തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഭാരത് റൈസിന് പകരക്കാരനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കെ റൈസ് തെലങ്കാനയില്‍ നിന്ന് കടമായി വാങ്ങുന്ന അരി ഉപയോഗിച്ച്. പൊതുതെരഞ്ഞെടുപ്പ് കഴിയുന്നതോടെ അരിവിതരണം നിലയ്‌ക്കുമെന്നും സൂചന. ജയ, മട്ട, കുറുവ അരികളാണ് വിതരണം ചെയ്യുന്നത്. കാര്‍ഡൊന്നിന് അഞ്ചുകിലോ അരിവീതമാണ് നല്‍കുന്നത്.
25 രൂപയ്‌ക്ക് ലഭിച്ചിരുന്നതാണ്. അതിപ്പോള്‍ 5 കിലോ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള അഞ്ചുകിലോ അരിയാണ് കെ റൈസ് എന്ന പേരില്‍ 29- 30 രൂപയ്‌ക്ക് വില്‍ക്കുന്നത്. അന്ന് സഞ്ചികളുമായി അരിവാങ്ങാന്‍ പോയിരുന്നവര്‍ക്ക് ഇന്ന് സഞ്ചിയിലാക്കിയ അരി ലഭിക്കുന്നുവെന്നു മാത്രം.
കെ റൈസ് എന്ന് പേരിട്ടെങ്കിലും അത് നല്‍കാനുള്ള കെ റൈസ് എന്ന ബ്രാന്‍ഡ് പതിച്ച കുറെ സഞ്ചികള്‍ മാത്രമാണ് കേരളത്തില്‍ നിര്‍മിക്കുന്നത്. അരി തെലുങ്കാനയില്‍ നിന്നാണ് എത്തുന്നത്.
സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തില്‍പ്പെട്ടിരിക്കുന്നതിനാല്‍ തെലങ്കാനയില്‍ നിന്ന് അരി കടംവാങ്ങുകയാണ്. നഷ്ടം സഹിച്ചാണ് കെ റൈസ് നല്‍കുന്നതെന്ന് ഭക്ഷ്യമന്ത്രി തന്നെ വ്യക്തമാക്കി കഴിഞ്ഞു.
എന്നാല്‍ ഭാരത് റൈസ് വിപണിയിലുള്ള നിലയ്‌ക്ക് തെരഞ്ഞെടുപ്പുവരെയെങ്കിലും എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ അവസ്ഥ. അരിയുടെ വില കുടിശിക വരുത്താതെ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തെലങ്കാനയില്‍ നിന്നുള്ള അരി എത്തിക്കല്‍ മുടങ്ങും. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും കെ റൈസ് മുടങ്ങാതെ നല്‍കാനാകുമോ എന്ന ആശങ്കയിലാണ് സര്‍ക്കാര്‍.
വലിയ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ക്ക് 40 ചാക്ക് ജയ അരിയും 15 ചാക്ക് മട്ട അരിയുമാണ് നല്‍കിയിട്ടുള്ളത്. രണ്ടു ദിവസത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോക്ക് എത്തിക്കുമെന്നാണ് ഔട്ട്‌ലെറ്റുകള്‍ക്ക് ലഭിച്ചിരിക്കുന്ന അറിയിപ്പ്.
എന്നാല്‍ മാസങ്ങളായി മുടങ്ങിയിരിക്കുന്ന 13 ഇന സബ്‌സിഡി ഉല്പന്നങ്ങളില്‍ പലതും ഇപ്പോഴും കിട്ടാനില്ലാത്തതിനാല്‍ അരിവിതരണം മുടങ്ങാനുള്ള സാധ്യത ഔട്ടലെറ്റ് അധികൃതരും തള്ളിക്കളയുന്നില്ല. നേരത്തെ മാസത്തില്‍ രണ്ടുതവണയായി 10 കിലോ അരിവീതം പ്രത്യേക ബ്രാന്റ് ആയി സഞ്ചികളില്‍ കെ റൈസ് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒട്ടുമിക്ക ഔട്ട്‌ലെറ്റുകളിലും ആവശ്യക്കാര്‍ വരുന്നതിനനുസരിച്ച് തൂക്കി നല്‍കുകയാണ്. പാക്കിങ് തൊഴിലാളികള്‍ക്ക് ശമ്പള കുടിശികയുള്ളതിനാല്‍ ജോലിക്ക് ആളെക്കിട്ടാത്തതാണ് ഔട്ട്‌ലെറ്റുകള്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: