ന്യൂദല്‍ഹി: എന്‍സിപി പോസ്റ്ററുകളില്‍ ശരദ് പവാറില്ല, പവാറിന്റെ രാഷ്‌ട്രീയ ഗുരു യശ്വന്ത് റാവു ചവാനാണുള്ളതെന്ന് പാര്‍ട്ടി അധ്യക്ഷനും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍. ശരത് പവാറിന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരായ പരാതികള്‍ സുപ്രീംകോടതി വരെയെത്തിയതിനെത്തുടര്‍ന്നാണ് അജിത് നിലപാട് പ്രഖ്യാപിച്ചത്. ശരദ് പവാറിന്റെ പേരും ചിത്രങ്ങളും പാര്‍ട്ടി ആദ്യം ഉപയോഗിച്ചിരുന്നെങ്കിലും എതിര്‍പ്പിനെത്തുടര്‍ന്ന് അത് ഒഴിവാക്കിയെന്നും പകരം സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി യശ്വന്ത്‌റാവു ചവാന്റെ പേരും ചിത്രങ്ങളും ഉപയോഗിക്കാന്‍ തീരുമാനിച്ചുവെന്നും അജിത് പവാര്‍ വ്യക്തമാക്കി.
രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് ശരദ് പവാര്‍ വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയോട്(എന്‍സിപി) സുപ്രീം കോടതി വിശദീകരണം തേടിയതിന് പിന്നാലെയാണ് അജിതിന്റെ പ്രസ്താവന.
ശരദ് പവാറിന്റെ പേരോ ചിത്രങ്ങളോ ഉപയോഗിക്കില്ലെന്ന് നിരുപാധികമായ ഉറപ്പ് നല്‍കാന്‍ എന്‍സിപിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മഹാരാഷ്‌ട്രയില്‍ ബിജെപി-ശിവസേന സര്‍ക്കാരുമായി സഖ്യമുണ്ടാക്കിയതിന് ശേഷം തുടക്കത്തില്‍ എന്‍സിപി ശരദ് പവാറിന്റെ പേരും ചിത്രങ്ങളും ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് ബാരാമതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അജിത് പവാര്‍ പറഞ്ഞു.
‘എന്നാല്‍ ശരദ് പവാര്‍ തന്റെ ഫോട്ടോകളും പേരും ഉപയോഗിക്കുന്നതിനെ എതിര്‍ത്തതിന് ശേഷം ഞങ്ങള്‍ അത് നിര്‍ത്തി. ഞങ്ങളിപ്പോള്‍ മറാഠാ സംസ്‌കൃതിയുടെ നേതാവായ യശ്വന്ത്‌റാവു ചവാന്റെ ചിത്രങ്ങളുമായി ജനങ്ങളിലേക്ക് എത്തും, അജിത് പവാര്‍ പറഞ്ഞു.
ശരദ് പവാര്‍ സ്ഥാപിച്ച എന്‍സിപി പിളര്‍ന്നാണ് അജിത് പവാറും കൂട്ടരും ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സര്‍ക്കാരില്‍ ചേര്‍ന്നത്. പിന്നീട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് എന്‍സിപി എന്ന പേരും ചിഹ്നമായി ക്ലോക്കും അനുവദിച്ചു.
ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ഇപ്പോള്‍ എന്‍സിപി (ശരദ്ചന്ദ്ര പവാര്‍) എന്നാണ് പേര്. കാഹളമൂതുന്ന മനുഷ്യനാണ് ചിഹ്നം. യശ്വന്ത്‌റാവു ചവാനെ തന്റെ രാഷ്‌ട്രീയഗുരുവായാണ് ശരദ് പവാര്‍ കണക്കാക്കുന്നത്. മഹാരാഷ്‌ട്രയുടെ ആദ്യ മുഖ്യമന്ത്രി, രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായും ഉപപ്രധാനമന്ത്രി തുടങ്ങിയ പദവികളിലും ചവാന്‍ പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: