ന്യൂദൽഹി: കോൺഗ്രസിനെ കേന്ദ്രവും ബിജെപിയും സാമ്പത്തികമായി തകർക്കുകയാണെന്ന് പാർട്ടി നേതാക്കളായ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും. പാര്‍ട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ കഴിയുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കലല്ല ഇതെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരവിപ്പിക്കലാണെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
എഐസിസി ആസ്ഥാനത്ത് വ്യാഴാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് നേതാക്കളുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പ്രചാരണത്തിനു പണമില്ലാത്ത അവസ്ഥയാണ്. രാജ്യത്ത് ബിജെപിയുടെ സാമ്പത്തിക ഏകാധിപത്യമാണു നടക്കുന്നത്. സര്‍ക്കാരിന്റെ ചെലവില്‍ ബിജെപി പരസ്യമേഖല കയ്യടക്കി. കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.
എന്തായിരുന്നാലും ഏറ്റവും വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലും ഞങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണം ഫലപ്രദമായി കൊണ്ടുപോകാൻ പരമാവധി ശ്രമിക്കുന്നുണ്ട്. സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച ഇലക്ടറൽ ബോണ്ടിലൂടെ ബിജെപി വലിയ നേട്ടമുണ്ടാക്കി. മറുവശത്ത്, പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ ഫണ്ടുകൾക്കുനേരെ ആക്രമണം നടത്തുകയാണ്. ഇത് അഭൂതപൂർവവും ജനാധിപത്യവിരുദ്ധവുമാണെന്ന് സോണിയ കുറ്റപ്പെടുത്തി.
ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് രാജ്യത്ത് പാർട്ടിയെ തകർക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മൂന്നാഴ്ച മൂമ്പ് 4 ബാങ്കുകളിലായുള്ള കോൺഗ്രസിന്റെ 11 അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇത്തരത്തിൽ പാർട്ടി നിക്ഷേപത്തിൽ നിന്ന് 115 കോടി രൂപ ആദായ നികുതി വകുപ്പ് തട്ടിയെടുത്തു. പാര്‍ട്ടി ഇരുട്ടില്‍ നില്‍ക്കുകയാണ്. പോസ്റ്റർ അടിക്കാനോ നേതാക്കള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് എടുക്കാനോ പണമില്ല. കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തില്‍ ഇടപെടുന്നില്ല. ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് എന്ന് പറയുന്നത് വലിയ കളവാണ്. കോണ്‍ഗ്രസിന്റെ അക്കൗണ്ടല്ല, ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെയാണ് മരവിപ്പിച്ചതെന്നും രാഹുൽ വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: