ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നടപടികൾക്കു തുടക്കമായി ആദ്യഘട്ട വിജ്ഞാപനം ഇറങ്ങി. നാമനിർദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം. തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും പുതുച്ചേരിയിലും ലക്ഷദ്വീപിലുടക്കം 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ സീറ്റുകളിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 19 ന് നടക്കുക. ഈ മണ്ഡലങ്ങളിൽ നാമനിർദേശിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 27 ആണെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തമിഴ്നാട്-39, രാജസ്ഥാൻ-12, ഉത്തർപ്രദേശ്-8, മധ്യപ്രദേശ്-6, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ്, ആസാം-5, ബീഹാർ-4, പശ്ചിമബംഗാൾ-3, അരുണാചൽ പ്രദേശ്, മേഘാലയ-2, ലക്ഷദ്വീപ്, പുതുച്ചേരി, മണിപ്പൂർ, ജമ്മുകാശ്മീർ, ഛത്തീസ്ഗഡ്, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഒന്നു വീതം എന്നീ സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ്.
സൂക്ഷ്മ പരിശോധന മാർച്ച് 28 ന് നടക്കും. പത്രിക പിൻവലിക്കേണ്ട അവസാന തിയതി മാർച്ച് 30 ആണ്. 25000 രൂപയാണ് തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുന്നതിനൊപ്പം സ്ഥാനാർത്ഥികൾ കെട്ടിവെക്കേണ്ട തുക. എസ് സി, എസ്ടി വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾ 12500 രൂപ കെട്ടിവെച്ചാൽ മതി. കേരളമുൾപ്പെടെ ഏപ്രിൽ 26 ന് വോട്ടെടുപ്പ് നടക്കുന്ന 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം 28 ന് പുറത്തിറക്കും.
2024 ജൂൺ 16 വരെയാണ് നിലവിലെ ലോക്സഭയുടെ കാലാവധി. ആകെയുള്ള 543 ലോക്സഭാ സീറ്റിൽ 412 ജനറൽ സീറ്റുകളും 84 പട്ടികജാതി സംവരണ സീറ്റുകളും 47 പട്ടികവർഗ്ഗ സംവരണ സീറ്റുകളുമാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നാലു സംസ്ഥാന നിയമസഭകളിലേയ്‌ക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: