പ്രകാശമേറ്റാൽ കണ്ണാടി പോലെ തിളങ്ങുന്ന കണ്ണാടിപ്പായ ഭൗമസൂചികപദവിയിലേക്ക്. ഇവ നെയ്തെടുക്കാൻ എടുക്കുന്ന കാലയളവ് ഒരു മാസമാണ്. ഇത്തരത്തിൽ നിരവധി പ്രത്യേകതകളാണ് കണ്ണാടിപ്പായക്കുണ്ട്. ഇപ്പോഴിതാ ഇതിന് ഭൗമസൂചിക പദവി നേടുന്നതിനുള്ള ശ്രമവുമായി മുന്നോട്ട് നീങ്ങുകയാണ് കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരും.
ഇടുക്കി, തൃശൂർ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ താമസിക്കുന്ന ഊരാളി, മാന്നാൻ, മുതുവാൻ, മലയൻ, കാടർ എന്നീ വിഭാഗങ്ങളിലുള്ള ആളുകളാണ് കണ്ണാടിപ്പായ നെയ്തെടുക്കുന്നത്. ഇക്കൂട്ടരുടെ കുലത്തൊഴിലാണ് എന്ന് വേണമെങ്കിലും പറയാം. കാട്ടിൽ പോയി ശേഖരിക്കുന്ന അപൂർവ്വ ഇനം ഞൂഞ്ഞിൽ ഈറ്റയാണ് കണ്ണാടിപ്പായയ്‌ക്ക് ഉപയോഗിക്കുന്നത്. പ്രത്യേക പ്രായത്തിലുള്ള ഈറ്റയാണ് പായ നിർമ്മിക്കുന്നതിനായി എടുക്കുന്നത്.
വളരെ ക്ഷമയോടെ നെയ്തെടുക്കുന്നവർക്ക് മാത്രമാണ് ഇത് ചെയ്ത് തീർക്കാനാകുക. വിവിധ ഡിസൈനുകളിൽ ഇന്ന് കണ്ണാടിപ്പായകൾ വിപണിയിൽ എത്താറുണ്ട്. എന്നാൽ ഇവയുടെ അടിസ്ഥാന രൂപമെന്നത് ചതുരക്കള്ളികളാണ്. കണ്ണാടിക്ക് സമാനമായ ചതുര ഡിസൈനിൽ പായ നെയ്തെടുക്കുന്നതിനാലാണ് ഇതിന് കണ്ണാടിപ്പായ എന്ന പേര് വന്നത്. മിനുസമുള്ളതിനാൽ വെളിച്ചം തട്ടി കണ്ണാടി പോലെ തിളങ്ങുന്നതാണ് ഇതിന് പേര് വരാൻ കാരണമെന്നും പറയപ്പെടുന്നു.
മുളയുടെ ഇത്രയധികം നേർത്ത പാളി ഉപയോഗിച്ച് നിർമ്മിക്കുന്ന പായ രാജ്യത്ത് വേറെയില്ല. ഇത് നിഷ്പ്രയാസം മടക്കുകയോ ഒടിക്കുകയോ ചെയ്യാനാകും. ഈ പ്രത്യേകതകളെല്ലാം ഉൾപ്പെടുത്തിയാണ് ഭൗമസൂചിക പദവിയിലേക്ക് അപേക്ഷിച്ചിരിക്കുന്നത്. ഇത് അവസാന ഘട്ടത്തിലാണെന്നും കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എവി രഘു പറയുന്നു. 4,000 രൂപ വരെ വിലമതിക്കുന്ന ഈ പായ പത്ത് വർഷം വരെ നിലനിൽക്കും എന്നതും പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: