ന്യൂദല്‍ഹി: ദല്‍ഹി മദ്യനയക്കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ബിആര്‍എസ് നേതാവ് കെ. കവിതയെ കസ്റ്റഡിയില്‍ വിട്ടു. വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ആവശ്യപ്രകാരം 23 വരെ ഇ ഡി കസ്റ്റഡിയില്‍ വിടുകയായിരുന്നു. റോസ് അവന്യൂ കോടതി പ്രത്യേക ജഡ്ജി എം.കെ. നാഗ്പാലിന്റേതാണ് ഉത്തരവ്.
പത്ത് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യണമെന്നാണ് ഇ ഡി കോടതിയില്‍ ആവശ്യപ്പെട്ടത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കേസ് കെട്ടിമച്ചതാണെന്നും അധികാര ദുര്‍വിനിയോഗവും രാഷ്ട്രീയ പകപോക്കലുമാണെന്ന് കവിത കോടതിയില്‍ ആരോപിച്ചു. എന്നാല്‍ കവിതയ്ക്കെതിരെ തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നും വിശദ വിവരങ്ങള്‍ക്കായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ ഡി അറിക്കുകയായിരുന്നു.
വെള്ളിയാഴ്ച കവിതയുടെ വസതിയിലും മറ്റും ഇ ഡിയുടെ സംഘം തെരച്ചില്‍ നടത്തുകയും തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് വിശദമായ അന്വേഷണങ്ങള്‍ക്കായി ഇ ഡി സംഘം ഇവരെ ദല്‍ഹിയിലേക്ക് കൊണ്ടുപോയി. ശരത് റെഡ്ഡി, രാഘവ് മഗുന്ത, മഗുന്ത ശ്രീനിവാസുലു റെഡ്ഡി, ആം ആദ്മി പാര്‍ട്ടി നേതാക്കള്‍, കവിത എന്നിവര്‍ ചേര്‍ന്ന് 100 കോടിയോളം രൂപയുടെ അഴിമതി നടത്തിയിട്ടുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: