തിരുവല്ല: സംസ്ഥാന സര്‍ക്കാരിന്റെ പരിഷ്കരിച്ച ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പാക്കിയാല്‍ ആയുര്‍വേദം അടക്കമുള്ള പരമ്പരാഗത ചികിത്സാ കേന്ദ്രങ്ങള്‍ പ്രതിസന്ധിയിലാകും. മോഡേണ്‍ മെഡിസിന് ഒത്താശ ചെയ്യുന്നതാണ് പുതിയ ആക്ട് എന്നാണ് പരമ്പരാഗത ചികിത്സകര്‍ പറയുന്നത്. കേരളത്തിലെ ചികിത്സാ കേന്ദ്രങ്ങള്‍ക്കുള്ള നിയന്ത്രണം എന്ന നിലയിലാണ് ആക്ട് കൊണ്ടുവന്നത്. ആക്ട് പൂര്‍ണതോതില്‍ നടപ്പാക്കിയാല്‍ വര്‍ഷങ്ങളായി നടന്നുവരുന്ന പ്രമുഖ സ്ഥാപനങ്ങളടക്കം അടച്ചുപൂട്ടേണ്ടി വരും.
ചികിത്സകരുടെ പുതുതലമുറയ്ക്ക് പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കി പരിശീലനം നല്കേണ്ടതിന് പകരം തിടുക്കപ്പെട്ട നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്പെഷലൈസേഷന് ഇല്ലാത്ത ചികിത്സകര്‍ക്ക് പുതിയ വ്യവസ്ഥകള്‍ പ്രകാരം ചികിത്സ തുടരാന്‍ സാധ്യമല്ല. ആയുര്‍വേദ ഡോക്ടര്‍മാരില്‍ അധികവും ബിഎഎംഎസ് മാത്രമുള്ളവരാണ്. പഥ്യം, വ്യായാമം തുടങ്ങി അടിസ്ഥാന വിധികള്‍ക്കു പോലും പുതിയ വ്യവസ്ഥയില്‍ അനുവാദമില്ല.
ഇതോടെ മര്‍മ്മ ചികിത്സ, ആയുര്‍വേദ കോസ്മെറ്റൊളജി, വെല്‍നസ് ക്ലിനിക്ക്, പ്രമേഹ ക്ലിനിക്ക്, ത്വക്രോഗ ക്ലിനിക്ക് തുടങ്ങിയവ അടച്ചുപൂട്ടേണ്ടി വരും. പ്രസവാനന്തര പരിചരണം, വാതരോഗങ്ങള്‍ക്ക് ഒപി ചികിത്സ നല്കുന്ന ആയുര്‍വേദ റുമാറ്റോളജി ക്ലിനിക്ക്, നേത്രചികിത്സ സെന്റര്‍, പഞ്ചകര്‍മ്മ സെന്റര്‍ എന്നിവയുടെ നടത്തിപ്പിന് ഇതുവരെയില്ലാത്ത കര്‍ശന വ്യവസ്ഥകളാണ് ആക്ടില്‍ പറയുന്നത്. അതതു വിഷയത്തില്‍ ബിരുദാനന്തരബിരുദമോ പിജി ഡിപ്ലോമയോ ഉളള ചികിത്സകന് വേണമെന്ന നിബന്ധനയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ആയുര്‍വേദ നഴ്സ്, ഫാര്‍മസിസ്റ്റ്, പഞ്ചകര്‍മ്മ തെറാപിസ്റ്റ് എന്നിവര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള കോഴ്സ് പാസായവരാകണമെന്നും നിബന്ധനയുണ്ട്. ആയുര്‍വേദ നഴ്സ്, ഫാര്‍മസിസ്റ്റ,് പഞ്ചകര്‍മ്മ തെറാപിസ്റ്റ് എന്നിവക്ക് സംസ്ഥാനത്ത് അംഗീകാരം നല്കാന് കൗണ്‍സില്‍ ഇല്ല. രണ്ടോ മൂന്നോ ആയുര്‍വേദ കോളജുകളില്‍ മാത്രമാണ് ഈ കോഴ്സുകള്‍ നടത്തുന്നതും. അതാവട്ടെ എല്ലാ വര്‍ഷവും ഇല്ലതാനും. അതിനാല്‍ സര്‍ക്കാര്‍ കോളജില്‍ പഠിച്ച ആയുര്‍വേദ നഴ്സ്, ഫാര്‍മസിസ്റ്റ,് പഞ്ചകര്‍മ്മ തെറാപിസ്റ്റുകളെ ആവശ്യത്തിന് ലഭ്യമല്ല.
ചികിത്സാ കേന്ദ്രങ്ങളുടെ ഗുണനിലവാരം നിര്‍ണയിക്കുന്ന ദേശീയ സമിതിയായ എന്‍എബിഎച്ച് പോലും നിര്‍ദേശിക്കാത്ത മാനദണ്ഡങ്ങളാണ് വന്‍കിട ആശുപത്രികളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ആശുപത്രി നടത്തുന്നതിന് എന്‍എബിഎച്ച് ഇളവുകള്‍ നിലവിലുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷന് പുറത്താകുന്ന പരമ്പരാഗത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരും. എന്‍എബിഎച്ച് അംഗീകാരമുള്ള സ്ഥാപനങ്ങള്‍ക്കും എസ്റ്റാബ്ലിഷ്മെന്റ് ലൈസന്‍സ് നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലെ രാഷ്ട്രീയ ആയുര്‍വേദ വിദ്യാപീഠം നടത്തുന്ന ഗുരു- ശിഷ്യ പരമ്പര പദ്ധതിയിന്‍ നടക്കുന്ന കോഴ്സുകള്‍ക്കും സംസ്ഥാനത്ത് അംഗീകാരമില്ലാതെ വരും. നിലവിലെ ചട്ടപ്രകാരം ആയുര്‍വേദ ചികിത്സയ്ക്കു ശസ്ത്രക്രിയ അനുവദനീയമല്ല. എന്നാല്‍ പുതിയ ചട്ടപ്രകാരം ആധുനിക സൗകര്യമുള്ള ശസ്ത്രക്രിയാ വിഭാഗവും നിര്‍ബന്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: