(ശാന്തിപാഠം)
ഉപനിഷത്പഠനം ആരംഭിക്കുന്നത് ശാന്തിപാഠത്തോടെയാണ്.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, നാം കരുതുന്നതുപോലെ ശാന്തി പാഠങ്ങളൊന്നും ശിഷ്യനെ കൊണ്ട് ചൊല്ലിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതല്ല, അതില്‍ പഠിക്കാന്‍ പോകുന്ന ശാസ്ത്രത്തിന്റെ അന്തഃസത്തയുണ്ട്. അതുകൊണ്ടുതന്നെ അതെല്ലാം ആത്മാര്‍ത്ഥയോടെ ഗുരു നടത്തുന്ന പ്രാര്‍ത്ഥനകളുമാണ്. അദ്ദേഹം അത് ചൊല്ലുമ്പോള്‍, ശിഷ്യന് ഏറ്റു ചൊല്ലുകയാണ് ചെയ്യുന്നത്. ആയതിനാല്‍ ശാന്തിപാഠത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം പഠനത്തിന്റെ അവസാനമേ നമുക്ക് പൂര്‍ണ മായും മനസ്സിലാകൂ. ഇവിടെ ഗുരു പ്രാര്‍ത്ഥിക്കുന്നത് വളരെ ഗഹനമായ ഒരു വേദമന്ത്രമാണ്.
ഓം പൂര്‍ണമദഃ പൂര്‍ണമിദം
പൂര്ണാത് പൂര്‍ണമുദച്യതേ
പൂര്‍ണസ്യ പൂര്ണമാദായ
പൂര്‍ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
അത് പൂര്‍ണ്ണമാകുന്നു, ഇതും പൂര്‍ണ്ണമാകുന്നു, ആ പൂര്‍ണ്ണത്തില്‍ നിന്നാണ് ഈ പൂര്‍ണം ഉദയം ചെയ്യുന്നത്. പൂര്‍ണത്തില്‍ നിന്നും പൂര്‍ണതയെ എടുത്തിട്ട് (ഹരിച്ചിട്ട്) പൂര്‍ണം മാത്രം അവശേഷിക്കുന്നു.
‘പൂര്‍ണം’ എന്ന വാക്കിലൂടെ ഒരു വലിയ ദര്‍ശനത്തെയാണ്, ഈ വരികളില്‍ ഒതുക്കിനിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ വരികളിലേയും ആ വാക്കിന് വളരെ വിശാലമായ അര്‍ത്ഥതലമാണുള്ളത്.
ആദ്യത്തെ വരിയിലെ, ‘അത് പൂര്‍ണമാകുന്നു’ എന്നതിലൂടെ ഋഷി അര്‍ത്ഥമാക്കുന്നത്. സൃഷ്ടിക്കുമുമ്പേ ഉണ്ടായിരുന്നത് എന്തോ, അത് പൂര്‍ണമാണെന്നാണ്. അതായത്, അപ്പോള്‍ ഉണ്ടായിരുന്നത് സൃഷ്ടിക്കപ്പെട്ടതായിരുന്നില്ല. ഇന്നലെയും ഇന്നും നാളെയുമായി നിലനില്ക്കുന്നതും, എവിടെ തുടങ്ങിയെന്നോ, എവിടെ അവസാനിക്കുമെന്നോ, പറയാന്‍ കഴിയാത്തതുമായ ഒന്നാണ്. (അത് കാലാതീതവും, നാശരഹിതവുമായ ഒരു അനന്തതയാണ്). ഏകവും മനുഷ്യബുദ്ധിക്ക് അതീതവുമായ ആ സത്താവിശേഷമാണ് ഈ ലോകത്തിനാകെ ഉണ്മ പകരുന്നത്. (ഉപനിഷത്തിലൂടെ മുന്നോട്ട് പോകുമ്പോള്‍ അത് വ്യക്തമായി വെളിവാകും) ആ സത്തയെയാണ് ‘പൂര്‍ണത’ എന്ന വാക്ക് കൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത്. (മനുഷ്യന്റെ വാക്കിനും മനസ്സിനും ബുദ്ധിയ്ക്കും അപ്പുറമുള്ള ആ പൂര്‍ണതയെ നാം പരമാത്മാവെന്നാണ് വിളിക്കുന്നത്).
ഇതും പൂര്‍ണമാകുന്നു… (ഇവിടുത്തെ പൂര്‍ണത, ഈ ലോകമാണ്). പുറമേനിന്നുള്ള ഒരു സഹായവുമില്ലാതെ ഒന്നിനെ മറ്റൊന്നുമായി ബന്ധിപ്പിച്ച്, ആവശ്യമുള്ളതിനെയെല്ലാം രൂപപ്പെടുത്തികൊണ്ട്, സ്വയം നിലനില്ക്കുവാന്, എന്റെ ബാഹ്യവും ആന്തരികവുമായ ലോകത്തിനും കഴിയുന്നുണ്ട്. ആ അര്‍ത്ഥത്തിലാണ് ഒരു വ്യവസ്ഥിതിയായ ഈ പ്രകൃതിയും പൂര്‍ണമാകുന്നത്. ശരിക്കും ഇവിടെ പൂര്‍ണമെന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്, പ്രത്യക്ഷമായ ഈ ലോകത്തെയല്ല. ഇതിന്റെ സൃഷ്ടിയ്ക്ക് ആധാരമായി നില്ക്കുന്ന ജ്ഞാനത്തെയാണ്. അതിലെ എല്ലാം തികഞ്ഞ രൂപകല്‍പ്പനയാണ്, ഈ ലോകത്തെ പൂര്‍ണമാക്കി തീര്‍ക്കുന്നത്.
അവനില്‍ നിന്നാണ് ഈ പൂര്‍ണത ഉദയം ചെയ്യുന്നത്. എന്നുപറഞ്ഞാല്‍, ഈ പൂര്‍ണതയുള്ള വ്യവസ്ഥിതിക്ക് അടിസ്ഥാന കാരണമായ ആ ജ്ഞാനവും, അതിനനുസരിച്ച് ഓരോന്നിനേയും സൃഷ്ടിച്ചെടുത്ത് ഈ ലോകമായി നില്ക്കുന്ന ശക്തിയ്ക്കും കാരണം ഈശ്വരനാണെന്നാണ് പറയുന്നത്. എങ്ങ നെയെന്നാല്‍ ചിലന്തി തന്റെ തന്നെ ആശയമായ, വലയെന്ന സങ്കല്‍പ്പത്തെ, തന്റെ ഉള്ളില്‍ നിന്ന് തന്നെ നൂല് എടുത്തിട്ട് സൃഷ്ടിച്ചെടക്കുന്നതു പോലെ, പൂര്‍ണമായ ഒരു ലോകം എന്ന തന്റെ ആശയത്തെ സ്വയം ഈശ്വരന് തന്നെ രൂപപ്പെടുത്തുകയായിരുന്നു. ഈ സ്യഷ്ടി താനേ ഉണ്ടായതല്ല. ഇതിനുപിന്നില്‍ ശക്തവും വ്യക്തവുമായ ഒരു ഇച്ഛ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുകയാണ്.
(തുടരും)
ആദിത്യഹൃദയം
സന്താപ നാശകരായ നമോ നമഃ
(എല്ലാ സന്താപങ്ങള്ക്കും കാരണം സ്വയം വെളിവാകാത്തതാണ്. ഇരുട്ടില്‍ ഇരിയ്ക്കുന്ന എന്നെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്ന ആത്മജ്യോതിസ്സായ…സൂര്യദേവാ… അങ്ങേയ്ക്ക് നമസ്കാരം.)
അന്ധകാരാന്തകരായ നമോ നമഃ
(വെളിയിലേയും എന്റെ ഹൃദയത്തിലേയും ഇരുട്ടിനെ അകറ്റുന്ന ദേവാ… നമസ്കാരം)
ചിന്താമണേ ചിദാനന്ദായ തേ നമഃ
(ചിന്തകളെയെല്ലാം ഉണര്‍ത്തി നിര്‍ത്തുകയും, സത്തായും ചിത്തായും ആനന്ദമായും, അവയ്ക്കെല്ലാം ആധാരമായും വര്‍ത്തിക്കുന്ന…. ആനന്ദസ്വരൂപാ… നമസ്കാരം)
നിഹാരനാശകരായ നമോ നമഃ
(പുറത്തും അതുപോലെ എന്റെ ഉള്ളിലും, മഞ്ഞുപോലെ പടരുന്ന അവ്യക്തതയേയും, ആലസ്യത്തിനേയും അകറ്റുന്ന പ്രകാശരൂപാ… അങ്ങേയ്ക്ക് നമസ്ക്കാരം)
മോഹവിനാശകരായ നമോ നമഃ
(നിത്യം ഏത് അനിത്യം ഏത് എന്ന് അറിയാതെയുള്ള എന്റെ കാഴ്ചയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും വ്യക്തത നല്കുന്ന ജ്യോതിസ്വരൂപാ… നമസ്കാരം.)
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
(വൈവിധ്യങ്ങളായ എല്ലാ രൂപ ഭാവങ്ങളുമായി)
കാന്തിമതാം കാന്തിരൂപായ തേ നമഃ
(ചരമായും അചരമായും ജ്യോതിസ്സുകള്‍ക്കെല്ലാം ജ്യോതിസ്സായും നിന്ന് പ്രകാശിക്കുന്ന പരംപൊരുളെ…നമസ്കാരം.)
സ്ഥാവരജംഗമാചാര്യായ തേ നമഃ
(സൂര്യചന്ദ്രാദികള്‍ അടക്കമുള്ള സര്‍വതിന്റെയും ആചാര്യനായ തമ്പുരാനേ… നമസ്കാരം.)
ദേവായ വിദൈ്വകസാക്ഷിണേ തേ നമഃ
(ഈ ലോകത്തിനകത്തും പുറത്തുമായി വ്യാപിച്ച് നില്ക്കുന്ന നീ അറിയാതെ ഇവിടെ ഒന്നും സംഭവിക്കുന്നില്ല. എങ്കിലും ഒന്നിലും ഇടപെടാതെ ഒരു സാക്ഷി മാത്രമായി നിന്ന് പ്രകാശിക്കുന്ന, സര്‍വതിനും സത്തായ ജ്യോതിസ്സേ… നമസ്കാരം.)
സത്വപ്രധാനായ തത്ത്വായ തേ നമഃ
(എന്നിലെ ഉണ്മയെ എനിക്ക് പകര്‍ന്ന് നല്കി, നിന്നെയും എന്നെയും ഒന്നാക്കുന്ന ജ്ഞാനസ്വരൂപാ… അങ്ങേയ്ക്ക് നമസ്കാരം.)
സത്യസ്വരൂപായ നിത്യം നമോ നമഃ
(എന്നും, സത്യം സ്വരൂപമായുള്ള ദേവാ… അങ്ങേയ്ക്ക് എന്റെ നിത്യ പ്രണാമങ്ങള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: