ബിജെപിയുടെ സിറ്റിങ് സീറ്റില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അഹമ്മദാബാദ് ഈസ്റ്റിലെ സ്ഥാനാര്‍ത്ഥി രോഹന് ഗുപ്തയാണ് പരാജയ ഭീതിയില്‍ പിന്മാറിയത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുള്ള പിന്തുണ തുടര്‍ന്നും ഉണ്ടാകുമെന്നും രോഹന് എക്സിലൂടെ അറിയിച്ചു. രോഹന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതായി ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശക്തിസിങ് ഗോഹിലും വ്യക്തമാക്കിയിട്ടുണ്ട്.
സിറ്റിങ് എംപികൂടിയായ ഹസ്മുഖ്ഭായ് സോമഭായ് പട്ടേലാണ് ഇത്തവണയും ബിജെപിക്കുവേണ്ടി അഹമ്മദാബാദ് ഈസ്റ്റ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. 2009 മുതല്‍ ബിജെപിയാണ് ഈ മണ്ഡലത്തില്‍ വിജയിച്ചിട്ടുള്ളത്. വിജയസാധ്യത കുറവുള്ള മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിലുള്ള നീരസത്തിലാണ് രോഹനെന്നാണ് സൂചന. നെഹ്റു കുടുംബവുമായി വളരെ അടുപ്പമുള്ള രോഹന് മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുത്ത് ഏറെ ശ്രദ്ധ നേടിയ ആളാണ്. ഈ മാസം 12നാണ് രോഹനെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഭരത് സിങ് സോളങ്കിയും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവ് ജഗ്ദീശ് ഠാകൂര്‍ തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് കോണ്‍ഗ്രസിനും എഐസിസിക്കും കത്തും നല്‍കിയിട്ടുണ്ട്. ഗുജറാത്തിലെ 26 ലോക്സഭാ സീറ്റുകളിലേക്ക് മെയ് 7നാണ് തെരഞ്ഞെടുപ്പ്. ഏപ്രില്‍ 19നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. പത്രിക പിന്‍വലിക്കേണ്ട തിയതി ഏപ്രില്‍ 22 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: