അഴിമതിക്കെതിരെയും മദ്യത്തിനെതിരെയും അണ്ണാഹസാരെയ്ക്കൊപ്പം സമരം നയിച്ച് ഭരണത്തിലെത്തിയ ആളാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദകേജ്രിവാള്‍. അഴിമതി വിരുദ്ധനായകന് എന്ന പ്രതിഛായയോടെയാണ് അദ്ദേഹം തന്റെ പാര്‍ട്ടിയുടെ ചിഹ്നമായ ചൂലുയര്ത്തിപ്പിടിച്ച് ഭരണക്കസേരയിലേക്കെത്തിയത്. ഭരണ സംവിധാനത്തിലെ അഴിമതികളെല്ലാം തൂത്തുവാരിക്കളയുമെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു വലിയ തംരംഗം സൃഷ്ടിച്ചുള്ള ആം ആദ്മി പാര്‍ട്ടിയുടെ രാജ്യതലസ്ഥാനത്തെ തേരോട്ടം. അതേ അരവിന്ദകേജ്രിവാളാണ് ഇപ്പോള്‍ മദ്യശാലകളനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അഴിക്കുള്ളിലാകുന്നത്.
അഴിമതിവിരുദ്ധ നായകന് തന്നെ ജയിലിലടയ്ക്കപ്പെട്ടതോടെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടിക്ക്. അരവിന്ദകേജ്രിവാള്‍ കെട്ടിപ്പൊക്കിയ പ്രതിഛായ കളവായിരുന്നു എന്നാണിപ്പോള്‍ തെളിയുന്നത്. ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റ് പാര്‍ട്ടിക്ക് ഏല്‍പ്പിച്ചിരിക്കുന്നത് കനത്ത ആഘാതമാണ്. വിവാദ മദ്യനയം നടപ്പാക്കിയതിലൂടെ ലഭിച്ച കോടിക്കണക്കിനു രൂപ പഞ്ചാബിലും ഗോവയിലുമുള്പ്പെടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍.
കോണ്‍ഗ്രസ് ഭരണകാലത്തെ അഴിമതിക്കെതിരെ ഗാന്ധിയന്‍ അണ്ണാ ഹസാരെ നടത്തിയ സമരം രാജ്യത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചത്. അരവിന്ദ് കേജ്രിവാള് ആ സമരത്തിലൂടെ ഉയര്‍ന്നു വരികയും പിന്നീടദ്ദേഹം രാഷ്ട്രീയത്തിലെത്തുകയും ചെയ്തപ്പോള്‍ ദല്‍ഹി നിവാസികള്‍ക്കെങ്കിലും വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന അരവിന്ദ് കേജ്രി വാള് 2006ല്‍ രാജിവെച്ചാണ് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. 2011ല്‍ അണ്ണാഹസാരെയുമായി ചേര്‍ന്ന് ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ രൂപീകരിച്ചു. ജന്‍ ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 2012ല്‍ ആം ആദ്മി പാര്‍ട്ടി സ്ഥാപിച്ചതോടെ അണ്ണാ ഹസാരെയുമായി അകന്നു. എല്ലാമേഖലയിലെയും അഴിമതി തൂത്തുവാരുകയും ശുദ്ധീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ചൂല് ചിഹ്നമായി സ്വീകരിച്ചതിന് ആം ആദ്മി പാര്‍ട്ടി നല്‍കിയിരുന്ന മറുപടി.
ആം ആദ്മി പാര്‍ട്ടി മുന്നോട്ടുവെച്ച ആശയത്തിന് വലിയ പിന്തുണ ലഭിക്കുകയും 2013ല്‍ ദല്‍ഹിയില്‍ ഭരണത്തിലെത്തുകയും ചെയ്തു. 2014 ഫെബ്രുവരി 14ന് ദല്‍ഹി നിയമസഭയില്‍ ജന്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെ അരവിന്ദ് കേജ്രിവാള് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 2015ലും 2020ലും ആം ആദ്മി പാര്‍ട്ടി വീണ്ടും ദല്‍ഹിയില്‍ കേജ്രിവാളിന്റേ നേതൃത്വത്തില്‍ അധികാരത്തിലെത്തി. കോണ്‍ഗ്രസിനെ പുറത്താക്കി 2022 മാര്‍ച്ചില്‍ പഞ്ചാബിലും ഭരണം പിടിച്ചതോടെ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഭരണത്തിലുള്ള രണ്ടാമത്തെ പ്രതിപക്ഷ പാര്‍ട്ടിയായി ആം ആദ്മി പാര്‍ട്ടി വളര്‍ന്നു. എന്നാല്‍ ദല്‍ഹിയില്‍ കൊണ്ടുവന്ന മദ്യനയം പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തു. വിവാദ മദ്യനയം നടപ്പാക്കിയതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്ക് ലഭിച്ചെന്ന് ആരോപണം ഉയര്‍ന്നതോടെ പ്രതിഷേധമായി. അന്വേഷണമായി. പിന്നാലെ മദ്യനയം പിന്‍വലിച്ചെങ്കിലും കേസില്‍ പാര്‍ട്ടിയുടെ ഉന്നതനേതാക്കളെല്ലാം ജയിലിനകത്തായി.
പാര്‍ട്ടിയിലെ രണ്ടാമനും ദല്‍ഹി ഉപമുഖ്യമന്ത്രിയും എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്ത മനീഷ് സിസോദിയയാണ് കേസിലെ മുഖ്യപ്രതികളിലൊരാള്‍. 2023 ഫെബ്രു. 26നാണ് അദ്ദേഹം അറസ്റ്റിലായത്. ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപി യുമായ സഞ്ജയ് സിങും പിന്നാലെ അറസ്റ്റിലായി. ബിആര്‍എസ് നേതാവ് കവിതയാണ് അറസ്റ്റിലായ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി നേതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: