വീടുപണിയുന്നഭൂമി എങ്ങനെയുള്ളതായാലും പേടിക്കേണ്ട. അതിനെ ശരിയാക്കിയെടുക്കാം. വാസ്തുശാസ്ത്രം അന്ധവിശ്വാസത്തെ തള്ളിക്കളയുന്ന പ്രകൃതിയുടെ പ്രായോഗിക ശാസ്ത്രമാണ്.
ഒന്നാമതായി വേണ്ടത് വീടു വയ്‌ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി ഏതാകൃതിയിലുള്ളതായാലും ശരി ദീര്‍ഘചതുരമോ സമചതുരമോ ആയി ഒരു വാസ്തുമണ്ഡലം വേര്‍തിരിച്ചെടുത്തു ചുറ്റുമതില്‍ കെട്ടുക. പണിക്ക് സാധനങ്ങള്‍ കൊണ്ടുവരാന്‍ ഒരു വശത്തുമാത്രം ആവശ്യാനുസരണം തുറന്നിടാം. പറമ്പിന്റെ കോണുകളും വളവും തിരിവുമൊക്കെ പ്രസ്തുത വാസ്തുമണ്ഡലത്തിനു പുറത്താക്കി സജ്ജീകരിക്കാം എന്നര്‍ഥം.
പ്രസ്തുത, വീടുവയ്‌ക്കേണ്ട ഭൂമി കിഴക്കോട്ടും വടക്കോട്ടും മഴവെള്ളം ഒഴുകുന്ന തരത്തില്‍ കിഴക്കും വടക്കും താഴ്ന്നിരിക്കുന്ന വിധത്തില്‍ നന്നായി മണ്ണിട്ടു മട്ടപ്പെടുത്തി എടുക്കുക.
വീട്ടിലും പറമ്പിലും ശുഭചൈതന്യം (പോസിറ്റീവ് എനര്‍ജി) നല്‍കുന്ന പാലുള്ള വൃക്ഷങ്ങളും മണമുള്ള നല്ല പൂക്കളും ഫലങ്ങളും നല്‍കുന്ന സസ്യങ്ങള്‍ മാത്രം നിലനിര്‍ത്തുക. വീടിനോടു ചേര്‍ന്ന വാസ്തുമണ്ഡല ത്തിനകത്ത് നാരക ഇനങ്ങള്‍, കറിവേപ്പില, പപ്പായ, അക്കേഷ്യ, മുരിങ്ങ, ശീമപ്ലാവ്, മുള്‍ച്ചെടികള്‍ എന്നിങ്ങനെ അശുഭചൈതന്യം (നെഗറ്റീവ് എനര്‍ജി) നല്‍കുന്ന സസ്യജാലങ്ങള്‍ ഒഴിവാക്കുക.
ഭൂമി ശുദ്ധീകരണം
ഭവനനിര്‍മാണത്തിനായി കിട്ടുന്ന ഭൂമിയില്‍ കാണുന്ന പുറ്റുകള്‍, പാമ്പിന്‍ മാളങ്ങള്‍, പെരുച്ചാഴിമാളം ഇങ്ങനെയുള്ളവ വെട്ടി ഇളക്കി ആവശ്യമായ മാറ്റം ചെയ്യണം. ദുര്‍ഗന്ധമുള്ള മണ്ണ്, പണ്ടു കുഴിച്ചിട്ട ഭസ്മം, കുടുക്കകള്‍, ഉമി, തലനാര്, പുഴുക്കള്‍ വമിക്കുന്ന പോടുകള്‍, പഴയ മരം മുറിച്ച കുറ്റികള്‍, ഉമി, മറ്റുതരം മാലിന്യവസ്തുക്കള്‍ എന്നിവ ഭവനം നില്‍ക്കേണ്ട മണ്ണില്‍നിന്നു മാന്തിയെടുത്തു മാറ്റണം. ഇത്തരം അഴുക്കുകള്‍ മാറ്റിയശേഷം ഉറപ്പുള്ള നല്ല മണ്ണുകൊണ്ട് നിറയ്‌ക്കണം.
അസ്ഥിഖണ്ഡങ്ങള്‍, കുഴിമാടം ഭൂമിയില്‍ അസ്ഥിക്കഷ്ണങ്ങള്‍, മുന്‍കാലത്ത,് അടക്കം ചെയ്തവരുടെ കല്ലറകള്‍ എന്നിവയെ പൂര്‍ണമായി കണ്ടാല്‍ അവയെ പൂര്‍ണമായി നീക്കം ചെയ്തശേഷം ഭൂമി ശുദ്ധീകരണം ചെയ്ത് നല്ല മണ്ണ് നിറയ്‌ക്കാം. അസ്ഥിഖണ്ഡം കണ്ടുവെന്ന കാര ണത്താല്‍ ആ ഭൂമി വീടുവയ്‌ക്കാതെ ഉപേക്ഷിക്കേണ്ടതില്ല. മരണപ്പെട്ടവര്‍ ആരെയും തേടിവരുന്നില്ല. വാസ്തുശാസ്ത്രത്തില്‍ നാം അന്ധവിശ്വാസം വച്ചു പുലര്‍ത്തരുത്. ശാസ്ത്രീയത മാത്രം കണക്കിലെടുത്താല്‍ മതി. പ്രപഞ്ചം ഉണ്ടായ കാലം മുതല്‍ ഇങ്ങോട്ടു ചിന്തിച്ചാല്‍ ഏതെങ്കിലും ജീവജാലങ്ങളുടെ അസ്ഥിക്കഷണം വീഴാത്ത ഒരു തുണ്ട് ഭൂമിപോലും ഈ പ്രപഞ്ചത്തില്‍ ഉണ്ടാവുകയില്ല. മരണപ്പെട്ടവരുടെ ആത്മാവ് അഞ്ചുകൊല്ലത്തിലധികം പ്രപഞ്ചത്തില്‍ വ്യക്തിരൂപേണ നിലനില്‍ക്കില്ല. അതിനകം അത് എവിടെയെങ്കിലും പുനര്‍ജനിച്ചിരിക്കും. ആയതിനാല്‍ പഴയ അസ്ഥിഖണ്ഡങ്ങള്‍, ചുടലത്തെങ്ങ്, കുഴിമാടങ്ങള്‍ ഇവ എടുത്തു മാറ്റി ശുദ്ധിചെയ്ത് വീട് നിര്‍മിക്കാം.
പഴയ കിണര്‍ നികത്തുമ്പോള്‍ വീടു വയ്‌ക്കുന്ന ഭൂമിയിലോ, വീടും സ്ഥലവുമായി വാങ്ങുമ്പോഴോ പറമ്പില്‍ ഉപയോഗശൂന്യമായ കിണര്‍ കണ്ടാല്‍ അതു വാസ്തുനിയമപ്രകാരം മണ്ണിട്ട് മൂടേണ്ടതാണ്. കുടിവെള്ളത്തി നായി ഭൂമിയില്‍ ഒരു കാലത്ത് കുഴിച്ച കിണറായതിനാല്‍ അതു നികത്തുന്നത് പ്രകൃതിയെ മാനിച്ചുവേണം. ആദ്യമായി മൂടുന്ന ആ കിണറിനകത്തേക്ക് സൂര്യോദയം കഴിഞ്ഞ് അര മണിക്കൂര്‍ കൂടി കഴിഞ്ഞശേഷം സൂര്യനെ സാക്ഷി നിര്‍ത്തി ഒരു വലിയ കപ്പ് പാല്‍ ഓഴിക്കണം. ശേഷം ഒരു ഗ്ലാസ് കരിമ്പിന്‍നീര് ഒഴിക്കണം. അതിനുശേഷം അല്‍പ്പം തേന്‍, അതു കഴിഞ്ഞ് ഒരു കുടം ശുദ്ധജലം പിന്നെ ഒരു കുട്ട നല്ല മണ്ണ്. ഇത്രയും നിക്ഷേപിച്ചശേഷം മാത്രമേ മറ്റു മണ്ണും കല്ലും ഉപയോഗിച്ച് കിണര്‍ നികത്താവൂ. നമുക്ക് ദൃഷ്ടി ഗോചരമായ പഞ്ചഭൂതശക്തികളാണ് ഭൂമി, ജലം, സൂര്യന്‍ എന്നിവ യൊക്കെ. ആ പ്രകൃതിശക്തികളെ മാനിച്ച് ജീവിച്ചാല്‍ ഭൂമിയിലെ ജീവിതം സുഖകരമാവും.
(തുടരും)
(വാസ്തുശാസ്ത്രവിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: