തൃശൂര്‍: തൃശൂര്‍ ഇലക്ഷന് പൂരത്തിന് സൈബര്‍ സഖാക്കള്‍ സുരേഷ് ഗോപി ക്യാമ്പിനെ പേടിപ്പിക്കാന്‍ ഒരുക്കിയ രണ്ട് അമിട്ടുകളും തൂറ്റിപ്പോയി. ‘ആ ഗോപിയല്ല ഈ ഗോപി’, ‘സത്യഭാമ-ആര്‍എല്‍വി രാമകൃഷ്ണന്’ പോര്’- എന്നീ രണ്ട് ക്യാപ്സൂകളായിരുന്നു സൈബര്‍ സഖാക്കള്‍ ഏറെ ആലോചന നടത്തി ഒരുക്കിയിരുന്നത്. എന്നാല്‍ രണ്ടും ചീറ്റിപ്പോയി.
ഇതിന്റെ രണ്ടിന്റെയും അന്തിമ നേട്ടം കൊയ്തതോ സുരേഷ് ഗോപിയും. ആദ്യത്തെ കേസില്‍ കലാമണ്ഡലം ഗോപിയുടെ മകന് എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റാണ് സൈബര്‍ സഖാക്കള്‍ വൈറലാക്കാന്‍ ശ്രമിച്ചത്. പക്ഷെ പോസ്റ്റ് വൈറലാകുന്നതിനേക്കാള്‍ വേഗത്തില്‍ കലാമണ്ഡലം ഗോപിയുടെ മകന് തന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചെന്ന് മാത്രമല്ല, കലാമണ്ഡലം ഗോപി സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. തന്നെ കാണാന്‍ സുരേഷ് ഗോപിയ്ക്ക് ആരുടേയും അനുവാദം വേണ്ടെന്നായിരുന്നു കലാമണ്ഡലം ഗോപിയുടെ കമന്റ്. ഇതോടെ സൈബര്‍ സഖാക്കള്‍ സ്വന്തമെന്ന് കരുതിയ മഹാകഥകളി നടന് സുരേഷ് ഗോപിയോട് അടുപ്പമുള്ളയാളാണെന്ന് പൊതുജനം തിരിച്ചറിഞ്ഞു.
നടന് സുരേഷ് ഗോപിയെ വീട്ടിലേക്ക് വരുത്തി അനുഗ്രഹിക്കണമെന്ന് കലാമണ്ഡലം ഗോപിയെ ചികിത്സിക്കുന്ന ഡോക്ടര്‍ അഭ്യര്‍ത്ഥിച്ചത്രെ. ഇതേ തുടര്‍ന്നാണ് കലാമണ്ഡലം ഗോപിയുടെ മകന് പോസ്റ്റിട്ടത്. ഇത് സുരേഷ് ഗോപിയല്ലെന്നും, വേറെ ഗോപിയാണെന്നും ഒക്കെയായിരുന്നു പോസ്റ്റ്. സൈബര്‍ സഖാക്കള്‍ ചാടിവീണ് ‘ആ ഗോപിയല്ല, ഈ ഗോപി’ എന്ന ടൈറ്റിലില്‍ വലിയ പ്രചാരം അഴിച്ചുവിട്ടു. പക്ഷെ അധികം വൈകാതെ ഈ പ്രചാരണതന്ത്രം അടിമുടി പൊളിഞ്ഞുവീഴുന്നത് കേരളം കണ്ടു. മാത്രമല്ല, സുരേഷ് ഗോപിയോട് താന്‍ പണ്ടൊരിയ്ക്കല്‍ പത്മഭൂഷണ്‍ സംഘടിപ്പിച്ചുതരാമോ എന്ന് ചോദിച്ച കാര്യവും കലാമണ്ഡലം ഗോപി എന്ന ശുദ്ധനായ കലാകാരന് തുറന്ന് സമ്മതിക്കുകയും ചെയ്തതോടെ സൈബര്‍ സഖാക്കള്‍ക്ക് തലയില്‍ മുണ്ടിടേണ്ട ഗതികേടുമായി. അന്ന് തന്നെക്കൊണ്ട് അതിന് കഴിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞെന്നുമുള്ള കാര്യവും കലാമണ്ഡലം ഗോപി തുറന്നടിച്ചതോടെ സൂരേഷ് ഗോപിയുടെ മൂല്യം ഇരട്ടിയായി. കാരണം ചെയ്യാന്‍ പറ്റുന്നത് മാത്രം ചെയ്യും എന്ന് പറയുന്നവനാണ് സുരേഷ് ഗോപി എന്ന് നാട്ടുകാര്‍ക്കൊക്കെ മനസ്സിലായി. ഇതോടെ സൈബര്‍ സഖാക്കള്‍ മാളത്തിലൊളിച്ചു.
കുറത്ത തൊലിനിറമുള്ളവര്‍ മോഹിനിയാട്ടം കളിയ്ക്കേണ്ടെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞുവെന്ന പ്രസ്താവനയായിരുന്നു സൈബര്‍ സഖാക്കള്‍ ഏറ്റെടുത്ത രണ്ടാമത്തെ ഗുണ്ട്. ഇത് തന്നെ ഉദ്ദേശിച്ചാണ് കലാമണ്ഡലം സത്യഭാമ പറഞ്ഞതെന്ന് ആരോപിച്ച് ആല്.എല്‍. വി. രാമകൃഷ്ണന് രംഗത്ത് വന്നിരുന്നു. ഇതോടെയാണ് ഇടത് സഖാക്കള്‍ക്ക് ജാതിക്കളിക്ക് സ്കോപ്പുണ്ടെന്ന് മനസിലായത്. എന്നാല്‍ ഈ ഗുണ്ടും പൊട്ടിയില്ല. കാരണം തന്റെ കുടുംബക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് ആര്‍എല്‍വി രാമകൃഷ്ണന്റെ മോഹിനിയാട്ടം നടത്തുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചതോടെ സൈബര്‍ സഖാക്കളുടെ ജാതി തോണ്ടിയിട്ട് ബിജെപിയെ കുടുക്കാനുള്ള ശ്രമം പൊളിഞ്ഞു. വിവാദം പൊട്ടിപ്പുറപ്പെട്ട ഉടനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ആര്.എല്‍.വി രാമകൃഷ്ണന് പിന്തുണ അറിയിച്ചിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷും രാമകൃഷ്ണനെ സന്ദര്‍ശിച്ച് പിന്തുണയറിയിച്ചു. ബിജെപിയുടെ ഈ വന്ദേഭാരതിന്റെ വേഗതയിലുള്ള രാഷ്ട്രീയ പ്രതിരോധത്തിന് മുന്പില് ഒരു നിമിഷം സൈബര്‍ സഖാക്കള്‍ പകച്ചുപോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: