തിമ്പു : ഹിമാലയൻ രാഷ്‌ട്രവുമായുള്ള ഇന്ത്യയുടെ അതുല്യമായ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ ഭൂട്ടാനിലെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിമ്പുവിലെത്തി. മാർച്ച് 21 നും 22 നും ഇടയിൽ നടത്താനിരുന്ന സന്ദർശനം ഭൂട്ടാനിലെ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ഇന്നും നാളെയ്‌ക്കുമായി മാറ്റിയത്.
“ഭൂട്ടാനിലേക്കുള്ള യാത്രാമധ്യേ, ഇന്ത്യ-ഭൂട്ടാൻ പങ്കാളിത്തം കൂടുതൽ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിവിധ പരിപാടികളിൽ ഞാൻ പങ്കെടുക്കും. ഭൂട്ടാൻ രാജാവ്, ഹിസ് മജസ്റ്റി ദി ഫോർത്ത് ഡ്രുക്ക് ഗ്യാൽപോ, പ്രധാനമന്ത്രി @tsheringtobgay എന്നിവരുമായി ഞാൻ ചർച്ചകൾക്കായി കാത്തിരിക്കുകയാണ്,” – എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
ഇരു കക്ഷികൾക്കും താൽപ്പര്യമുള്ള ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങളിൽ ആശയങ്ങൾ കൈമാറുന്നതിനും നമ്മുടെ ജനങ്ങളുടെ പ്രയോജനത്തിനായി മാതൃകാപരമായ പങ്കാളിത്തം വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളെക്കുറിച്ച് ആലോചിക്കുന്നതിനും ഈ സന്ദർശനം അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഈ ആഴ്ച ആദ്യം പ്രസ്താവനയിൽ അറിയിച്ചിരുന്നു.
ഇന്ത്യയും ഭൂട്ടാനും പരസ്പര വിശ്വാസത്തിലും ധാരണയിലും സുമനസ്സിലും വേരൂന്നിയ അതുല്യവും നിലനിൽക്കുന്നതുമായ ഒരു പങ്കാളിത്തം പങ്കിടുന്നുവെന്ന് പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. കൂടാതെ തങ്ങളുടെ ആത്മീയ പൈതൃകവും ഊഷ്മളമായ ആളുകൾ തമ്മിലുള്ള ബന്ധവും അസാധാരണമായ ബന്ധങ്ങൾക്ക് ആഴവും ചടുലതയും നൽകുന്നുണ്ടെന്നുമാണ് മന്ത്രാലയം വ്യക്തമാക്കിയത്.
സന്ദർശന വേളയിൽ ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കും ഭൂട്ടാന്റെ നാലാമത്തെ രാജാവായ ജിഗ്മേ സിങ്യേ വാങ്‌ചുക്കും പ്രധാനമന്ത്രിയെ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: