ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്ന് പ്രവർത്തിക്കണമെന്ന നിർദ്ദേശം കൈമാറി ആർബിഐ. മാർച്ച് 31-ഞായറാഴ്ചയാണ് ബാങ്കുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് നിർദ്ദേശം നൽകിയിരിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസം എന്നതിനാലാണ് തീരുമാനം. കേന്ദ്രസർക്കാരിന്റെ നിർദ്ദേശാനുസരണമാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നതെന്നും ഉപയോക്തക്കളെ ഇക്കാര്യം അറിയിക്കണമെന്നും ആർബിഐ വ്യക്തമാക്കി.
മാർച്ച് 25,26 എന്നീ തീയതികളിൽ ഹോളിയോടനുബന്ധിച്ച് രാജ്യത്തെ വിവിധ ബാങ്കുകൾക്ക് അവധിയാണ്. കൂടാതെ മാർച്ച് 29- ദുഃഖവെള്ളിയെ തുടർന്നും ബാങ്കുകൾക്ക് അവധിയായിരിക്കും. ഈ അവധികൾ കണക്കിലെടുത്താണ് ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് നിർദ്ദേശം കൈമാറിയത്. സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുകൾക്കും ഏജൻസികൾക്കും ഞായറാഴ്ച പ്രവൃത്തി ദിനമായിരിക്കും.
2023-24 സാമ്പത്തിക വർഷത്തിലുള്ള എല്ലാ രസീതുകളും മറ്റ് സാമ്പത്തിക ഇടാപാടുകളും സർക്കാർ ഇടപാടുകളും പൂർത്തിയാക്കുന്നതിനാണ് ഞായറാഴ്ച പ്രവർത്തിദിനമാക്കാൻ തീരുമാനിച്ചത്. എന്നാൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ പരിമിതമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: