ന്യൂദല്‍ഹി: ദല്‍ഹി മെട്രോ നാലാംഘട്ട പദ്ധതിയുടെ ഭാഗമായി രണ്ട് പുതിയ ലൈനുകള്‍ക്ക് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ലജ്പത് നഗര്‍ മുതല്‍ സാകേത് ജി ബ്ലോക്ക് വരെയും ഇന്ദര്‍ലോക് മുതല്‍ ഇന്ദ്രപ്രസ്ഥ വരെയുമുള്ള ലൈനുകള്‍ക്ക് അംഗീകാരം നല്‍കിയത്. രണ്ടര ലക്ഷം യാത്രക്കാര്‍ക്ക് പുതിയ ലൈനുകള്‍ പ്രയോജനപ്പെടും.
ഇന്ദര്‍ലോക് മുതല്‍ ഇന്ദ്രപ്രസ്ഥ വരെ 12.377 കിലോമീറ്ററും 10 സ്റ്റേഷനുകളും ലജ്പത് നഗര്‍ മുതല്‍ സാകേത് ജി ബ്ലോക്ക് വരെ 8.385 കിലോമീറ്ററും എട്ട് സ്റ്റേഷനുകളും ഉള്‍പ്പെടും. മൊത്തം പദ്ധതിച്ചെലവ് 8,399 കോടി രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍, ദല്‍ഹി സര്‍ക്കാര്‍, അന്താരാഷ്ട്ര ഫണ്ടിങ് ഏജന്‍സികള്‍ എന്നിവയില്‍ നിന്ന് സമാഹരിക്കും. ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (ഡിഎംആര്‍സി), ലേലത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളും ടെണ്ടര്‍ രേഖകള്‍ തയാറാക്കലും ആരംഭിച്ചിട്ടുണ്ട്. ദല്‍ഹി-എന്‍സിആറിലെ യാത്ര മെച്ചപ്പെടുത്തുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ദല്‍ഹി മെട്രോയുടെ വിപുലീകരണം.
നാലാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമായി ദല്‍ഹി മെട്രോ ഇതിനകം 65 കിലോമീറ്റര്‍ ശൃംഖല നിര്‍മിക്കുന്നുണ്ട്. ഈ പുതിയ ലൈനുകള്‍ 2026 മാര്‍ച്ചില്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കും. നിലവില്‍, 286 സ്റ്റേഷനുകള്‍ അടങ്ങുന്ന 391 കിലോമീറ്റര്‍ ശൃംഖലയാണ് ഡിഎംആര്‍സി പ്രവര്‍ത്തിപ്പിക്കുന്നത്. ദല്‍ഹി മെട്രോ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മെട്രോ ശൃംഖലകളില്‍ ഒന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: