മുന്നണിക്ക് പതാകയുണ്ടാകുമോ? പൊതുചിഹ്നമുണ്ടാകുമോ? ദേശീയ രാഷ്ട്രീയം ഏറ്റവും ശക്തമായി ചേരിതിരിഞ്ഞ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച കാലം 1996 ലെ പൊതുതെരഞ്ഞെടുപ്പു കഴിഞ്ഞാണ്. ബിജെപിയും ശിവസേനയും അകാലിദളും ഒരു പക്ഷത്ത് മുന്നണിയായി മത്സരിച്ച് കോണ്‍ഗ്രസിന്റെയും മറ്റ് പാര്‍ട്ടികളുടെയും വെല്ലുവിളികള്‍ക്ക് മറുപടിയായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ദേശീയ രാഷ്ട്രീയത്തിലെ വലിയൊരു വഴിത്തിരിവായിരുന്നല്ലോ. പക്ഷേ അതിന്റെ ഭാഗമായുണ്ടായ എന്‍ഡിഎക്കോ ഐക്യമുന്നണിെയന്ന യുഎഫിേനാ കോണ്‍ഗ്രസിന്റെ സഖ്യമുന്നണിക്കോ ഒന്നും ഒരു കൊടിയും ചിഹ്നവും പൊതുവായുണ്ടായില്ല. എന്നാല്‍ ജനതാപാര്‍ട്ടിയായി മാറിയ തുടക്കത്തില്‍ നാലു പാര്‍ട്ടികള്‍ മാത്രമായിരുന്ന ‘മുന്നണി’ക്ക് ഒരു പതാകയുണ്ടായി, ചിഹ്നമുണ്ടായി.
പാര്‍ട്ടിക്ക് എന്താവണം പതാകയെന്ന ചര്‍ച്ച നടത്തിയത് മൊറാര്‍ജി ദേശായിയുടെ വീട്ടില്‍വച്ചായിരുന്നു. സ്വതന്ത്രതാപാര്‍ട്ടിയുടെ നേതാവ് പീലൂ മോദി, ചരണ്‍സിങ്, സിക്കന്ദര്‍ ഭക്ത്, വാജ്പേയി, അദ്വാനി തുടങ്ങിയവര്‍ ചര്‍ച്ചയിലുണ്ടായിരുന്നു. പീലൂമോദിയാണ് തുടങ്ങിയത്. നീലനിറത്തിലുള്ള പതാകയെന്നഭിപ്രായം പറഞ്ഞു. ഒറ്റ നിറമായിരിക്കണം പക്ഷേ അത് നീലയല്ല, പച്ചയാകണമെന്നായി ചരണ്‍സിങ്ങിന്റെ വാദം. പച്ച കൃഷിയുടെ നിറമാണ്, ആ നിറം സ്വീകരിച്ചാല്‍ രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരോടുള്ള ജനതാപാര്‍ട്ടിയുടെ പ്രതിബദ്ധത സൂചിപ്പിക്കാനാകുമെന്നും വിശദീകരിച്ചു. സംഘടനാ കോണ്‍ഗ്രസുകാരനായിരുന്ന (കോണ്‍ഗ്രസ് (ഓ)) സിക്കന്ദര്‍ ഭക്തിനെ ഇത് ചൊടിപ്പിച്ചു. പച്ചക്കൊടിയോ? അത് പാകിസ്ഥാന്റെയാണ്, അത് വേണ്ട എന്നായി ഭക്ത്. അദ്വാനിയുടെ അഭിപ്രായം കൊടിക്ക് കാവിനിറം വേണമെന്നായിരുന്നു. 1931 ല്‍ കോണ്‍ഗ്രസ് ഫഌഗ് കമ്മിറ്റി, കാവിപതാകയില്‍ നീല ചര്‍ക്കയെന്ന നിര്‍ദ്ദേശം സമര്‍പ്പിച്ച കാര്യം അനുസ്മരിക്കുകയും ചെയ്തു.
ഒടുവില്‍ മൊറാര്‍ജിയാണ് നിശ്ചയിച്ചത് പച്ചയോ കാവിയോ മാത്രം പോരാ രണ്ടും ചേര്‍ന്നു വേണമെന്ന്. അതില്‍ കര്‍ഷകന്റെ പ്രതീകമായ കലപ്പയേന്തിയ കര്ഷകന് കാവിഭാഗത്ത് വേണമെന്നും തീരുമാനിച്ചു. കൊടിയുടെ ആദ്യഭാഗത്ത് മൂന്നിലൊന്ന് പച്ച, ബാക്കി കാവി, അതില്‍ ‘ഹലധാരി’ (കലപ്പയേന്തിയ) കര്ഷകന്- അങ്ങനെ കൊടിയുണ്ടായി. അത് ജനതാപാര്‍ട്ടിയുടെ കൊടിയായിരുന്നുവെങ്കിലും കോണ്‍ഗ്രസിനും മറ്റ് എതിര്‍പക്ഷ പാര്ട്ടികള്ക്കുമെതിരെയുള്ള മുന്നണിയുടെ കൊടിയായി. കലപ്പയേന്തിയ കര്ഷകന് തെരഞ്ഞെടുപ്പ് ചിഹ്നവുമായി.
പഴയ പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാക്കിയ പുതിയ മുന്നണി പുതിയ പാര്‍ട്ടിയായിരുന്നു ജനങ്ങള്‍ക്കു മുന്നില്‍. പുതിയ ചിഹ്നവും പുതിയ നേതാക്കളും. തെരഞ്ഞെടുപ്പോ ഏറെ നിര്‍ണായകവും. അന്നുവരെ ഉണ്ടായിട്ടില്ലാത്ത വാശിയും ലക്ഷ്യവും ആ തെരഞ്ഞെടുപ്പില്‍ ഉണ്ടായി. ജനാധിപത്യത്തിന്റെ ഉയര്‍ന്ന സ്ഥാനത്തിനുള്ള അക്ഷരാര്‍ത്ഥത്തില്‍ത്തന്നെയുള്ള പോ
രാട്ടമായിരുന്നു അത്. ജനമനസുകളില്‍ കയറിക്കൂടിയിരുന്ന കോണ്‍ഗ്രസിന്റെ ചര്‍ക്കയെ മാറ്റി, കലപ്പയേന്തിയ കര്‍ഷകനെ സ്ഥാപിക്കണമായിരുന്നു. കോണ്‍ഗ്രസിന് വ്യാപകമായ വേരോട്ടമുള്ള സംഘടനാ സംവിധാനം, സര്‍ക്കാരിന്റെ സാമ്പത്തിക ഔദ്യോഗിക സഹായം, ഒപ്പം നില്ക്കാന് മാധ്യമങ്ങളും. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അതോടെ പ്രതിപക്ഷം കെട്ടിപ്പൊക്കിയ സങ്കല്പവും വിശ്വാസവുമെല്ലാം തകരും. ജനതാപാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ ജനക്കൂട്ടമുണ്ടായി. എന്നാല്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരം എന്നത് പ്രകടമായതേ ഇല്ല തുടക്കത്തില്‍. തെരഞ്ഞെടുപ്പില്‍ പക്ഷേ കോണ്‍ഗ്രസ് തോറ്റ് തൊപ്പിയിട്ടു. 542 സീറ്റില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കിട്ടിയത് 154 സീറ്റ്. 41.3 ശതമനം വോട്ട് നേടി ജനതാപാര്‍ട്ടി. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്റെ തുടക്കമായിരുന്നു അത് എന്ന് പറയാം. കോണ്‍ഗ്രസിന് എന്നിട്ടും 34.52 ശതമാനം വോട്ടു കിട്ടി. പക്ഷേ ശതമാന കണക്കുകള്‍, റായ്ബറേലിയില്‍ ഇന്ദിരയും അമേഠിയില്‍ മകന് സഞ്ജയ് ഗാന്ധിയും തോറ്റതിന്റെ അപമാനത്തിന് പകരമായില്ല.
കമ്യൂണിസ്റ്റുകാര്‍ അടിയന്തരാവസ്ഥയെന്ന ജനാധിപത്യക്കൊല നടത്തിയ കോണ്‍ഗ്രസിന്റെയും ഇന്ദിരാഗാന്ധിയുടെയും ഒപ്പമായിരുന്നു. കേരളത്തില്‍ സിപിഐയും കോണ്‍ഗ്രസും ഒന്നിച്ച് ഭരിച്ചതാണ് ചരിത്രം. തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തുടരാന്‍ നടത്തിയ, അവസാനകൈ ഇതായിരുന്നു. അവര്‍ കരസേന, വ്യോമസേന, നാവികസേന മേധാവികളുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് ഫലത്തിന് വിരുദ്ധമായി, ഇന്ദിരയെ പ്രധാനമന്ത്രിസ്ഥാനത്തു തുടരാന്‍ സേനകള്‍ പിന്തുണയ്ക്കുമോ എന്നായിരുന്നു ചോദ്യം. സേനാത്തലവന്മാര് അതിന് തയാറായില്ല. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ (പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ) അന്നത്തെ ലേഖകന്‍ കെ.പി. കൃഷ്ണനുണ്ണി, തെരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കെ, 30 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിക്കുന്നുവെന്ന് വാര്‍ത്ത എഴുതിക്കൊടുത്തു, പക്ഷേ എന്തിനും പോന്ന ഇന്ദിരയുടെ സാഹസമനസ് അറിയാമായിരുന്ന എഡിറ്റര്‍, സേനാതലവന്മാരുടെ തീരുമാനം വരുംവരെ വാര്‍ത്ത പിടിച്ചുവച്ചു.
പില്ക്കാലത്ത്, സേനാതലവന്മാര്, അധികാരം പിടിച്ചുകൊടുക്കാമെന്ന് പറഞ്ഞെങ്കിലും ഇന്ദിര തയാറായില്ല എന്ന് കള്ളക്കഥയുണ്ടാക്കി കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന് പ്രസംഗിച്ചു. എന്നാല്‍ അത് കേന്ദ്രസര്‍ക്കാരും പാര്‍ട്ടിയും ഇടപെട്ട് തിരുത്തിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: