഞെന്നായിരുന്നു ദിനേഷ് അറോറയുടെ ആരോപണം. വ്യാപാരിയായ അമിത് അറോറയുടെ മദ്യശാല പിതാംപുരയിലേക്കു മാറ്റാന്‍ മനീഷ് സിസോദിയയോടു ശുപാര്‍ശ ചെയ്തത് സഞ്ജയ് ആണെന്നും ദിനേഷ് അറോറ ആരോപിച്ചു. സഞ്ജയ്‌ക്കൊപ്പം കേജരിവാളിനെ വസതിയില്‍ സന്ദര്‍ശിച്ചതായും ദിനേഷ് മൊഴി നല്‍കിയിരുന്നു.
കേസില്‍ അരുണ്‍ രാമചന്ദ്രന്‍ എന്ന മലയാളി വ്യവസായിയെ ഇ ഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദിലെ മദ്യവ്യവസായിയായ ഇയാള്‍ക്ക് 30% പങ്കാളിത്തമുള്ള കമ്പനി മദ്യവില്‍പനയ്‌ക്കു ലൈസന്‍സ് നേടിയിരുന്നു. കമ്പനിയിലെ ഓഹരിപങ്കാളിത്തം യഥാര്‍ഥത്തില്‍ കവിതയുടെതാണെന്നാണ് ഇ ഡി സംശയിക്കുന്നത്. ലൈസന്‍സ് ലഭിക്കാന്‍ ദല്‍ഹി സര്‍ക്കാരിന് 100 കോടി രൂപ കൈക്കൂലി നല്‍കിയ സൗത്ത് ഗ്രൂപ്പില്‍ കവിതയുണ്ടോയെന്നും ഇ ഡി അന്വേഷിക്കുന്നുണ്ട്. പത്തും വര്‍ഷം മുമ്പ് ദല്‍ഹി കണ്ട സമരത്തിന്റെ നേര്‍ വിപരീതഫലമാണ് ഇപ്പോള്‍ ദല്‍ഹി കാണുന്നത്. അന്ന് അഴിമതിക്കെതിരായിരുന്നു സമരമെങ്കില്‍ ഇന്ന് അഴിമതിക്കാര്‍ക്കായി തെരുവിലിറങ്ങുന്നു. ‘കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും കാണേണ്ടിവന്നു’ എന്നപോലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: