തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് വ്യത്യസ്തമായ ആല്‍വിളക്ക് സമര്‍പ്പിച്ച് ദിവാന്‍ ബഹദൂര്‍ ജസ്റ്റിസ് ആറ്റുകാല്‍ ഗോവിന്ദപിള്ളയുടെ പിന്‍തലമുറക്കാര്‍. തിങ്കളാഴ്ച രാവിലെ ആറ്റുകാല്‍ ക്ഷേത്ര സന്നിധിയിലാണ് വിളക്ക് സമര്‍പ്പിച്ചത്.
കരമന ജഡ്ജ് റോഡിലെ ‘ടവര്‍വ്യൂ’ കുടുംബാംഗങ്ങളാണിവര്‍. ആല്‍മരത്തിന്റെ രൂപത്തില്‍ പിച്ചളയില്‍ പണികഴിപ്പിച്ച വിളക്കിന് അഞ്ചടി പൊക്കവും നൂറ് കിലോഗ്രാം ഭാരവും ഉണ്ട്.
20 വര്‍ഷം നീണ്ട അന്വേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ടവര്‍വ്യൂ’ കുടുംബത്തിന്റെ പത്ത് തലമുറയിലെ അഞ്ഞൂറോളം പേരെ ഉള്‍പ്പെടുത്തി യുഎസ്എ, ന്യൂജെഴ്സി സ്വദേശികളായ നാലാം തലമുറക്കാരി ദീറ്റ നായരും ഭര്‍ത്താവും അഞ്ചാം തലമുറാംഗവുമായ രമേശ് നായരും ഫാമിലി ട്രീ തയ്യാറാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ആല്‍വിളക്ക് സമര്‍പ്പിച്ചത്.
മാന്നാറിലെ രാജന്‍ ആചാരിയാണ് വിളക്ക് നിര്‍മ്മിച്ചത്. ‘ടവര്‍വ്യൂ’ കുടുംബാംഗങ്ങള്‍ക്ക് പുറമെ ഡോ. അച്യുത് ശങ്കര്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ ,ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ആറ്റുകാല്‍ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം കഴിഞ്ഞ് 128 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകത്തിന്റെ പല ഭാഗത്തുമുള്ള അദ്ദേഹത്തിന്റെ ഏഴു തലമുറ കുടുംബാംഗങ്ങള്‍ ആറ്റുകാലില്‍ തിങ്കളാഴ്ച ഒത്തുചേര്‍ന്നെന്ന പ്രത്യേകതയുമുണ്ട്. പിന്നണി ഗായിക കെ എസ്. ചിത്ര ഈ കുടുംബത്തിലെ നാലാം തലമുറക്കാരിയാണ്.
ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് (1896 ല്‍) ചെറുകര വലിയ വീട്ടംഗമായിരുന്ന ദിവാന്‍ ബഹദൂര്‍ ജസ്റ്റിസ് ആറ്റുകാല്‍ ഗോവിന്ദപിള്ള എന്ന ഗോവിന്ദപിള്ള ജഡ്ജിയുടെ നേതൃത്വത്തില്‍ ക്ഷേത്ര പുനരുദ്ധാരണം നടത്തി. ഓലമേഞ്ഞ കെട്ടിടത്തില്‍ നിന്ന് മാറി കേരളീയ മാതൃകയില്‍ ക്ഷേത്രം പുതുക്കിപ്പണിത് , വരിക്കപ്ലാവിന്റെ തടിയില്‍ ചതുര്‍ബാഹുവായ ദേവിയുടെ മൂലവിഗ്രഹം നിര്‍മ്മിച്ച് പ്രതിഷ്ഠാ കര്‍മ്മം നടത്തി. ഇതോടെ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് നാടിന്റെ പലഭാഗങ്ങളില്‍ നിന്നും ഭക്തജന പ്രവാഹം ആരംഭിച്ചു.
ദിവാന്‍ ബഹദൂര്‍ ജസ്റ്റിസ് ആറ്റുകാല്‍ ഗോവിന്ദപിള്ളയുടെ പാരമ്പര്യവഴികള്‍ ചരിത്രകാരന്‍മാര്‍ പഠന വിധേയമാക്കിയിട്ടുണ്ട്. വിവര്‍ത്തനകൃതികളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സാഹിത്യകാരന്‍ കൂടിയാണദ്ദേഹം.
സിഖ് സാമ്രാജ്യത്തിന്റെ സ്ഥാപകന്‍ മഹാരാജാ രഞ്ജിത് സിംഗിന്റെ മുഖ്യ ജ്യോത്സ്യരും ആത്മീയഗുരുവുമായിരുന്ന ശങ്കര്‍നാഥ് ജ്യോത്സ്യരുടെ കൊച്ചുമകനാണ് ദിവാന്‍ ബഹദൂര്‍ ജസ്റ്റിസ് ആറ്റുകാല്‍ ഗോവിന്ദപിള്ള. കേരളത്തില്‍ നിന്ന് ഇന്ത്യയൊട്ടാകെ സഞ്ചരിച്ച ആദിശങ്കരന്റെ പിന്‍ഗാമിയാണ് ശങ്കര്‍നാഥ് ജ്യോത്സ്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക