‘ഇന്‍ഡി’ ഒരു ദേശീയ രാഷ്ട്രീയ മുന്നണിയാകുമോ എന്ന സംശയം തെരഞ്ഞെടുപ്പ് ഇന്നല്ലെങ്കില്‍ നാളെ പ്രഖ്യാപിക്കപ്പെടുമെന്നിരിക്കെയും നിലനില്‍ക്കുകയാണ്. സംശയിക്കാന്‍ കാരണം, രാഷ്ട്രീയത്തില്‍ കണക്കും കണക്കുകൂട്ടലും എപ്പോഴും തെറ്റാമെന്നതുകൊണ്ടാണ്. ഒന്നും ഒന്നും അവിടെ രണ്ടല്ല, ചിലപ്പോള്‍ വലിയ ഒന്നാകാം.
മുന്നണിയുടെ മര്യാദകള്‍, നിയമങ്ങള്‍, ധാരണകള്‍, വിട്ടുവീഴ്ചകള്‍, പൊതു ലക്ഷ്യങ്ങള്‍ ഒക്കെ പ്രധാനമാണ്. ആറ് പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും എന്‍ഡിഎ(ദേശീയ ജനാധിപത്യ സഖ്യം) എന്ന മുന്നണി ശക്തമായി നിലനില്ക്കുന്നതും അതിനിടയിലുണ്ടായ ഐക്യമുന്നണി(യുഎഫ്), ഐക്യ പുരോഗമന സഖ്യം(യുപിഎ), ഇടതു സഖ്യം(എല്‍എഫ്) തുടങ്ങിയവ അപ്രസക്തമായതും പുതിയ ഇന്‍ഡി (ഇന്ത്യന്‍ നാഷണല്‍ ഡവലപ്മെന്റല്‍ ഇന്‍ക്ലുസീവ് സഖ്യം) രൂപപ്പെടാന്‍ തുടങ്ങിയതും ഒക്കെ പരിശോധിക്കുമ്പോള്‍ ഇത് ബോദ്ധ്യപ്പെടും.
ഭാരതത്തിലെ രാഷ്ട്രീയ മുന്നണി പരീക്ഷണങ്ങള്‍ക്ക് ഏറെ പഴക്കമുണ്ട്. പ്രാദേശിക തലത്തില്‍ ഉണ്ടായ രാഷ്ട്രീയ സഖ്യങ്ങളും മുന്നണികളും ഏറെ. പഞ്ചായത്ത്-മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ മുതല്‍ അത്തരം കൂട്ടുമുന്നണികള്‍ ഉണ്ടായി. എന്നാല്‍ ദേശീയ തലത്തില്‍ ഒരു രാഷ്ട്രീയ ബദല്‍ മുന്നണി ഉണ്ടായതും വിജയകരമായതും 1977ലാണ്. 1977 മാര്‍ച്ച് 16 മുതല്‍ 21 വരെ നടന്ന ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരേ രൂപീകരിച്ച ബദല്‍ മുന്നണി ഭരിക്കാന്‍ ആറാം ലോക്സഭയിലേക്ക് ജനവിധി നേടി.
ജനതാ പാര്‍ട്ടി എന്ന മുന്നണിയായിരുന്നു അത്. 542 സീറ്റില്‍ 295 സീറ്റ് നേടി. ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നതില്‍ 23 സീറ്റ് അധികം. അങ്ങനെ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി. 54.9 ശതമാനം വോട്ടര്‍മാരുടെ പിന്തുണ കിട്ടി. 1951 മുതല്‍ തുടര്‍ച്ചയായി ഭരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിപക്ഷത്തായി. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി എന്നീ പേരുകള്‍ക്കു പിന്നാലേ പ്രധാനമന്ത്രിപ്പട്ടികയില് മൊറാര്‍ജി ദേശായി എന്ന പേരുവന്നു; കോണ്‍ഗ്രസിനു പകരം ജനതാ പാര്‍ട്ടിയും.
അതൊരു പുതിയ രാഷ്ട്രീയ ചരിത്രമായിരുന്നു; ഭാരതത്തില്‍ ഭരണഘടന മരവിപ്പിച്ചു നിര്‍ത്തി, അടിയന്തരാവസ്ഥ നിലനില്‍ക്കെ നടന്ന തെരഞ്ഞെടുപ്പായിരുന്നു. ഇന്ന് ചിലര്‍ സങ്കല്പ്പിച്ചു പറയുന്ന ‘ഫാസിസ’ത്തിനു പകരം യഥാര്‍ത്ഥ ഫാസിസം നിലനിന്ന കാലത്ത്, ജനാധിപത്യം ഇല്ലാതിരുന്ന കാലത്ത്, നടന്ന ‘ജനാധിപത്യ’ പ്രവര്‍ത്തനം. പ്രധാനമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് നേതാവായിരുന്ന ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ചത് തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞ്, 1977 മാര്‍ച്ച് 21 നായിരുന്നു.
ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയാണോ അടിയന്തരാവസ്ഥയെന്ന മാരകാവസ്ഥയിലേക്ക് ഇന്ദിരയെ നയിച്ച സ്വാതന്ത്ര്യസമര സേനാനിയും തലമുതിര്‍ന്ന രാഷ്ട്രീയ നേതാവുമായിരുന്ന രാജ് നാരായണനാണോ അദ്ദേഹത്തിനെ ഇന്ദിരയ്ക്കെതിരേ തിരിയാന്‍ പ്രേരിപ്പിച്ച ഇന്ദിരയുടെ അഴിമതി ഭരണമാണോ ഭാരതത്തിലെ ആ ദേശീയ രാഷ്ട്രീയ മുന്നണിക്ക് കാരണമായത്. ചിന്തിച്ചാല്‍ കൗതുകകരമാണത്.
ജനതാ പാര്‍ട്ടിയെന്ന ആ മുന്നണിയുടെ രൂപീകരണം പറയുമ്പോള്‍ അടിയന്തരാവസ്ഥയെക്കുറിച്ച് പറയണം. അതാവട്ടെ എത്ര പറഞ്ഞാലും തീരില്ല. എന്നാല്‍, മുന്നണി രാഷ്ട്രീയം പറയുന്നതിനിടെ അത് അപ്രസക്തവുമാണ്. എങ്കിലും ഇത്രമാത്രം പറയാം: അടിയന്തരാവസ്ഥ അതിഭീതിദമായ രീതിയില്‍, നമ്മുടെ ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ ഇല്ലാതാക്കി. സാമൂഹ്യ- രാഷ്ട്രീയ നേതാക്കളെ ജയിലിലടച്ചു, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഇല്ലാതാക്കി, തെരഞ്ഞെടുപ്പ് നീട്ടി, സമരങ്ങള്‍ നിരോധിച്ചു, പ്രകടനങ്ങള്‍ പറ്റില്ലെന്നായി, എല്ലാം സര്‍ക്കാര്‍ എന്ന പേരില്‍ ഒന്നോ രണ്ടോ വ്യക്തികളുടെ നിയന്ത്രണത്തിലായി, എതിര്‍ക്കുന്നവരെ മര്‍ദ്ദിച്ചു, ഭരണകൂടം കൊന്നുകളഞ്ഞാലും ചോദിക്കാനാളില്ലാതായി, നീതിന്യായ സംവിധാനങ്ങള്‍ പോലും കടിഞ്ഞാണിനും ചാട്ടവാറിനും വിധേയമായി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: