തിരുവല്ല: ”രണ്ടു ലക്ഷം രൂപയ്ക്കു വായ്പ എടുത്തതിന് എട്ടു സെന്റ് സ്ഥലവും നിങ്ങള്‍ എടുത്തോളൂ, കയറിക്കിടക്കാന്‍ വീടു മാത്രം ഞങ്ങള്‍ക്കു തിരിച്ചുതന്നുകൂടേ?” വായ്പാ തിരിച്ചിടവ് മുടങ്ങിയതിന് മല്ലപ്പള്ളിയില്‍ കുടിയിറക്കപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടികളുടെ ചോദ്യമാണിത്. ഹൗസിങ് സൊസൈറ്റി വീടു ജപ്തി ചെയ്തതോടെ മൂന്നു പെണ്മക്കള് ഉള്‍പ്പെടെ ആറംഗ കുടുംബം ടാര്‍പോളിന്‍ ഷീറ്റിനു കീഴില്‍ നീതിക്കു കേണും സുമനസുകളുടെ സഹായം തേടിയും ആറാം ദിവസവും ദുരിതജീവിതം തുടരുകയാണ്.
കോടതി വിധി നടപ്പാക്കുക മാത്രയാണ് ചെയ്തതെന്ന് ആവര്‍ത്തിക്കുകയല്ലാതെ തിരിച്ചടവ് തുകയില്‍ ഇളവു വരുത്താനോ മറ്റെന്തെങ്കിലും മാനുഷിക പരിഗണന നല്‍കാനോ ഹൗസിങ് സൊസൈറ്റി ഇതുവരെ തയാറായിട്ടില്ല. മല്ലപ്പള്ളി ആനിക്കാട് പഞ്ചായത്ത് താന്നിക്കല്‍ വീട്ടില്‍ ഹരികുമാറും കുടുംബവുമാണ് സൊസൈറ്റി വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വീടു ജപ്തിയായി കുടിയിറക്കപ്പെട്ടത്.
ഹൃദ്രോഗിയായ ഹരികുമാറിന് ഇന്നലെ അടിയന്തര ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നതാണ്. കൈയില്‍ പണമില്ലാത്തതിനാലും കുടുംബത്തെ ഈ അവസ്ഥയില്‍ പെരുവഴിയില്‍ ഉപേക്ഷിച്ച് പോകാന്‍ കഴിയില്ലെന്നതിനാലും ശസ്ത്രക്രിയ മുടങ്ങി.
ഹരികുമാറിന്റെയും പെണ്മക്കളുടെയും ദുരിതജീവിതം കഴിഞ്ഞ ദിവസം ‘ജന്മഭൂമി’യാണ് പുറത്തുകൊണ്ടുവന്നത്. പലരും സഹായവാഗ്ദാനവുമായി സമീപിച്ചെങ്കിലും തങ്ങളുടെ വീടുവിട്ട് എങ്ങോട്ടും പോകാന്‍ ഈ കുടുംബം തയാറല്ല. രണ്ട് ലക്ഷം രൂപയാണ് 2012ല്‍ ഹരികുമാര്‍ വായ്പയെടുത്തത്. പത്ത് വര്‍ഷമായിരുന്നു കാലാവധി. അസുഖം മൂര്‍ച്ഛിച്ചതോടെ ജോലിക്ക് പോകാന്‍ കഴിയാതായി. ഇങ്ങനെയാണ് തിരിച്ചടവ് മുടങ്ങിയത്. ഭാര്യ പ്രസീദ വീട്ടുപണിക്ക് പോയിക്കിട്ടുന്ന തുകയാണ് കുടുംബത്തിന്റെ ഏക വരുമാനം. രണ്ട് ലക്ഷം രൂപയുടെ പേരില്‍ എട്ട് സെന്റ് സ്ഥലവും വീടുമാണ് ഹൗസിങ് സൊസൈറ്റി ജപ്തി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: