യേശുദാസാണ് ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകള്‍ പാടി അനശ്വരമാക്കിയ ഗായകന്. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ശ്രീകുമാരന്‍ തമ്പിയുടെ പത്ത് പാട്ടുകള്‍ ഈയിടെ യേശുദാസ് തന്നെ തെരഞ്ഞെടുത്തിരുന്നു. ശ്രീകുമാരന്‍ തമ്പിയ്ക്ക് 84 വയസ്സ് തികയുന്ന വേളയിലാണ് യേശുദാസ് ഈ പത്ത് ഗാനങ്ങള്‍ ഓര്‍ത്തെടുത്ത് ഒരു പ്രമുഖ ദിനപത്രത്തിന് വേണ്ടി വായനക്കാരുമായി പങ്കുവെച്ചത്.
വിഷുക്കണി എന്ന സിനിമയിലെ സലില്‍ ചൗധരി സംവിധാനം ചെയ്ത ‘മലര്‍ക്കൊടി പോലെ വര്‍ണ്ണത്തുടി പോലെ’ എന്ന ഗാനം യേശുദാസിന് ഇഷ്ടപ്പെടാന്‍ വ്യക്തിപരമായ കാരണം കൂടിയുണ്ട്. ഈ പാട്ട് പാടുന്ന കാലത്താണ് യേശുദാസിന് ആദ്യ കുഞ്ഞായ വിനോദ് ജനിക്കുന്നത്. ‘കാലമറിയാതെ ഞാന്‍ അച്ഛനായ്…കഥയറിയാതെ നീ പ്രതിച്ഛായയായ്…’ എന്ന വരി പാടുമ്പോള്‍ അറിയാതെ കരഞ്ഞുപോയെന്നും യേശുദാസ് തന്നെ ഒരിയ്ക്കല്‍ പറഞ്ഞിട്ടുണ്ട്.
1968ല്‍ പാടുന്ന പുഴ എന്ന സിനിമയില്‍ പാടിയ ഹൃദയസരസ്സിലെ എന്ന ഗാനം മലയാളികള്ക്കെന്നെന്നും ഇഷ്ടമുള്ള പ്രണയഗാനമാണ്. ദക്ഷിണാമൂര്‍ത്തിയാണ് ഈ ഗാനം സംഗീതം ചെയ്തത്. ഇത് യേശുദാസിനും ഏറെ പ്രിയങ്കരമായ പാട്ടാണ്.
1968ല്‍ തന്നെ ദക്ഷിണാമൂര്‍ത്തി സംഗീതം ചെയ്ത ഭാര്യമാര്‍ സൂക്ഷിക്കുക എന്ന സിനിമയിലെ
‘ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം‘ എന്ന ഗാനം യേശുദാസിന്റെ പട്ടികയില്‍ ഉണ്ട്.പി.ലീലയാണ് ഇതില്‍ യേശുദാസിനൊപ്പം പാടിയിരിക്കുന്നത്. മോഹനം എന്ന രാഗത്തിലാണ് ഈ ഗാനം ദക്ഷിണാമൂര്‍ത്തി ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ശ്രീകുമാരന്‍തമ്പി അനേകം തത്വചിന്താധിഷ്ഠിതമായ ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ അനശ്വരമായ ഒന്നാണ് സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം എന്ന ഗാനം. ഇത് യേശുദാസിന് ഏറെ പ്രിയമാര്‍ന്ന ഗാനമാണ്. മോഹിനിയാട്ടം എന്ന സിനിമയ്ക്ക് വേണ്ടി ദേവരാജന്‍ മാസ്റ്ററാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്.
1967ല്‍ ചിത്രമേള എന്ന സിനിമയില്‍ ജി. ദേവരാജന്‍ സംഗീതം ചെയ്ത ആകാശദീപമേ ആര്‍ദ്രനക്ഷത്രമേ എന്ന ഗാനം യേശുദാസിന്റെ പ്രിയപ്പെട്ട പാട്ടാണ്.
1982ല്‍ എറെ ഹിറ്റായ സംഗീതപ്രാധാന്യമുള്ള ചിത്രമായിരുന്നു ഗാനം. അതില്‍ ദക്ഷിണാമൂര്‍ത്തി ചിട്ടപ്പെടുത്തിയ അര്‍ധശാസ്ത്രീയഗാനമാണ് ‘ആലാപനം…ആലാപനം...’ എന്ന ഗാനം. സംഗീതത്തെ ജീവിതവുമായി ബന്ധപ്പെടുത്തി തമ്പി എഴുതിയ മികച്ച വരികള്‍ കൂടിയാണ് ഇതില്‍.
ശ്രീകുമാരന്‍ തമ്പി ഏറെ ആരാധിച്ചിരുന്ന സംഗീതസംവിധായകനാണ് എം.എസ്. വിശ്വനാഥന്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് മറക്കാനാവാത്ത ഒട്ടേറെ ഈണങ്ങള്‍ എം.എസ്. വിശ്വനാഥന് പകര്‍ന്നിരുന്നു. 1971ല്‍ അദ്ദേഹം സംഗീതം നിര്‍വ്വഹിച്ച സിനിമയാണ് ലങ്കാദഹനം. ഇതിലെ ‘ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി…’ എന്ന ഗാനം യേശുദാസിന്റെ അതിവൈകാരികമായ ആലാപനത്താല്‍ അവിസ്മരണീയമായ ഗാനമാണ്.
ചന്ദ്രകാന്തം എന്ന സിനിമ 1974ല്‍ പുറത്തിറങ്ങിയ സിനിമയിലും ശ്രീകുമാരന്‍ തമ്പി-എം.എസ്. വിശ്വനാഥന് കൂട്ടുകെട്ടാണ്. ‘ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാന്‍…’ എന്ന ഗാനത്തിലൂടെ പരിശുദ്ധപ്രണയത്തിന്റെ ഭാവങ്ങളാണ് ശ്രീകുമാരന്‍ തമ്പി ആവാഹിക്കുന്നത്.
എം.എസ്. ബാബുരാജുമായും ശ്രീകുമാരന്‍ തമ്പിയും ചേര്‍ന്ന് ഒട്ടേറെ ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍പ്പെട്ട ഒരു ഗാനമാണ് ‘അകലെയകലെ നീലാകാശം’. 1968ല്‍ പുറത്തിറങ്ങിയ മിടുമിടുക്കി എന്ന സിനിമയിലേതാണ് ഈ ഗാനം. യേശുദാസിന്റെ മികച്ച ഗാനങ്ങളുടെ ലിസ്റ്റെടുത്താല്‍ അതില്‍ ആദ്യപട്ടികയില്‍ തന്നെ സ്ഥാനംപിടിക്കുന്നതാണ് ഈ ഗാനം.
എം.കെ. അര്ജുനന് എന്ന സംഗീതസംവിധായകനൊപ്പവും ശ്രീകുമാരന്‍ തമ്പി പ്രവര്‍ത്തിച്ചിട്ടുണ്ട്. അനശ്വരമായ ഒരു പിടി ഗാനങ്ങളും ഈ കൂട്ടുകെട്ടില്‍ വിരിഞ്ഞു. 1975ല്‍ പുറത്തിറങ്ങിയ പിക് നിക് എന്ന സിനിമയിലെ ‘കസ്തൂരി മണക്കുന്നല്ലോ കാറ്റേ…’ എന്ന ഗാനം അനശ്വരമാണ്. യേശുദാസ് ഈ പ്രണയഗാനത്തെ ആലാപനത്തിലൂടെ കൂടുതല്‍ ഹൃദ്യമാക്കി.
തന്റെ കാലഘട്ടത്തെ ഈണങ്ങളിലൂടെ വിസ്മയിപ്പിച്ച മുഴുവന്‍ പ്രധാന സംഗീതസംവിധായകര്‍ക്കും പാട്ടെഴുതാന്‍ കഴിഞ്ഞു എന്ന അപൂര്‍വ്വ ഭാഗ്യവും ശ്രീകുമാരന്തമ്പിയ്ക്കുണ്ടായി. എം.എസ്. വിശ്വനാഥന്, എം.എസ്. ബാബുരാജ്, ജി. ദേവരാജന്‍, സലില്‍ ചൗധരി, എം.കെ. അര്ജുനന്, ദക്ഷിണാമൂര്‍ത്തി എന്നിവരുടെയെല്ലാം പ്രിയങ്കരനായ ഗാനരചയിതാവാകാനും ശ്രീകുമാരന്‍തമ്പിയ്ക്ക് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: