ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിയ്ക്കായി എത്തിയ ആന ഇടഞ്ഞു. കൊമ്പന് രാധാകൃഷ്ണന് ക്ഷേത്രത്തിനകത്തുവെച്ച് അനുസരണകേട് കാട്ടിയതിന്റെ ഫലമായി, ക്ഷേത്രത്തില്‍ ഇന്നലെ വൈകിട്ട് ആനയില്ലാതെ ശീവേലി നടത്തി.
ആനയുടെ ഇടചങ്ങലയും, നടചങ്ങലയും അഴിയ്ക്കാതിരുന്നതിനാല്, ക്ഷേത്രത്തിനകത്ത് വലിയൊരു ആപത്താണ് ഒഴിഞ്ഞുപോയത്. അവസാന നിമിഷത്തിലാണ് കൊമ്പന് കൃഷ്ണനാരായണനെ ശീവേലിയ്ക്കെത്തിയ്ക്കാന് കഴിയാതിരുന്നത്. അതോടെ കരുതലായി നിര്‍ത്തിയിരുന്ന കൊമ്പന് രാധാകൃഷ്ണനെ ശീവേലിയ്ക്കായി ക്ഷേത്രത്തിലെത്തിച്ചു. വൈകിട്ടത്തെ ശീവേലിയ്ക്കായി നിയോഗിച്ചിരുന്ന കൃഷ്ണനാരായണന്റെ ഒന്നാം പാപ്പാന് നന്ദന്, അമിത മദ്യലഹരിയില്‍ ആയതിനാലാണ് കരുതലായി നിര്‍ത്തിയിരുന്ന കൊമ്പന് രാധാകൃഷ്ണനെ ശീവേലിയ്ക്കായി എത്തിച്ചത്.
സ്വതവേ അനുസരണകേട് കാട്ടാറുള്ള കൊമ്പന് രാധാകൃഷ്ണനെ തിടമ്പ് കയറ്റാനായി ശീവേലിയ്ക്ക് നിയോഗിയ്ക്കാറില്ല. ശീവേലിയ്ക്ക് മുമ്പായി ക്ഷേത്രം മേല്‍ശാന്തി നാലമ്പലത്തില്‍ നിന്നും ഇറങ്ങി ചുറ്റമ്പലത്തിലെ ബലിക്കല്ലുകളില്‍ ബലിതൂവ്വാന് പ്രദക്ഷിണവരി പിന്നിട്ടശേഷം, അവകാശികള്‍ കുത്തുവിളക്ക് പിടിച്ച് മുന്നിലും, ക്ഷേത്രം ശാന്തിയേറ്റ കീഴ്ശാന്തി തിരുവാലൂര്‍ നാരായണന് നമ്പൂതിരി തിടമ്പുമായി പിന്നിലുമായി ആനയ്ക്കരികിലെത്തി. തിടമ്പ് കയറ്റാന്‍ കുനിഞ്ഞുനിന്ന ആന, മുന്നില്‍ വിളക്ക് പിടിച്ച് നിന്നിരുന്ന അച്ചുണ്ണി പിഷാരോടിയെ കൊമ്പുകൊണ്ട് തട്ടിമാറ്റി. പരിക്കുകളില്ലാതെ അച്ചുണ്ണി പിഷാരോടി രക്ഷപെട്ടെങ്കിലും, ക്ഷേത്രത്തിനകത്ത് തടിച്ചുകൂടിയ ഭക്തര്‍ ചിതറിയോടി.
ആറോളം ഫീല്‍ഡ് വര്ക്കര്മാരുള്ള ആനകോട്ടയില്‍, ഇന്നലെ വൈകിട്ട് ക്ഷേത്രത്തിലേയ്ക്ക് ആരും എത്തിയില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ചട്ടക്കാരന് നന്ദന്, മദ്യപിച്ച് ലക്കുകെട്ട വിവരം ഫീല്‍ഡ് വര്‍ക്കര്‍മാര്‍ ബന്ധപ്പെട്ട അധികാരികളെ അറിയിയ്ക്കാതിരുന്നതാണ് അനിഷ്ട സംഭവം നടന്നതെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റര്‍ പി. മനോജ്കുമാര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: