ഭൂവനേശ്വര്‍: പാരിസ് ഒളിംപിക്സനൊരുങ്ങുന്ന ഭാരത ഹോക്കി ടീം ഗോള്‍ കീപ്പര്‍മാരെ ശക്തിപ്പെടുത്താന്‍ വിഖ്യാത ഗോള്‍ കീപ്പിങ് വിദഗ്ധന്‍ ഡെന്നിസ് വാന്‍ ഡി പോള്‍ ഭാരത ഹോക്കി പരിശീലന ക്യാമ്പില്‍.
ഭൂവനേശ്വറിലെ കലിംഗ ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിശീലന ക്യാമ്പില്‍ ഒളിംപിക് മെഡല്‍ സ്വന്തമാക്കിയ മലയാളി ഒളിംപ്യന്‍ പി.ആര്. ശ്രീജേഷ് അടക്കമുള്ളവര്‍ക്കൊപ്പം ഏറെ സൗഹാര്‍ദപരമായ അന്തരീക്ഷത്തിലാകും ഡച്ച് ഗോള്‍കീപ്പിങ് വിദഗ്ധന്റെ അഭ്യാസമുറകള്‍ പുരോഗമിക്കുക. ഭാരത ഹോക്കി ടീമിന്റെ മുഖ്യ പരിശീലകന് ക്രെയ്ഗ് ഫുള്‍ട്ടന്റെ മേല്‍ നട്ടത്തിലുള്ള പരിശീലനം 26 വരെ തുടരും.
ശ്രീജേഷിനൊപ്പം മറ്റ് ഭാരത ഗോള്‍കീപ്പര്‍മാരായ കൃഷന് പഥക്, സുരാജ് കര്‍ക്കേറ എന്നിവരുമായി ഇണങ്ങിച്ചേര്‍ന്നുകൊണ്ടുള്ള പാഠവങ്ങളായിരിക്കും ഡെന്നിസ് പകര്‍ന്നു നല്‍കുക. പത്ത് ദിവസത്തെ പരിശീലനം ഭാരതത്തന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിന് ഒരാഴ്ച മുമ്പായിരിക്കും അവസാനിക്കുക. ഇതിന് മുമ്പും ഡെന്നിസ് ഭാരത ടീമിന് പരിശീലകവേഷത്തില്‍ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഹോക്കിയില്‍ വീണ്ടും ഒളിംപിക്സ് സ്വര്‍ണനേട്ടം എന്ന വമ്പന്‍ സ്വപ്നത്തിലേക്കുള്ള ഒരുക്കത്തിലാണ് ഭാരത ടീം. ഗോള്‍ കീപ്പിങ് അടക്കം ടീമിന്റെ ഒരു ഡിപ്പാര്‍ട്ട്മെന്റിലും പിഴവ് ഉണ്ടാകാന്‍ പാടില്ലെന്നാണ് ആഗ്രഹിക്കുന്നത്- ഹോക്കി ഇന്ത്യ അധ്യക്ഷന്‍ ഡോ. ദിലിപ് ടിര്‍ക്കി പറഞ്ഞു. വമ്പന്‍ നേട്ടം കൊയ്യന്‍ ടീമിന് എല്ലാവിധ പിന്തുണയും ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭാരത ഹോക്കി ടീമിന്റെ ഗോള്‍ കീപ്പിങ് സംഘവുമായി പല ഘട്ടങ്ങളിലും ഡെന്നിസ് ഇടപേട്ടിട്ടുണ്ട്. ഇവര്‍ക്കിടയിലെ രസതന്ത്രം ഏറെ ഫലപ്രദമായിരുന്നുവെന്ന് പലതവണ തെളിയിക്കപ്പെട്ടതാണ്. ഏറെ സൗഹാര്‍ദപരമാണ് ഇവര്‍ക്കിടയിലെ രസതന്ത്രം. നിര്‍ണായക ഘട്ടത്തില്‍ ഇത്തരമൊരു പരിശീലക സെഷന് ഒരുക്കുന്നത് വരാനിരിക്കുന്ന വമ്പന്‍ മത്സരങ്ങളില്‍ വലിയ ഫലം കൊണ്ടുവരുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഇനിയുള്ള ഇടവേളകളില്‍ ഭാരത ടീമിലെ ഓരോ മേഖലയും ശക്തിപ്പെടുത്തി സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക പരിശീലന പദ്ധതിയെന്നും അധികൃതര്‍ വിശദമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: