ന്യൂദല്‍ഹി: തലയോട്ടിയിലെ രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ സദ്ഗുരു ജഗ്ഗി വാസുദേവ് സുഖം പ്രാപിച്ചു വരുന്നതായി ഈഷ ഫൗണ്ടേഷന്. സദ്ഗുരു സുഖം പ്രാപിക്കുന്നു. ആരോഗ്യ നിലയില്‍ പുരോഗതിയും രേഖപ്പെടുത്തി.
എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും ഈഷ ഫൗണ്ടേഷന് എക്സില്‍ കുറിച്ചു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും സദ്ഗുരുവുമായി സംസാരിച്ചിരുന്നു. ഇരുവരും അദ്ദേഹത്തിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും നല്ല ആരോഗ്യമുണ്ടാകട്ടെയെന്നും ആശംസിച്ചു.
ദല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് സദ്ഗുരു ചികിത്സയിലുള്ളത്. ജീവന് തന്നെ അപകടത്തിലാവുമായിരുന്ന അവസ്ഥയിലായിരുന്നു അറുപത്താറുകാരനായ സദ്ഗുരുവെന്ന് ഡോ. വിനിത് സുരി അറിയിച്ചു. നാലാഴ്ചയായി കടുത്ത തലവേദനയുണ്ടായിരുന്നു. എന്നാല്‍ അത് കാര്യമാക്കിയിരുന്നില്ല. മാര്‍ച്ച് 14ന് ദല്‍ഹിയിലെത്തിയപ്പോഴാണ് തലവേദന രൂക്ഷമായത്. തുടര്‍ന്ന് നടത്തിയ എംആര്‍ഐ സ്കാനിലാണ് തലച്ചോറില്‍ വലിയ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയത്.
തിരക്കുകള്‍ കാരണം സദ്ഗുരു ആശുപത്രിയില്‍ അഡ്മിറ്റാവാന്‍ തയാറായില്ല. മാര്‍ച്ച് 17ന് അവസ്ഥ മോശമാവുകയും ഇടത്തേ കാലിന് തളര്‍ച്ച അനുഭവപ്പെടുകയും ചെയ്തു. തലവേദന കൂടി. ഛര്ദിയുണ്ടായതോടെയാണ് ആശുപത്രിയിലെത്തിയത്. സിടി സ്കാനില്‍ ജീവന് തന്നെ അപകടത്തിലാവുന്ന അവസ്ഥയെന്ന് മനസിലാക്കി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിലായിരുന്നുവെന്നും ഡോക്ടര്‍ എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: