ന്യൂദല്‍ഹി: ഭാരത് ന്യായ് യാത്രയില്‍ വനിതകള്‍ക്ക് ജോലിയില്‍ 50 ശതമാനം സംവരണം നല്കുന്ന മഹിളാന്യായ് നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി. കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ എത്ര സീറ്റ് വനിതകള്‍ക്ക് നല്‍കിയെന്ന ഷമാ മുഹമ്മദിന്റെ ചോദ്യം മറക്കല്ലേയെന്ന് രാഹുല്‍ ഗാന്ധിയോട് സമൂഹമാധ്യമങ്ങള്‍.
കേരളത്തിലെ ഷമാ മുഹമ്മദ് എന്ന നേതാവ് വനിതകള്‍ക്ക് സീറ്റ് കൊടുക്കാത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞതേയുള്ളൂ. വനിത സംവരണത്തിന്റെ പേരില്‍ താന്‍ അടച്ചാക്ഷേപിച്ച ബിജെപി കേരളത്തില്‍ വനിതകള്‍ക്ക് നീക്കിവെച്ചത് 20ല്‍ മൂന്ന് സീറ്റുകള്‍. തന്റെ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ് കൊടുത്തത് 20ല്‍ ഒരു സീറ്റ് മാത്രം. അതായത് കേരളത്തില്‍ കോണ്‍ഗ്രസ് വനിതകള്‍ക്ക് നല്‍കിയത് 5 ശതമാനം സീറ്റുകള്‍ മാത്രമാണ്.
ഇതോടെ ഷമാ മുഹമ്മദിന് ഒരു കാര്യം മനസ്സിലായി- കേരളത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ വനിതകളോട് സ്നേഹമുള്ള പാര്‍ട്ടി ബിജെപിയാണ്. ബിജെപി ജനറല്‍ സീറ്റുകളിലാണ് മൂന്നിടത്ത് വനിതകളെ മത്സരിപ്പിക്കുന്നത്. കാസര്‍കോട് അശ്വിനി, പൊന്നാനിയില്‍ നിവേദിതാ സുബ്രഹ്മണ്യം, പിന്നെ ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്. കോണ്‍ഗ്രസാകട്ടെ ഒരു വനിതയെ മത്സരിപ്പിച്ചത് ആലത്തൂരില്‍ മാത്രം. സംവരണ സീറ്റില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത് രമ്യാ ഹരിദാസ് മാത്രം.
വനിതാ സംവരണത്തിന്റെ പേരില്‍ ബിജെപിയ്ക്കെതിരെ കോണ്‍ഗ്രസിനെ പിന്തുണച്ച് ചാനല്‍ ചര്‍ച്ചകളില്‍ വാദിച്ചതെല്ലാം വെറുതെയായി എന്ന് ചിന്തിക്കുകയാണ് ഷമാ മുഹമ്മദ്. ഏറ്റവുമൊടുവില്‍ ഷമാ മുഹമ്മദിനെ ഒതുക്കാന്‍ കോണ്‍ഗ്രസില്‍ ഷമാ മുഹമ്മദ് ആരുമല്ലെന്ന കെ. സുധാകരന്റെ തള്ളിപ്പറച്ചില്‍ കൂടി കേട്ടതോടെ ഷമാ മുഹമ്മദ് ഒതുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: