കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ആന്റോ ആന്റണി കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവന അത്രവേഗമൊന്നും കെട്ടടങ്ങാന്‍ പോകുന്നില്ല. കെട്ടടങ്ങാനും പാടില്ല. കാരണം അങ്ങേയറ്റം ദേശവിരുദ്ധമായ പരാമര്‍ശങ്ങളാണ് സിറ്റിങ് എംപിയായ ഈ നേതാവ് നടത്തിയിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണം ഭാരതം കൃത്രിമമായി സൃഷ്ടിച്ചതാണെന്നും, പാകിസ്ഥാന് ഇതില്‍ ഒരു പങ്കുമില്ലെന്നും, നാല്‍പ്പത്തിരണ്ട് സൈനികരെ ബലിനല്‍കിയാണ് 2019 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും മറ്റുമാണ് പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സമനില തെറ്റിയവനെപ്പോലെ ആന്റോ ആന്റണിയുടെ ജല്‍പ്പനങ്ങള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുള്ള പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുള്ളതാണ്. പാകിസ്ഥാന്റെ സൈനികവും സാമ്പത്തികവുമായ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയെ ഐക്യരാഷ്‌ട്രസഭ അന്താരാഷ്‌ട്ര ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തെ ഐക്യരാഷ്‌ട്രസഭയും അപലപിച്ചിട്ടുള്ളതാണ്. ഈ വസ്തുതകളൊക്കെ മറച്ചുപിടിച്ചാണ് തികച്ചും രാഷ്‌ട്രീയപ്രേരിതവും ദുരുപദിഷ്ടവുമായി, അടിസ്ഥാന രഹിതവും രാജ്യരക്ഷയെ ബാധിക്കുന്നതുമായ പരാമര്‍ശങ്ങള്‍ പാര്‍ലമെന്റഗം കൂടിയായ കോണ്‍ഗ്രസ്സ് നേതാവ് നടത്തിയിരിക്കുന്നത്. ദേശസ്‌നേഹം ഇല്ലാത്ത, രാജ്യത്തോട് കൂറില്ലാത്ത ഒരാള്‍ക്കു മാത്രമേ ഇങ്ങനെയൊക്കെ പറയാനാവൂ.
ഇസ്ലാമിക ഭീകരവാദ സംഘടനകള്‍ ഭാരതത്തിനെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ പാകിസ്ഥാന് പങ്കില്ലെന്ന് പറയുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയംതന്നെയാണ്. ‘കോണ്‍ഗ്രസ് കെ ഹാത്ത് പാകിസ്ഥാന്‍ കെ സാത്ത്’ എന്നൊരു ചൊല്ലുതന്നെ രൂപപ്പെട്ടിട്ടുണ്ടല്ലോ. കോണ്‍ഗ്രസ്സിന്റെ ‘കൈ’പാകിസ്ഥാനൊപ്പം എന്നര്‍ത്ഥം. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ പാക് സൈനികരും ഭീകരവാദികളും കാര്‍ഗിലില്‍ നുഴഞ്ഞുകയറിയപ്പോള്‍ പാകിസ്ഥാനൊപ്പം നില്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ധീരമായ പോരാട്ടത്തിലൂടെ ഭാരത സൈനികര്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വിജയിച്ചത് അംഗീകരിക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് തയ്യാറായതുമില്ല. കോണ്‍ഗ്രസ് ഭരണകാലത്ത് മുംബൈയില്‍ ഭീകരവാദികള്‍ ആക്രമണം നടത്തിയപ്പോഴും അത് ഹിന്ദുത്വ ശക്തികള്‍ സംഘടിപ്പിച്ചതാണെന്ന പ്രചാരണം എ.ആര്‍.ആന്തുലയുടെയും ദിഗ്‌വിജയ് സിങ്ങിന്റെയും മറ്റും നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുകയുണ്ടായി. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അല്‍ഖ്വയ്ദ ഭീകരര്‍ റാഞ്ചിയെടുത്ത വിമാനങ്ങള്‍ ഇടിച്ചിറക്കി ആക്രമിച്ചു തകര്‍ത്തപ്പോള്‍ അത് ഇസ്രായേലും ഹമാസും ആസൂത്രണം ചെയ്തതാണെന്ന പ്രചാരണം ലോകവ്യാപകമായി ഇസ്ലാമിക ശക്തികള്‍ നടത്തിയിരുന്നു. ഭാരതത്തില്‍ ഇസ്ലാമിക ഭീകരര്‍ ഒന്നിനുപുറകെ ഒന്നായി നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങളില്‍ പാകിസ്ഥാനെ വെള്ളപൂശിക്കൊണ്ടുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിയത്. ദല്‍ഹിയിലെ ബാട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ സുരക്ഷാ സൈനികരുടെ വെടിയേറ്റ് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയിലെ ഭീകരവാദികള്‍ മരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ദുഃഖം സഹിക്കവയ്യാതെ കരഞ്ഞതും ആരും മറന്നിട്ടുണ്ടാവില്ല.
പാകിസ്ഥാന്റെ പക്ഷം പിടിക്കുകയും, ഇതിനുവേണ്ടി വൈദേശിക ശക്തികളില്‍ നിന്ന് പണം കൈപ്പറ്റുകയും ചെയ്തതായി ആരോപണമുയര്‍ന്ന ചില മാധ്യമപ്രവര്‍ത്തകരാണ് പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് ആദ്യം തെറ്റിദ്ധാരണ പരത്തിയത്. ഇത് കോണ്‍ഗ്രസ്സും ആവേശത്തോടെ ഏറ്റെടുത്തു. ഭീകരവാദത്തെ അതിശക്തമായി നേരിടുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായിരുന്നു ഇത്. പിന്നീട് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പുറത്തുപോകേണ്ടിവന്ന സത്യപാല്‍ മാലിക് ഈ ആരോപണം ആവര്‍ത്തിച്ചു. കശ്മീരിലെ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട വന്‍അഴിമതിയില്‍ തനിക്കെതിരെ അന്വേഷണം വരുമെന്ന് കണ്ടപ്പോഴാണ് മാലിക് ഇങ്ങനെയൊരു അടവ് നയം പുറത്തെടുത്തത്. കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായിരുന്നു ഇത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മതതീവ്രവാദികളും ഭീകരവാദികളും നിയന്ത്രിക്കുന്ന മുസ്ലിം വോട്ട് ബാങ്കിന്റെ ആനുകൂല്യം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് എംപി ആന്റോ ആന്റണിയും മാലിക്കിന്റെയും മറ്റും ആരോപണം ആവര്‍ത്തിച്ചിരിക്കുന്നത്. വളരെ ബോധപൂര്‍വം തന്നെയാണ് ഇതെന്ന് വ്യക്തം. രാഷ്‌ട്രീയനേട്ടം ഉണ്ടാക്കിക്കഴിഞ്ഞാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു, താന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞു രക്ഷപ്പെടാം എന്നാവും കോണ്‍ഗ്രസ് നേതാവിന്റെ മനസ്സിലിരിപ്പ്. ഇത് അനുവദിക്കരുത്. ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കണം. ഭാരത സൈന്യത്തെയും അവരുടെ ത്യാഗങ്ങളെയും അധിക്ഷേപിക്കുകയും, അതുവഴി രാജ്യത്തെ അപമാനിക്കുകയും ചെയ്ത ഈ നേതാവിനെ അറസ്റ്റ് ചെയ്യണം. തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നല്‍കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: