Categories: Kerala

സുരേഷ് ഗോപി വിവാദം അനാവശ്യം; ഞങ്ങൾ തമ്മിലുള്ള സ്നേഹബന്ധം രാഷ്‌ട്രീയത്തിന് ഉപയോഗിക്കേണ്ട: കലാമണ്ഡലം ഗോപി

Published by

തൃശൂർ: സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്തുള്ള ഫേയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. സുരേഷ് ഗോപി വിവാദം അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിക്ക് തന്നെ വിളിച്ച് കാര്യങ്ങൾ ചോദിക്കാമായിരുന്നു. വിളിക്കുമെന്ന് പ്രതീക്ഷിച്ചു. ഒരു ഡോക്ടർ വിളിച്ച് സുരേഷ് ഗോപി വരുന്നു എന്ന് പറഞ്ഞു. ആശാന് പത്മഭൂഷൻ ഒക്കെ വേണ്ടേ എന്ന് ചോദിച്ചു. അത് കേട്ടപ്പോൾ ആണ് മകൻ ഇടപെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിക്ക് ഇനിയും വരാം, എത്തിയാൽ സ്വീകരിക്കും. മകനുമായി ഒരു ഭിന്നതയും ഇല്ല. സുരേഷ് ഗോപിയും ഞാനും തമ്മിൽ സ്നേഹ ബന്ധം ആണ്, അത് രാഷ്‌ട്രീയത്തിന് ഉപയോഗിക്കേണ്ടതില്ലെന്നും കലാമണ്ഡലം ഗോപി പ്രതികരിച്ചു. സുരേഷ് ഗോപി ഒരു കലാകാരനാണ്. അദ്ദേഹം രാഷ്‌ട്രീയക്കാരനായത് ഇപ്പോഴാണ്. ഞാനും ഒരു കലാകാരനാണ്. കലാകാരന്മാര്‍ തമ്മിലുള്ള സ്‌നേഹത്തെ അളന്ന് വിലവെയ്‌ക്കാന്‍ കഴിയില്ല. സുരേഷ് ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരൊക്കെയായി വലിയ അടുപ്പമുണ്ട്. സുരേഷ് ഗോപിയെ വിഷമിപ്പിക്കുന്ന ഒന്നും തന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല.

പത്മഭൂഷനു വേണ്ടി സുരേഷ് ​ഗോപിയെ അനുഗ്രഹിക്കണം എന്നു പറഞ്ഞത് മകനെയും വേദനിപ്പിച്ചു. ആ സങ്കടത്തിലാണ് മകൻ രഘു ഫെയ്‌സ്ബുക്കില്‍ കുറിപ്പ് ഇട്ടത്. പത്മഭൂഷണ്‍ കിട്ടാനായി സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് ആ ഡോക്ടര്‍ പറയാന്‍ പാടില്ലായിരുന്നു. ആ വാക്ക് എനിക്ക് മാത്രമല്ല സുരേഷ് ഗോപിക്കു കൂടി അപമാനമായി തീരുകയാണ് ചെയ്തത്. ഇത് എന്റെ മകനും വിഷമം ആയി. ഈ കാര്യങ്ങളൊക്കെയാണ് ആ ഫെയ്‌സ്ബുക്ക് കുറിപ്പിന് കാരണം. അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് മകനോട് ഞാൻ പറഞ്ഞതോടെയാണ് ആ പോസ്റ്റ് പിന്‍വലിച്ചത്’ എന്നും കലാമണ്ഡലം ​ഗോപി പറഞ്ഞു.

സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച് വിഡിയോ കൊടുക്കില്ല. താൻ ആലത്തൂർ മണ്ഡലത്തിൽ ആണ്. അതുകൊണ്ട് തൃശൂർ മണ്ഡലത്തിന് വോട്ട് ചോദിച്ചിട്ട് കാര്യമില്ല. കെ.രാധാകൃഷ്ണനുമായി വലിയ സ്നേഹബന്ധമാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി സംസാരിച്ചതെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. സ്നേഹബന്ധത്തിന്റെ പേരിൽ സുരേഷ് ഗോപിയും മുരളീധരനും ജയിക്കണമെന്നും ആഗ്രഹമുണ്ട്. ആലത്തൂരിൽ കെ രാധാകൃഷ്ണൻ ജയിക്കണം എന്നാണ് ആഗ്രഹമെന്നും കലാമണ്ഡലം ഗോപി കൂട്ടിച്ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by