ന്യൂദല്‍ഹി: വനിതാ പ്രീമിയര്‍ ലീഗ്(ഡബ്ല്യുപിഎല്‍) ക്രിക്കറ്റിന്റെ രണ്ടാം പതിപ്പിന് ഇന്ന് കലാശപ്പോരോടെ സമാപനം. രാത്രി 7.30ന് നടക്കുന്ന ഫൈനലില്‍ ദല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കിരീടത്തിനായി ഏറ്റുമുട്ടും. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തോടെ ഡബ്ല്യുപിഎലിന് കിട്ടാന്‍ പോകുന്നത് പുതിയ താരറാണിമാരെയാണ്.
പ്രഥമ ലീഗ് ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് മത്സരത്തില്‍ പരാജയപ്പെട്ടതോടെ കിരീടതുടര്ച്ചയ്ക്ക് അവകാശികളില്ലെന്ന് ഉറപ്പായി. ഇന്ന് ഫൈനല്‍ കളിക്കുന്ന രണ്ട് ടീമുകളില്‍ ആര് ജയിച്ചാലും ഡബ്ല്യുപിഎലിന് കിട്ടുന്നത് പുതിയ ചാമ്പ്യന്മാരെയായിരിക്കും. ദല്‍ഹിക്ക് കഴിഞ്ഞ ഫൈനല്‍ കളിച്ച പരിചയമുണ്ട്. കഴിഞ്ഞ തവണത്തെ പോലെ ഇക്കുറിയും ലീഗ് മത്സരങ്ങളില്‍ മുന്നിലെത്തിയതിന്റെ ബലത്തില്‍ അവര്‍ നേരിട്ട് ഫൈനലില്‍ പ്രവേശിച്ചു. ആര്‍സിബിയുടെ ആദ്യ ഫൈനല്‍ പ്രവേശമാണ്. നിലവിലെ ചാമ്പ്യന്മാരെ പ്ലേ ഓഫില്‍ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് അവര്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. എലിസെ പെറിയുടെ ഓള് റൗണ്ട് മികവാണ് ടീമിന് ലീഗില്‍ ഉടനീളം മുതല്കൂട്ടായത്. നിര്‍ണായകമായ പ്ലേ ഓഫില്‍ പൊരുതാവുന്ന ടോട്ടല്‍ സ്വന്തമാക്കിയതിലും താരത്തിന്റെ അര്‍ദ്ധസെഞ്ചുറിക്കും ഒരു വിക്കറ്റ് നേട്ടത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് മത്സരഫലം തെളിയിക്കുന്നു.
ലീഗ് റൗണ്ടിലെ എട്ട് മത്സരങ്ങളില്‍ നാല് ജയത്തോടെ എട്ട് പോയിന്റുമായാണ് ആര്‍സിബി പ്ലേ ഓഫിന് അര്‍ഹത നേടിയത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ രണ്ട് വേദികളിലായാണ് ഡബ്ല്യുപിഎല്‍ മത്സരങ്ങള്‍ നടന്നത്. ലീഗ് മത്സരങ്ങളിലെ പകുതി മത്സരങ്ങള്‍ ആദ്യം ബെംഗളൂരുവില്‍ നടന്നിരുന്നു. പ്ലേ ഓഫും ഫൈനലും അടക്കം ബാക്കിയുള്ളവയ ദല്‍ഹിയിലുമാണ്.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യ ഏറ്റുമുട്ടലില്‍ പരാജയപ്പെട്ട ആര്‍സിബി ദല്‍ഹിയില്‍ നടന്ന രണ്ടാം പോരില്‍ അവരെ തോല്‍പ്പിച്ചു. കഴിഞ്ഞ രണ്ടിന് നടന്ന മത്സരത്തില്‍ ആര്സിബിക്കിതെരി ബെംഗളൂരുവില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് മുംബൈ സ്വന്തമാക്കിയത്. 29 പന്തുകള്‍ ബാക്കിവച്ചുകൊണ്ടുള്ള വമ്പന്‍ ജയമാണ് അന്ന് മുംബൈ നേടിയത്. പത്ത് ദിവസത്തിന് ശേഷം ദല്‍ഹിയില്‍ ഇരു ടീമുകളും വീണ്ടും മുഖാമുഖം വന്നു. മുംബൈയെ ഏഴ് വിക്കറ്റിന് തകര്‍ത്തുകൊണ്ട് ആര്‍സിബി മധുരപ്രതികാരം തീര്‍ത്തു. അതേ നാണയത്തില്‍ 30 പന്തുകള്‍ ബാക്കിവച്ചുകൊണ്ടായിരുന്നു ആ വിജയം. ഒടുവില്‍ ഇരുവരും വീണ്ടും പ്ലേ ഓഫില്‍. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അവസാന ഓവറിലാണ് ആര്‍സിബി അഞ്ച് റണ്‍സ് വിജയം സ്വന്തമാക്കി ഫൈനല്‍ ഉറപ്പിച്ചത്.
തുടരെ രണ്ട് ഡബ്ല്യുപിഎലിലും കലാശപ്പോരിന് അര്ഹരായെന്ന ഖ്യാതിയുമായാണ് ഡിസിയുടെ വരവ്. ലീഗ് റൗണ്ടിലെ എട്ടില്‍ ആറ് മത്സരങ്ങളും ജയിച്ച് 12 പോയിന്റുമായാണ് അവര്‍ ഒന്നാം സ്ഥാനത്തോടെ ഫൈനലില്‍ നേരിട്ട് യോഗ്യത ഉറപ്പാക്കിയത്. ഇത്തവണത്തെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടും പിന്നീട് ഒരു മത്സരത്തില്‍ യുപി വാരിയേഴ്സിനോടും മാത്രമാണ് ദല്‍ഹി ഇപ്രാവശ്യം പരാജയം അറിഞ്ഞിട്ടുള്ളത്. ആര്‍സിബിക്കെതിരെ ലീഗ് റൗണ്ടില്‍ രണ്ട് തവണ കളിച്ചപ്പോഴും ഡിസി വിജയിച്ചിരുന്നു. ബെംഗളുരുവില്‍ നടന്ന ആദ്യ മത്സരത്തില്‍ 25 റണ്‍സ് വിജയം നേടി. എന്നാല്‍ സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ടീം വിറച്ചാണ് വിജയിച്ചത്. കഴിഞ്ഞ പത്തിന് നടന്ന ആ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 181 റണ്‍സെടുത്ത ദല്‍ഹിക്കെതിരെ ആര്‍സിബി 180 റണ്‍സെടുത്തു. അതിന് ശേഷം ഇരുവരും മുഖാമുഖം വരുന്ന കളിയാണിന്ന്.
കരുത്തരായ മുംബൈയെ തോല്‍പ്പിച്ചതിലൂടെ ആര്‍സിബിയുടെ പോരാട്ടവീര്യം കൂടിയിട്ടുണ്ടോ എന്ന് പരീക്ഷിക്കപ്പെടുന്ന ദിവസമാണിന്ന്. അതിനെ മറികടക്കാന്‍ ദല്‍ഹിയുടെ പക്കലുള്ള തന്ത്രങ്ങള്‍ കണ്ടറിയേണ്ട ദിവസവും ഇതുതന്നെ. ഒടുവില്‍ ആരാവും ആഘോഷിക്കുക? പുതിയ ജേതാക്കള്‍ നിര്‍ണയിക്കപ്പെടുന്ന നിമിഷത്തിനായി കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: