മോസ്കോ: റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ളാദിമിർ പുടിന് അഞ്ചാമതും ജയം. 87 ശതമാനത്തിലധികം വോട്ടുകൾ സ്വന്തമാക്കിയാണ് പുടിൻ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. വരുന്ന ആറ് വർഷത്തെ ഭരണം പുടിൻ ഉറപ്പിക്കുന്നതോടെ അധികാരക്കസേരയിൽ ഏറ്റവും കൂടുതൽ നാൾ ഇരുന്ന ഭരണാധികാരിയെന്ന ജോസഫ് സ്റ്റാലിന്റെ റെക്കോർഡ് പുടിൻ മറികടന്നു.
വിജയത്തിന് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പുടിൻ രംഗത്തെത്തി. ജനങ്ങൾ തന്റെ മേൽ അർപ്പിച്ച വിശ്വാസത്തിനും പിന്തുണയ്‌ക്കും നന്ദി അറിയിക്കുന്നതായി പുടിൻ പറഞ്ഞു. നമ്മെ ഭീഷണിപ്പെടുത്തുന്നവരെയും അടിച്ചമർത്തുന്നവരെയും കാര്യമാക്കേണ്ടതില്ല. നമ്മുടെ തീരുമാനങ്ങളും കാഴ്ചപ്പാടുകളുമാണ്. ഇതുപോലൊരു വിജയം ചരിത്രത്തിൽ ഉണ്ടായിട്ടില്ല – പുടിൻ പറഞ്ഞു.
റഷ്യയും യു.എസ് നേതൃത്വം നൽകുന്ന നാറ്റോ സൈനിക സഖ്യവും തമ്മിലുള്ള ബന്ധം വഷളാവുകയാണെങ്കിൽ മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യതയുണ്ടെന്നും പുടിൻ മുന്നറിയിപ്പ് നൽകി. മൂന്നാം ലോക മഹായുദ്ധത്തിന് ഒരു ചുവടകലെ മാത്രമാണെന്നും അത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്നും പുടിൻ കൂട്ടിച്ചേർത്തു.
എന്നാൽ രാഷ്‌ട്രീയമായി വിയോജിക്കുന്നവരെ തടവിലാക്കിയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചുമാണ് വീണ്ടും പുടിൻ റഷ്യൻ പ്രസിഡന്റാകുന്നതെന്ന് അമേരിക്കയും ബ്രിട്ടണും ജർമനിയും പ്രതികരിച്ചു. വെറും നാല് ശതമാനം വോട്ടുകൾ മാത്രം നേടിയാണ് കമ്മ്യൂണിസ്റ്റ് നേതാവ് നിക്കോളായ് ഖാരിറ്റോനോവ് തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയത്. തെരഞ്ഞെടുപ്പിൽ പുതുമുഖമായ വ്ലാഡിസ്ലാവ് ദവൻകോവ് മൂന്നാമതും അൾട്രാ നാഷണൽ ലിയോനിഡ് സ്ലട്ട്സ്കി നാലാമതും എത്തിയതായി ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് കണക്കുകൾ പുറത്തുവിട്ടുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: