അഹമ്മദാബാദ്: അസാധ്യമെന്ന് തോന്നുന്ന എല്ലാ ജോലികളും പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർത്തിയാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗാന്ധിനഗറിൽ നിന്നുള്ള ലോക്‌സഭാ എംപിയായ അമിത് ഷാ വ്യാഴാഴ്ച ഗുജറാത്ത് സർക്കാർ സംഘടിപ്പിച്ച പദ്ധതികളുടെ ഉദ്ഘാടന പരിപാടിയിൽ വിർച്ച്വൽ കോളിലൂടെ സംസാരിക്കുകയായിരുന്നു.
അഹമ്മദാബാദ്, ഗാന്ധിനഗർ ജില്ലകളിൽ 3,012 കോടി രൂപ ചെലവ് വരുന്ന പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. സബർമതി റിവർ ഫ്രണ്ടിന്റെ 9 കിലോമീറ്റർ വികസനം, അഹമ്മദാബാദിലെ തിരക്കേറിയ പഞ്ജരപോൾ ജംഗ്ഷനിലെ ഒരു മേൽപ്പാലം, നഗരത്തിലെ ദാനി ലിംഡ ഏരിയയിലെ ചന്ദോള തടാകത്തിന്റെ സൗന്ദര്യവൽക്കരണം എന്നിവ ഈ പരിപാടിയിൽ ഷാ ആരംഭിച്ച പ്രധാന പദ്ധതികളിൽ ചിലതാണ്.
ചടങ്ങിനിടെ ബിജെപിയുടെ പ്രവർത്തന പദ്ധതികളെക്കുറിച്ചും അമിത് ഷാ വാചാലനായി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതും വൺ റാങ്ക് വൺ പെൻഷൻ (ഒആർഒപി) നടപ്പാക്കലും ഇതിന് ഉത്തമ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
മുൻ കോൺഗ്രസ് സർക്കാരുകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ഈ വികസന പ്രവർത്തനങ്ങളെല്ലാം സമയബന്ധിതമായി ബിജെപി പൂർത്തിയാക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഏറ്റെടുത്ത എല്ലാ പ്രോജക്റ്റുകളിലും 91 ശതമാനവും പൂർത്തിയായി. ഇതാണ് ബിജെപിയുടെ തൊഴിൽ സംസ്‌കാരം,” – ഷാ പറഞ്ഞു.
2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റപ്പോൾ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ 50 വർഷമോ അതിലധികമോ വർഷമായി പൂർത്തിയാകാത്ത നിരവധി പ്രവൃത്തികൾ ഉൾപ്പെടുത്തിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.
അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന ഞങ്ങളുടെ വാഗ്ദാനത്തിൽ പ്രതിപക്ഷം ഞങ്ങളെ കളിയാക്കി ചിരിച്ചു. എന്നാൽ ഇപ്പോൾ, ഈയിടെ പ്രാണപ്രതിഷ്ഠ നടത്തിയ ശേഷം പ്രധാനമന്ത്രി ആളുകൾക്കായി ക്ഷേത്രത്തിന്റെ വാതിൽ തുറന്നു കൊടുത്തുവെന്നും അമിത് ഷാ പറഞ്ഞു.
വൺ റാങ്ക് വൺ പെൻഷനായാലും ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതും നമ്മുടെ പ്രധാനമന്ത്രി തന്റെ ഭരണകാലത്ത് അസാധ്യമെന്ന് തോന്നുന്ന എല്ലാ ജോലികളും പൂർത്തിയാക്കിയെന്നും ഷാ പറഞ്ഞു.
ഇതിനു പുറമെ 80 കോടി പൗരന്മാർക്ക് സൗജന്യ റേഷൻ, പാവപ്പെട്ടവർക്ക് 12 കോടി ശൗചാലയങ്ങൾ, നാല് കോടി പൗരന്മാർക്ക് വീട്, 10 കോടി വീടുകൾക്ക് ഗ്യാസ് കണക്ഷൻ, 14 കോടി പൗരന്മാർക്ക് ടാപ്പ് വാട്ടർ കണക്ഷൻ എന്നിവയും മോദി സർക്കാരിന്റെ മറ്റ് പ്രധാന നേട്ടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ പ്രധാനമന്ത്രി രാജ്യത്തെ മുഴുവൻ സുരക്ഷിതവും സമൃദ്ധവുമാക്കി. എവിടെ പോയാലും മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് എനിക്ക് വ്യക്തമായി കാണാൻ കഴിയുമെന്ന് ഷാ ഉറപ്പിച്ചു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: