ന്യൂദല്‍ഹി: മദ്യ നയ അഴിമതി കേസില്‍ എട്ട് തവണ സമന്‍സ് അയച്ചിട്ടും അരവിന്ദ് കെജരിവാള്‍ ഇ ഡിക്ക് മുന്നില്‍ ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് ഒമ്പതാം തവണ സമന്‍സ് ലഭിച്ചപ്പോഴാണ് അപകടം മണത്ത കെജരിവാള്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി ദല്‍ഹി ഹൈക്കോടതിയിലെത്തിയത്. എന്നാല്‍ ദല്‍ഹി ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് കിട്ടിയില്ല.
തുടര്‍ന്നാണ് വൈകിട്ടോടെ ഇ ഡി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്കെത്തിയത്.ഇ ഡി ഉദ്യോഗസ്ഥരുടെ 12 അംഗ സംഘമാണ് ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. സെര്‍ച്ച് വാറണ്ടുമായാണ് എത്തിയതെന്ന് കെജരിവാളിന്റെ സ്റ്റാഫിനെ അറിയിച്ച ശേഷം ഒരു മണിക്കൂറോളം കെജരിവാളിനെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് വിവരം.
ഉടന്‍ തന്നെ കെജരിവാളിനെ ഇ ഡി ഓഫീസിലേക്ക് കൊണ്ടു പോകുമെന്നാണ് സൂചന.മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് ആം ആദമി പ്രവര്‍ത്തകര്‍ തടിച്ചു കൂടി പ്രതിഷേധിക്കുന്നുണ്ട്.റോഡുകള്‍ തടഞ്ഞും പ്രതിഷേധമുണ്ട്. ഇവിടെ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ ആം ആദ്മി പാര്‍ട്ടി ദല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. അടിയന്തര വാദം കേള്‍ക്കണമെന്നാണ് ആവശ്യം.
അതേസമയം അരവിന്ദ് കെജരിവാള്‍ ജയിലില്‍ കിടന്നു കൊണ്ട് ഭരണം നടത്തുമെന്ന് ആം ആദ് മി പാര്‍ട്ടി അറിയിച്ചു. നിയമപ്രകാരം ഇത് അനുവദനീയമാണെന്നും പാര്‍ട്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: