തിരുവനന്തപുരം: തിരുവനന്തപുരത്ത് 10 അടല്‍ ടിങ്കറിങ് ലാബുകള്‍ സ്ഥാപിക്കുമെന്നു കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ 6 സ്കൂളുകള്‍ പദ്ധതിക്കായി മുന്നോട്ടുവന്നു.
നിംസ് മെഡിസിറ്റിയിലെ വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയ പരിപാടിക്കിടെ, സ്കൂള്‍തലത്തില്‍ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടിയായി, നഗരത്തിനുള്ളിലെ 10 സ്കൂളുകളില്‍ തുടക്കമെന്ന നിലയില്‍ അടല്‍ ടിങ്കറിങ് ലാബ് (എടിഎല്‍) സ്ഥാപിക്കുമെന്നു കേന്ദ്രസഹമന്ത്രി പ്രഖ്യാപിച്ചു. ‘തിരുവനന്തപുരത്തെ വിദ്യാര്‍ഥികളെ അതിവേഗം വികസിക്കുന്ന ഭാവിയിലേക്കു സജ്ജരാക്കുകയും സ്കൂള്‍തലത്തില്‍ ജിജ്ഞാസയുടെയും നവീകരണത്തിന്റെയും മനോഭാവം വളര്‍ത്തുന്നതിനുമുള്ള തങ്ങളുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ സംരംഭം’ സഹമന്ത്രി പറഞ്ഞു. കൂടാതെ, അടല്‍ നൂതനാശയ ദൗത്യവുമായി (എഐഎം) പൊതു സ്വകാര്യ പങ്കാളിത്തത്തിനു (പിപിപി) കീഴില്‍ സ്ഥാപിക്കുന്ന നാലുസ്കൂളുകള്‍കൂടി സമീപഭാവിയില്‍ എടിഎല്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നു.
ആറ്റുകാല്‍ ചിന്മയ വിദ്യാലയം, സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, അലന് ഫെല്‍ഡ്മാന്‍ പബ്ലിക് സ്കൂള്‍, വിക്ടറി വിഎച്ച്എസ്എസ് ഓലത്താന്നി, ജിഎച്ച്എസ്എസ് ബാലരാമപുരം, ശ്രീ ചിത്തിര തിരുനാള്‍ റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂള്‍ എന്നിവയാണ് എടിഎല്‍ സ്വീകരിക്കാന്‍ സജ്ജമാക്കിയ സ്കൂളുകള്‍. പഠനാന്തരീക്ഷത്തെ പിന്തുണയ്ക്കുന്നതിനായി അത്യാധുനിക ഉപകരണങ്ങള്‍ ഈ എടിഎലുകളില്‍ സജ്ജീകരിക്കും.
‘ലാബുകള്‍ ആശയങ്ങളുടെ ഉത്ഭവകേന്ദ്രമായി പ്രവര്‍ത്തിക്കും. നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും പര്യവേഷണത്തിനും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും സ്ഥലവും സജ്ജമാക്കും. ഈ സംരംഭത്തോടുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത നമ്മുടെ വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ പ്രായോഗികവും നൂതനവുമായ പഠനരീതികള്‍ സംയോജിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു’ മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരത്ത് അടല്‍ ടിങ്കറിങ് ലാബ് ഇല്ലാത്ത ഒരു പഞ്ചായത്തും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കു ശോഭനവും നൂതനവുമായ ഭാവി വളര്‍ത്തിയെടുക്കുന്നതിനുള്ള ഈ ആവേശകരമായ യാത്രയില്‍ ചേരാന്‍ ശേഷിക്കുന്ന സ്കൂളുകളെ ഈ സംരംഭം ക്ഷണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: