ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം തുടങ്ങി പല മേഖലകളിലും മലയാളി ഒന്നാമതാണ്. പക്ഷേ, രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും ബാധിക്കുന്ന കാര്യങ്ങളില്‍ മലയാളികള്‍ അങ്ങനെയാണോ? ദേശീയതയ്ക്കും ദേശീയ താല്പര്യത്തിനും എതിരെ നിലകൊള്ളുന്ന നിലപാടല്ലേ മലയാളികള്‍ എക്കാലവും സ്വീകരിച്ചിട്ടുള്ളത്? സ്വാതന്ത്ര്യസമരത്തിന്റെ കാലം മുതല്‍ തന്നെ നമ്മള് ഈ തിരിഞ്ഞു നില്‍പ്പും പിന്നോട്ടടിയും തുടങ്ങിയിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ പോലെ സര്‍വ്വതലസ്പര്‍ശിയായ ബഹുജനപ്രക്ഷോഭം കേരളത്തില്‍ എത്രമാത്രം ഉണ്ടായി? മലയാളികള്‍ ആത്മപരിശോധന നടത്തേണ്ട സംഭവമാണ്. മദ്രാസ് പ്രവിശ്യയുടെ ഭാഗമായ മലബാറില്‍ ഉണ്ടായ അതിശക്തമായ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന്റെ നാലിലൊന്നു പോലും മറ്റു ഭാഗങ്ങളില്‍ ഉണ്ടായില്ല. ഇവിടെ തുടങ്ങുന്നു നമ്മുടെ പരാജയം.
അടിയന്തരാവസ്ഥയില്‍ രാജ്യം മുഴുവന്‍ അതിനെതിരായ പോരാട്ടം ശക്തമായപ്പോള്‍ കേരളത്തില്‍ ഉണ്ടായ പ്രതികരണം നിര്‍ജീവമായിരുന്നു. ആര്‍എസ്എസ്, സംഘപരിവാര്‍ പ്രസ്ഥാനങ്ങളും കുറച്ച് ഗാന്ധിയന്മാരും വിരലില്‍ എണ്ണാവുന്ന നക്സലൈറ്റുകാരും ഒഴികെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലെ എത്രപേര്‍ ജയിലുകളില്‍ എത്തി? അടിയന്തരാവസ്ഥയില്‍ അതിക്രമങ്ങളെ കുറിച്ച് ജനതാ പാര്‍ട്ടി നേതാവായിരുന്ന കെ.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടും ഇക്കാര്യം അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. സ്വതന്ത്ര ഭാരതം ലജ്ജിച്ചു തലതാഴ്ത്തിയ ആ കിരാതത്വത്തിന്റെ ഉത്തരവാദികളായ കോണ്‍ഗ്രസ് നേതാക്കളെയും അന്ന് ഉരുട്ടാന്‍ കൂട്ടുനിന്ന സിപിഐക്കാരും ഉള്‍പ്പെട്ട മുന്നണിയെ 125 ല്‍ 110 സീറ്റോടെയാണ് മലയാളികള്‍ ജയിപ്പിച്ചുവിട്ടത്. ഒരുപക്ഷേ, അടിയന്തരാവസ്ഥയെ ന്യായീകരിക്കുന്ന നിലപാട് സ്വീകരിച്ച ഏക സംസ്ഥാനം കേരളമായിരുന്നു. 100 ശതമാനം സാക്ഷരതയും ഏറ്റവും കൂടുതല്‍ സ്ത്രീ വിദ്യാഭ്യാസവും ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരുമുള്ള കേരളം എന്തുകൊണ്ടാണ് ഇങ്ങനെ പൊതുധാരയില്‍ നിന്ന് വഴിമാറി ചിന്തിക്കുന്നത്? നമ്മുടെ മൗലികമായ വീക്ഷണങ്ങളെ സ്വാധീനിക്കുന്ന ചില പഴയ കണ്ണടകള്‍ മാറ്റാന്‍ സമയമായിരിക്കുന്നു. ഏതു നല്ല കാര്യത്തിനും ഇടംകോലിടുന്ന ഒരു പിന്തിരിപ്പന് പിന്നാക്ക മനോഭാവം മലയാളികളില്‍ ശക്തമാവുന്നില്ലേ എന്നാണ് ആശങ്ക.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ നരേന്ദ്രമോദി അധികാരത്തില്‍ എത്തുകയും മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നിലംപരിശാവുകയും ചെയ്തപ്പോഴും 20 ല്‍ 19 സീറ്റ് നല്കി കോണ്‍ഗ്രസിനെ വിജയിപ്പിക്കുകയാണ് മലയാളികള്‍ ചെയ്തത്. ശബരിമല പ്രശ്നത്തിന്റെ പേരില്‍ പിണറായി വിജയനെതിരെ ഉയര്‍ന്ന അതിശക്തമായ ജനവികാരമാണ് കോണ്‍ഗ്രസ് അന്ന് മുതലാക്കിയത്. പക്ഷേ, വസ്തുതാപരമായി കാര്യങ്ങള്‍ വിലയിരുത്തിയാണ് നമ്മള് വോട്ട് ചെയ്തിരുന്നതെങ്കില്‍ കേരളത്തില്‍ നിന്ന് ഇത്രയധികം കോണ്‍ഗ്രസുകാര്‍ ഒരു പ്രയോജനവും ഇല്ലാതെ പാര്‍ലമെന്റില്‍ എത്തില്ലായിരുന്നു. ബിജെപി സംഘടനാ ദൃഷ്ടിയില് മഹാരാഷ്ട്രയില്‍ നിന്ന് വി. മുരളീധരനെയും കര്‍ണാടകത്തില്‍ നിന്ന് രാജീവ് ചന്ദ്രശേഖരനെയും പാര്‍ലമെന്റില്‍ എത്തിക്കുകയും ഒളിമ്പ്യന്‍ പി.ടി ഉഷയെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത് പാര്‍ലമെന്റില്‍ എത്തിച്ചതും കൊണ്ടാണ് മലയാളികളുടെ പ്രശ്നങ്ങള്‍ ഭരണപക്ഷത്തു നിന്ന് പരിഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്. ഇനിയും അതിനുള്ള സാധ്യതകള്‍ അടച്ചു കൊണ്ടാണ് രാജ്യസഭാ അംഗങ്ങളെ എല്ലാം ലോകസഭയിലേക്ക് നേരിട്ട് മത്സരിച്ചു ജയിക്കാന്‍ ആവശ്യപ്പെട്ട് മത്സരത്തിന് ഇറക്കിയിട്ടുള്ളത്.
ഇത് മലയാളികള്‍ക്ക്, രാഷ്ട്രീയത്തിന് അതീതമായ ഒരു അവസരമാണ്. ബിജെപിക്ക് രാഷ്ട്രീയനേട്ടം കൊയ്യാനല്ല പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തില്‍ നടപ്പിലാക്കുന്ന വിപ്ലവകരമായ ചരിത്രത്തില്‍ തന്നെ ഏറ്റവും നിര്‍ണായകമായ നാഴികക്കല്ലില്‍ കേരളം അടയാളപ്പെടുത്താതെ പിന്തിരിഞ്ഞു പോകുന്നു എന്നതാണ് സത്യം. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ള ദേശീയപാത മുതല്‍ കേരളത്തിലുടനീളം നടക്കുന്ന ചരിത്രം മാറ്റിമറിക്കുന്ന പരിവര്‍ത്തനം മലയാളിക്ക് കാണാതിരിക്കാന്‍ കഴിയുമോ? 40 വര്‍ഷം പിന്നിട്ട ആലപ്പുഴ ബൈപ്പാസ്, കൊല്ലം ബൈപ്പാസ് എന്നിവയ്ക്ക് മോചനമായത് നരേന്ദ്രമോദി അധികാരത്തില്‍ എത്തിയപ്പോഴാണ്. ഇന്ന് ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന വികസന കുതിപ്പിലേക്ക് ഭാരതം പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ എന്തിന് നമ്മള് മലയാളികള്‍ മാറിനില്‍ക്കണം? രാഷ്ട്രീയത്തിനതീതമായി വികസനത്തിനും ഭാരതത്തിന്റെ പരിവര്‍ത്തനത്തിനും വോട്ട് ചെയ്യാനുള്ള ബാധ്യത മലയാളിക്കുമില്ലേ?
ഇവിടെ ഉയര്‍ന്നുവരുന്ന മറ്റൊരു ചോദ്യം കൂടി മലയാളികള്‍ തന്നെ ഉത്തരം പറയേണ്ടതാണ്. പൂക്കോട് വെറ്ററിനറി കോളജില്‍ 22 കാരനായ സിദ്ധാര്‍ത്ഥനെ കഴുത്ത് ഞെരിച്ചൊടിച്ച് ഒരിറ്റു വെള്ളം ഇറക്കാന്‍ ആകാതെ കൊന്നുവീഴ്ത്തിയ മഹാപാപത്തിന്റെ പാപക്കറ കൈകളില്‍ നിന്ന് കഴുകി ഉണക്കും മുമ്പേ വീണ്ടും അടുത്ത സംഭവം. കേരള സര്‍വകലാശാലയില്‍ യുവജനോത്സവത്തിന് വിധികര്‍ത്താവായി വന്ന ഷാജി എന്ന നൃത്താധ്യാപകനെ സര്‍വകലാശാലയില്‍ വച്ച് എസ്എഫ്ഐ നേതാക്കള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ആത്മഹത്യ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന് രണ്ടാമൂഴം കൊടുത്ത മുഴുവന്‍ മലയാളികളുടെയും ശിരസിലാണ് ഇന്ന് ഇതിന്റെ പാപഭാരം തൂങ്ങി നില്‍ക്കുന്നത്.
പിണറായി വിജയന് ലഭിച്ച രണ്ടാമൂഴത്തിന്റെ അഹങ്കാരമാണ് ഇന്ന് എസ്എഫ്ഐയും സിഐടിയുവും കേരളത്തില്‍ കാട്ടിക്കൂട്ടുന്നത്. ഒരാഴ്ച എസ്എഫ്ഐക്ക് എത്ര ജീവന് വേണം എന്ന ചോദ്യമാണ് ഇന്ന് മലയാളികളുടെ മനസ്സില്‍ ഉയരുന്നത്. സിദ്ധാര്ത്ഥന് അനുഭവിച്ച നരകയാതന മാധ്യമങ്ങളില്‍ വായിക്കുമ്പോള്‍ പോലും ഉള്ളുതകരുന്ന ഒരു സമൂഹം കേരളത്തില്‍ ഉണ്ട്. സിദ്ധാര്‍ത്ഥന്റെ കൊലപാതകം, ഷാജി എന്ന അധ്യാപകന്റെ ജീവത്യാഗം മുതല്‍ നിരവധി വ്യവസായ സംരംഭകരുടെ ആത്മഹത്യ വരെയുള്ള സംഭവങ്ങളില്‍ ഉള്ളു ചുട്ടുപൊള്ളുന്നില്ലെങ്കില് നമ്മള് മനുഷ്യരാണോ? സച്ചിദാനന്ദന് മുതല്‍ താഴോട്ടും മുകളിലോട്ടും ഉള്ള സാഹിത്യ സാംസ്കാരിക നായകരില്‍ എത്രപേര്‍ ഈ സംഭവങ്ങളില്‍ പ്രതികരിച്ചു? അതേ പ്രതികരണശേഷി ഇല്ലായ്മയാണ് വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്ന മലയാളിസമൂഹത്തില്‍ ഇന്ന് കാണുന്നത്. അന്ധമായ വിശ്വാസത്തിന്റെ പേരില്‍ ചില കണ്ണടകള്‍ വെക്കാന്‍ ബാധ്യസ്ഥരാകുന്ന പൊതുസമൂഹം ആ കണ്ണട മാറ്റിവെച്ച് യാഥാര്‍ത്ഥ്യം അറിയാനും സത്യങ്ങള്‍ മനസ്സിലാക്കാനും അതിനനുസരിച്ച് ജനവിധി തീരുമാനിക്കാനും പഠിച്ചാല്‍ അല്ലേ മലയാളി മലയാളിയാകൂ.
ദേശീയ സ്വത്വത്തിന്റെ പേരില്‍ അഭിമാനോജ്വലമായ ഒരു രാഷ്ട്ര പുനര്‍നിര്‍മ്മിതിക്ക് വേണ്ടി വീണ്ടും ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍, ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായെങ്കിലും ഭാരതത്തെ വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന രീതിയില്‍ നരേന്ദ്രമോദിക്കൊപ്പം എന്ന നിലപാട് സ്വീകരിക്കാന്‍ തീവ്ര രാഷ്ട്രീയത്തിന്റെ തിമിരാന്ധത ബാധിക്കാത്ത മലയാളി മാറി ചിന്തിക്കേണ്ടെ? കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും മലയാളികളും എത്താന്‍, ആ യുഗപരിവര്‍ത്തനത്തിന് നാന്ദി കുറിക്കാന്‍ മോദിക്കൊപ്പം എന്ന നിലപാട് സ്വീകരിക്കാന്‍ ഇനിയെങ്കിലും മലയാളികള്‍ തയ്യാറാകണം. അത് ഭാരതത്തിനു വേണ്ടിയാണ്, കേരളത്തിനു വേണ്ടിയാണ്, നമ്മുടെ വരും തലമുറകള്‍ക്ക് വേണ്ടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: