തിരുവനന്തപുരം: തനിക്കെതിരെ തിരുവനന്തപുരത്ത് സിപിഐ നടത്തുന്ന പ്രചാരണത്തിന്റെ ഫലം ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ഇതേകൂട്ടരാണ് വയനാട്ടില്‍ ഇന്‍ഡി സഖ്യത്തെ കുറിച്ചും രാഷ്ട്രീയ ധാര്‍മ്മികതയെ കുറിച്ചും സംസാരിക്കുന്നതെന്നും അദേഹം വിമര്‍ശിച്ചു.
തിരുവനന്തപുരത്ത് എനിക്കെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന പ്രചാരണത്തിന്റെ ഏക ഫലം ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്നതാണ്. വയനാട്ടില്‍ ധാര്‍മ്മികതയെ കുറിച്ച് പ്രസംഗിക്കുന്ന ഇവരാണ് അവര്‍ തലസ്ഥാനത്ത് ഇത്തരത്തിലുള്ള പെരുമാറ്റം കാണിക്കുന്നതെന്ന് അദേഹം എക്സില്‍ പോസ്റ്റ് ചെയ്തു.
എന്നാല്‍ വര്‍ഗീയ, ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടുന്നത് ഇടതുപക്ഷമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. ശശി തരൂരിനെപ്പോലെയുള്ള വിദ്യാസമ്പന്നനായ ഒരാള്‍ കേരളത്തിന്റെ ചരിത്രം ശരിയായി മനസ്സിലാക്കണമെന്നും അദേഹം നടത്തിയത് അസംബന്ധമായ പ്രസ്താവനയാണ്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്തിനാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്നും സിപിഐ നേതാവ് ചോദിച്ചു.
‘ബി.ജെ.പിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത് താനാണെന്നാണ് രാഹുല്‍ ഗാന്ധി അവകാശപ്പെടുന്നത്, പിന്നെ എന്തിനാണ് വയനാട്ടില്‍ മത്സരിച്ച് എല്‍.ഡി.എഫിനെതിരെ പോരാടുന്നത്? ജനങ്ങള്‍ക്ക് എന്ത് സന്ദേശമാണ് നല്കാന് ഉദ്ദേശിക്കുന്നതെന്ന് കോണ്‍ഗ്രസ് വിശദീകരിക്കണം. ആരാണ് അവരുടെ പ്രധാന രാഷ്ട്രീയ ശത്രുക്കള്‍…’ രാജ ചൊവ്വാഴ്ച എഎന്‍ഐയോട് പറഞ്ഞു.
It’s ironic that the same @cpofindia that complains about @RahulGandhi’s candidature in Wayanad is playing the BJP’s game in Thiruvananthapuram. The only effect of the CPI’s campaign against me in Thiruvananthapuram is to divide the anti-BJP vote. And they preach alliance dharma…
— Shashi Tharoor (@ShashiTharoor) March 19, 2024
അതേസമയം തിരുവനന്തപുരം ലോകസഭ മണ്ഡലത്തില്‍ ഇതിനോടകം തന്നെ ശക്തമായ പ്രചാരണമാണ് ബിജെപിയും സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ കാഴ്ചവയ്ക്കുന്നത്. പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് വരുമെന്ന് പ്രചാരണ സമയത്തു തന്നെ തിരിച്ചറിയാന്‍ സാധിക്കുന്നതായി നേതാക്കള്‍ വ്യക്തമാക്കി. 15വര്‍ഷം എംപിയായ ശശി തരൂരിന് നാടിനായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന് ജനം പ്രതികരിച്ചു തുടങ്ങിയതും കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ തോല്‍വി ഭീക്ഷണി ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: