തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ നല്കി വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചത് എസ്എഫ്ഐക്കാര്‍ തന്നെ. കോഴ നല്കാന് മൗനാനുവാദം നല്‍കിയത് സിപിഎം സംസ്ഥാന സെക്രട്ടറിയും.
വിധികര്‍ത്താക്കളുടെ വിവരം കൈമാറാന്‍ തിരുവനന്തപുരത്തെ മുന്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറി അഞ്ചുലക്ഷം വാഗ്ദാനം നല്‍കിയെന്ന് സിപിഎമ്മിന് പരാതി നല്കി എസ്എഫ്ഐ നേതാവ്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായ എ.എ. അക്ഷയ് ആണ് കലോത്സവം തുടങ്ങുന്നതിന് മുന്നേതന്നെ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന് പരാതി നല്‍കിയത്.
യുവജനോത്സവ പ്രോഗ്രാം സബ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ അക്ഷയ് കലോത്സവം തുടങ്ങുന്നതിന് അഞ്ചുദിവസം മുന്നേ ആണ് എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയും സിപി
എം നേമം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ജെ.ജെ. അഭിജിത്തിനെതിരെ എം.വി. ഗോവിന്ദന് പരാതി നല്‍കിയത്. കലോത്സവത്തിന് മുന്നേ നൃത്ത ഇനങ്ങളിലെ വിധികര്‍ത്താക്കളുടെ വിവരം ചോര്‍ത്തി നല്‍കണമെന്നാവശ്യപ്പെട്ട് അഭിജിത്ത് ഫോണ്‍വിളിച്ചെന്നും അഞ്ചുലക്ഷം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമായിരുന്നു പരാതി. എന്നാല്‍ ഗോവിന്ദന് പരാതി പൂഴ്ത്തി.
ഡിവൈഎഫ്ഐയുടെ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുത്തശേഷം ബിയര്‍ കഴിച്ചതിന്റെ വിഡിയോ പുറത്തു വന്നതിനെത്തുടര്‍ന്നാണ് അഭിജിത്തിനെ ഏരിയാകമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയത്. എസ്എഫ്ഐ നേതാക്കള്‍ തന്നെയാണ് കോഴയ്ക്ക് പിന്നിലെന്ന ആരോപണം കലോത്സവത്തിലെ സംഘര്‍ഷത്തിനിടെ ഉയര്‍ന്നിരുന്നു.
തിരുവനന്തപുരം ജില്ലയിലെ എസ്എഫ്ഐ നേതാക്കളും സര്‍വകലാശാല യൂണിയനും തമ്മിലടിച്ചപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. യുവജനോത്സവ സംഘാടനവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും വിധികര്‍ത്താവിന്റെ ആത്മഹത്യയും വിവാദമായതോടെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നിട്ടുണ്ട്.
കത്തിക്കുത്ത് കേസിലെ പ്രതിയും വോളണ്ടിയറായിരുന്നുവെന്നും ആത്മഹത്യചെയ്ത ഷാജിയെ മര്‍ദിക്കുമ്പോള്‍ ഇയാളും അവിടെ ഉണ്ടായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലും സംസ്കൃത കോളേജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസിലും പ്രതിയായ നെയ്യാറ്റിന്‍കര മുന്‍ ഏരിയാ സെക്രട്ടറി ആരോമല്‍ വോളണ്ടിയറായി പ്രവര്‍ത്തിച്ചുവെന്നാണ് വിവരം. ആരോമലിനെ എസ്എഫ്ഐയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും എസ്എഫ്ഐയില്‍ തന്നെ ഉണ്ടെന്നും ഇതോടെ വ്യക്തമായിട്ടുണ്ട്.
അതേസമയം, വിധി കര്‍ത്താവ് ഷാജിയുടെ മരണത്തില്‍ കണ്ണൂരില്‍ നിന്നുള്ള അന്വേഷണ സംഘം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: