ധാര്‍: ജ്ഞാന്‍വാപിക്ക് പിന്നാലെ മധ്യപ്രദേശ് ധാറിലെ ഭോജ്ശാല ക്ഷേത്ര സമുച്ചയത്തിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ തുടങ്ങി. ഹിന്ദുക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഇവിടെയുണ്ടെന്ന ഹര്‍ജിയില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ മധ്യപ്രദേശ് ഹൈക്കോടതി മാര്‍ച്ച് 11ന് ഉത്തരവിട്ടിരുന്നു. അത് പ്രകാരമാണ് എഎസ്ഐ സംഘം ഇവിടേക്കെത്തിയത്.
ആറാഴ്ചയ്ക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാനാണ് മധ്യപ്രദേശ് ഹൈക്കോടതി നല്കിയ നിര്‍ദേശം. പന്ത്രണ്ടു പേരടങ്ങുന്ന സംഘം രാവിലെ ആറ് മണിയോടെ പരിശോധന ആരംഭിച്ചു. തെരച്ചില്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ദി ഇന്ത്യന്‍ കള്‍ചര്‍ ഡിപ്പാര്‍ട്മെന്റ് വെള്ളിയാഴ്ച സര്‍വേ ആരംഭിക്കുന്നത് സംബന്ധിച്ച് കോടതിക്ക് കത്തെഴുതിയിരുന്നു. കൂടാതെ തെരച്ചിലിന് മുന്നോടിയായി ഭോജ്ശാല പരിസരത്ത് ആവശ്യമായ സുരക്ഷയൊരുക്കാന്‍ പോലീസിനോടും ആവശ്യപ്പെട്ടു. എഎസ്ഐക്ക് സമാധാനപരമായി പരിശോധന നടത്താനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി ധാര്‍ പോലീസ് സൂപ്രണ്ട് മനോജ് കുമാര്‍ പ്രതികരിച്ചു.
സരസ്വതീ ദേവിയുടെ ക്ഷേത്രമായാണ് ഭോജ്ശാലയെ ഹിന്ദുക്കള്‍ ആരാധിക്കുന്നത്. എഎസ്ഐ റിപ്പോര്‍ട്ട് പരിഗണിച്ച് 2003 ഏപ്രില്‍ ഏഴിനാണ് ഭോജ്ശാലയില് ഹിന്ദുക്കള്‍ക്കും ആരാധന നടത്താമെന്ന് ഉത്തരവിറക്കിയത്. അതുപോലെ തന്നെ വെള്ളിയാഴ്ചകളില്‍ ഇവിടെ നമാസ് നടത്താന്‍ മുസ്ലിങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. കമല്‍ മൗല മസ്ജിദായാണ് മുസ്ലിങ്ങള്‍ ഇതിനെ ആരാധിച്ചു വരുന്നത്.
ഭോജ്ശാല സരസ്വതീ ക്ഷേത്രമായിരുന്നെന്നും പതിമൂന്ന് പതിനാലാം നൂറ്റാണ്ടുകളില്‍ ഇവ പൊളിച്ച് മസ്ജിദാക്കി മാറ്റുകയായിരുന്നു. അതിന്റെ തെളിവുകള്‍ ഇതിന്റെ പരിസരത്ത് ഇപ്പോഴും ഉണ്ട്. ക്ഷേത്രം തകര്‍ത്താണ് ഇപ്പോഴുള്ള കെട്ടിടം നിര്‍മിച്ചത്. എഎസ്ഐ പരിശോധനയിലൂടെ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹര്‍ജിക്കാരായ ഹിന്ദു ഫ്രണ്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: